ആഗ്ര - താജ്മഹലിലെ ഉറൂസിനെതിരെ ഹരജിയുമായി ഹിന്ദു മഹാസഭ. താജ്മഹലിൽ ഉറൂസ് നടത്തരുതെന്നാവശ്യപ്പെട്ട് ആഗ്ര കോടതിയിലാണ് ഹിന്ദു മഹാസഭ ഹരജി നൽകിയത്.
ഈ വർഷത്തെ ഉറൂസ് ഫെബ്രുവരി ആറ് മുതൽ എട്ടു വരെ നടക്കാനിരിക്കെയാണ് ഹിന്ദുമഹാസഭ ഹരജിയുമായി രംഗത്തെത്തിയത്. മുഗൾ ചക്രവർത്തി ഷാജഹാന്റെ മരണവുമായി ബന്ധപ്പെട്ടാണ് പരിപാടികൾ നടക്കുന്നത്. ഉറൂസിന് താജ്മഹലിൽ സൗജന്യ പ്രവേശം അനുവദിക്കുന്നതിനെയും ഹിന്ദു മഹാസഭ ചോദ്യം ചെയ്തു. മുഗളന്മാരോ ബ്രിട്ടീഷുകാരോ താജ്മഹലിനുള്ളിൽ ഉറൂസ് നടത്താൻ അനുവദിച്ചിരുന്നില്ലെന്ന വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിലാണ് ഹരജി നൽകിയതെന്ന് ഹിന്ദു മഹാസഭ വക്താവ് സഞ്ജയ് ജാട്ട് പ്രതികരിച്ചു. ഈ വിഷയം ഹിന്ദു മഹാസഭ കുറേ നാളായി ഉയർത്തുന്നുണ്ടെങ്കിലും ഇക്കാര്യമുന്നയിച്ച് കോടതിയെ സമീപിക്കുന്നത് ഇതാദ്യമാണ്.
അതേസമയം, ഹരജി സ്വീകരിച്ച കോടതി മാർച്ച് നാലിന് വാദം കേൾക്കാനായി മാറ്റിവെച്ചു.