Sorry, you need to enable JavaScript to visit this website.

കേന്ദ്ര അവഗണന: ദല്‍ഹിയില്‍ സമരത്തിന് കര്‍ണാടക, മമതയും ധര്‍ണ നടത്തി

ന്യൂദല്‍ഹി-  കേന്ദ്ര അവഗണനക്കെതിരെ സമരം പ്രഖ്യാപിച്ച കേരളത്തിന് സമാനമായ തീരുമാനങ്ങളുമായി മറ്റ് ബി ജെ പി ഇതര സര്‍ക്കാറുകളും. കേന്ദ്ര സര്‍ക്കാറില്‍ നിന്നുള്ള കുടിശ്ശിക വിട്ട് കിട്ടമമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കൊല്‍ക്കത്തയില്‍ ധര്‍ണ നടത്തി. കേരളത്തിന് സമാനമായി ദല്‍ഹിയില്‍ സമരം നടത്തുമെന്ന് കര്‍ണാടക സര്‍ക്കാരും പ്രഖ്യാപിച്ചു.  മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, പി എം അവാസ് യോജന എന്നീ പദ്ധതികളിലെ കുടിശ്ശിക ഉള്‍പ്പെടെയുള്ളവ ആവശ്യപ്പെട്ടാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സമരം നടത്തിയത്. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കഴിഞ്ഞ രണ്ട് വര്‍ഷമായി വേതനം കുടിശ്ശികയുണ്ടെന്ന് മമത ബാനര്‍ജി പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സമരം തുടരുമെന്നും മമത പറഞ്ഞു. തൃണമൂലിന് വിദ്യാര്‍ഥി, യുവജന, വനിത വിഭാഗങ്ങള്‍ സമരവുമായി രംഗത്തെത്തുമെന്നും മമത വ്യക്തമാക്കി.
അതിനിടെ, ഈ മാസം ഏഴിന് ദല്‍ഹിയില്‍ സമരം നടത്താനാണ് കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ എല്ലാ ഭരണകക്ഷി എംഎല്‍എമാരും സമരത്തില്‍ പങ്കെടുക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ അറിയിച്ചു. സംസ്ഥാനത്തെ 200ലധികം താലൂക്കുകള്‍ വരള്‍ച്ചാബാധിതമായി പ്രഖ്യാപിച്ചിട്ടും കേന്ദ്രം അനങ്ങിയില്ലെന്ന് ഡി കെ ശിവകുമാര്‍ പറഞ്ഞു. ഈ മാസം എട്ടിന് വ്യാഴ്‌ഴ്ചയാണ് കേരളം പ്രഖ്യാപിച്ച സമരം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ ജന്തര്‍ മന്ദിറില്‍ നടക്കുന്ന സമരത്തില്‍ പങ്കെടുക്കും. ഈ സമരത്തിലേക്ക് ഇന്ത്യാ മുന്നണിയിലെ മുഖ്യമന്ത്രിമാരെ സിപിഎം ക്ഷണിച്ചിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ് നയിക്കുന്ന പ്രതിപക്ഷം സമരത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. അതിനിടെയാണ് സമാന സമരവുമായി കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരും രംഗത്ത് വരുന്നത്.

 

Latest News