മമതയുമായി പ്രശ്‌നം തീര്‍ക്കാന്‍ സോണിയ, സീറ്റ് ചര്‍ച്ചയില്‍ ഇടപെടും

ന്യൂദല്‍ഹി- പശ്ചിമ ബംഗാളില്‍ ഇന്ത്യ മുന്നണിയുടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി നേരിട്ട് ഇടപെടാനൊരുങ്ങുന്നു. മമത ബാനര്‍ജി അടുത്തയാഴ്ച ദല്‍ഹിയിലെത്തുമ്പോള്‍ സോണിയ ഗാന്ധി കൂടിക്കാഴ്ചക്ക് അവസരം തേടുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി. പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് സീറ്റ് വിഭജനം പരിഹരിക്കാനാകാത്ത വിധം പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിനിടെയാണ്  സോണിയ ഗാന്ധിയെ ഇടപെടുവിച്ച് പരിഹാരത്തിന് എഐസിസി ശ്രമിക്കുന്നത്.
ഈ മാസം അഞ്ച്, ആറ് തീയതികളില്‍ മമത ദല്‍ഹിയിലുണ്ടാകുമെന്നും സോണിയ ഗാന്ധിയും മമത ബാനര്‍ജിയും തമ്മിലുള്ള വ്യക്തി ബന്ധത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ചര്‍ച്ചയെന്നുമാണ് കോണ്‍ഗ്രസ്സ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. അതേസമയം, ഇതുവരെ അത്തരമൊരു കൂടിക്കാഴ്ചയൊന്നും ക്രമീകരിച്ചിട്ടില്ലെന്നാണ് മമത ബാനര്‍ജി വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്സിനെതിരെ അതിരൂക്ഷ വിമര്‍ശം മമത ബാനര്‍ജി ഉയര്‍ത്തിയിരുന്നു. ലോകസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നാല്‍പ്പത് സീറ്റുപോലും ലഭിക്കില്ലെന്നാണ് മമത പറഞ്ഞത്. കോണ്‍ഗ്രസ് രാജ്യത്താകെയുള്ള 300 സീറ്റുകളില്‍ മത്സരിക്കാന്‍ പോകുന്നുവെന്നതിനോട് പ്രതികരിച്ചായിരുന്നു മമതയുടെ പ്രതികരണം. കോണ്‍ഗ്രസ് ബംഗാള്‍ ഘടകവും അടുത്തിടെ മമതക്കെതിരെ രൂക്ഷ വിമര്‍ശവുമായി രംഗത്തെത്തിയിരുന്നു. അതേസമയം, മമതയുടെ പ്രതികരണത്തോട് കരുതലോടെയാണ് എഐസിസി നേതൃത്വം പ്രതികരിച്ചത്. നടക്കാന്‍ പോകുന്നത് പ്രാദേശിക തിരഞ്ഞെടുപ്പല്ലെന്ന് തിരിച്ചറിയണമെന്നും ബി ജെ പിക്കെതിരായ പോരാട്ടമാണ് പ്രധാന അജണ്ടയെന്നും ജയറാം രമേശ് പറഞ്ഞു. മമത ബാന്‍ജി ഇന്ത്യ മുന്നണിയുടെ ഭാഗമാണെന്നാണ് തങ്ങള്‍ ഇപ്പോഴും അനുമാനിക്കുന്നത്. ബിജെപിക്കെതിരെ പോരാടുക എന്നതാണ് മുന്‍ഗണനെയന്നാണ് അവര്‍ തന്നെ അവകാശപ്പെടുന്നത്. അതിനാല്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കുന്നതാണ് നല്ലതെന്നാണ് തങ്ങള്‍ കരുതുന്നതെന്നും ജയറാം രമേശ് പറഞ്ഞു.
പട്‌നയിലും ബെംഗളുരിലും, മുംബൈയിലും നമ്മള്‍ ഒരുമിച്ചിരുന്നു. പക്ഷേ ഇപ്പോള്‍ എന്തോ സംഭവിച്ചതായി തോന്നുന്നു. ആദ്യം ശിവസേന മാറി നിന്നു. പിന്നീട് നിതീഷ് കുമാര്‍, ഇപ്പോള്‍ മമത ബാനര്‍ജിയും ഇതേ അഭിപ്രായ പ്രകടനം നടത്തുന്നു. ഇത് പ്രദേശിക തിരഞ്ഞെടുപ്പല്ലെന്ന് നമ്മള്‍ തിരിച്ചറിയണമെന്നും ജയറാം രമേശ് പറഞ്ഞു.

 

Latest News