ഇസ്ലാമാബാദ്- വിവാഹം നിയമം ലംഘിച്ചുവെന്നാരോപിച്ച് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യയ്ക്കും പാകിസ്ഥാന്‍ കോടതി ശനിയാഴ്ച ഏഴ് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. അഴിമതിക്കേസില്‍ ഖാനേയും ഭാര്യ ബുഷ്‌റ ബീബിയേയും ബുധനാഴ്ച 14 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മറ്റൊരു കേസില്‍ കൂടി ശിക്ഷ വിധിച്ചിരിക്കുന്നത്. ഫെബ്രുവരി എട്ടിന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, അഴിമതിക്കേസുകള്‍ കാരണം ഖാനെ ഇതിനകം തന്നെ അയോഗ്യനാക്കിയിട്ടുണ്ട്.
വിവഹ നിയമം ലംഘിച്ചുവെന്ന കേസില്‍ വിചാരണ അവസാനിച്ച് ഒരു ദിവസത്തിന് ശേഷമാണ് ജഡ്ജി ഖുദ് റത്തുല്ല വിധി പ്രഖ്യാപിച്ചതെന്ന് ദമ്പതികളുടെ അഭിഭാഷകന്‍ ഇന്‍തിസാര്‍ പഞ്ജുത പറഞ്ഞു. വിചാരണ രാഷ്ട്രീയ പ്രേരിതമാണെന്ന് ഖാനും കുടുംബവും വാദിക്കുന്നു.
സ്ത്രീ വീണ്ടും വിവാഹം കഴിക്കുന്നതിന് മൂന്ന് മാസം കാത്തിരിക്കണമെന്ന നിയമം ഖാനും ഭാര്യയും ലംഘിച്ചുവെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.
2022ല്‍ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം ഇമ്രാന്‍ ഖാന്റെ നാലാമത്തെ ശിക്ഷയാണിത്. ശിക്ഷകള്‍ ഒരേസമയം അനുഭവിച്ചാല്‍ മതി.
ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി വിധിയെ ശക്തമായി അപലപിച്ചു. ഇമ്രാന്‍ ഖാന്‍ അപ്പീല്‍ നല്‍കുമെന്ന് പാര്‍ട്ടി നേതാവ് ഗോഹര്‍ ഖാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇമ്രാന്‍ ഖാനും ബുഷ്‌റ ബീബിക്കുമെതിരെയുള്ള കള്ളക്കേസായിട്ടും അവര്‍ക്ക് കോടതി പരമാവധി തടവ് ശിക്ഷ വിധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
ഇമ്രാന്‍ ഖാന്റെ മൂന്നാമത്തെ ഭാര്യയായ ബുഷ്‌റ ബിബി മുമ്പ് വിവാഹിതയായിരുന്നു. 2017 ഓഗസ്റ്റിലായിരുന്നു തങ്ങളുടെ വിവാഹ മോചനമെന്ന് അവര്‍ പറയുന്നു.
എന്നാല്‍ വിവാഹ മോചനം നേടി മൂന്ന് മാസം തികയുന്നതിനു മുമ്പെ ഇമ്രാന്‍ ഖാനെ വിവാഹം ചെയ്തുവെന്നാണ് കേസ്. ബുഷ്‌റ ബീബിയെ തന്നില്‍നിന്ന് തട്ടിയെടുത്തുവെന്ന് നേരത്തെ അവരുടെ മുന്‍ ഭര്‍ത്താവ് ആരോപിച്ചിരുന്നു. മൂന്ന് മാസത്തെ കാത്തിരിപ്പ് കാലയളവ് ലംഘിച്ചുവെന്ന ആരോപണം ഇമ്രാന്‍ ഖാനും ഭാര്യയും ആവര്‍ത്തിച്ച് നിഷേധിച്ചു. ദമ്പതികള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്.
ഇമ്രാന്‍ ഖാന്‍ നിലവില്‍ റാവല്‍പിണ്ടിയിലെ ഗാരിസണ്‍ സിറ്റിയിലെ അഡിയാല ജയിലില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. 2023 മെയ് മാസത്തില്‍ അറസ്റ്റിലായതിന് ശേഷം ആളുകളെ അക്രമത്തിന് പ്രേരിപ്പിച്ചതുള്‍പ്പെടെ 150ലധികം കേസുകള്‍ അദ്ദേഹത്തിനെതിരെയുണ്ട്. മെയ് മാസത്തില്‍ രാജ്യവ്യാപകമായ പ്രക്ഷോഭത്തിനിടെ ഖാന്റെ അനുയായികള്‍ റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനം ആക്രമിക്കുകയും കിഴക്കന്‍ പഞ്ചാബ് പ്രവിശ്യയിലെ മിയാന്‍വാലിയിലെ വ്യോമതാവളം ആക്രമിക്കുകയും ചെയ്തിരുന്നു. വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് സര്‍ക്കാര്‍ നടത്തുന്ന റേഡിയോ പാകിസ്ഥാന്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം കത്തിക്കുകയും ചെയ്തു.
അറബികളുടെ ഉശിരിന് പിന്നില്‍ കാവയും കാരക്കയുമൊന്നുമല്ല
ദഫ് മുട്ട് പഠിപ്പിക്കാന്‍ കൊണ്ടുപോയി പീഡനം; മദ്രസാധ്യപകന്‍ അറസ്റ്റില്‍