Sorry, you need to enable JavaScript to visit this website.

അമേരിക്കന്‍ വിദേശ മന്ത്രി ആന്റണി ബ്ലിങ്കന്‍ സൗദി അറേബ്യ സന്ദര്‍ശിക്കുന്നു

ജിദ്ദ - അമേരിക്കന്‍ വിദേശ മന്ത്രി ആന്റണി ബ്ലിങ്കന്‍ സൗദി അറേബ്യ അടക്കമുള്ള മേഖലാ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നു. ഒക്‌ടോബറില്‍ ഇസ്രായില്‍, ഹമാസ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട ശേഷം ബ്ലിങ്കന്‍ നടത്തുന്ന അഞ്ചാമത്തെ മേഖലാ പര്യടനമാണിത്. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ കൂടി ഇത്തവണത്തെ മേഖലാ പര്യടനത്തില്‍ ബ്ലിങ്കന്‍ മേഖലാ നേതാക്കളുമായി പങ്കുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്നു മുതല്‍ എട്ടാം തീയതി വരെ നീണ്ടുനില്‍ക്കുന്ന പര്യടനത്തിനിടെ സൗദി അറേബ്യ, ഈജിപ്ത്, ഖത്തര്‍, ഇസ്രായില്‍, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങള്‍ ബ്ലിങ്കന്‍ സന്ദര്‍ശിക്കും. ഹമാസ് പിടിച്ച മുഴുവന്‍ ബന്ദികളെയും വിട്ടയക്കല്‍ ഉറപ്പാക്കുന്ന കരാറില്‍ എത്തിച്ചേരാനും ഗാസയില്‍ സാധാരണക്കാര്‍ക്ക് സഹായങ്ങള്‍ എത്തിക്കാന്‍ സാധിക്കുംവിധം വെടിനിര്‍ത്തല്‍ ഇടവേള നടപ്പാക്കാനും വിദേശ മന്ത്രി നയതന്ത്ര ശ്രമങ്ങള്‍ തുടരുമെന്ന് അമേരിക്കന്‍ വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
സംഘര്‍ഷം കൂടുതല്‍ വ്യാപിക്കുന്നത് തടയാനും ബ്ലിങ്കന്‍ പ്രവര്‍ത്തിക്കും. സ്വന്തം പൗരന്മാരുടെ സുരക്ഷക്കും ചെങ്കടലില്‍ സ്വതന്ത്ര കപ്പല്‍ ഗതാഗതം ഉറപ്പാക്കാനും ഉചിതമായ നടപടികള്‍ സ്വീകരിക്കാനുള്ള അമേരിക്കയുടെ സന്നദ്ധത ബ്ലിങ്കന്‍ വ്യക്തമാക്കും. ഫലസ്തീനികള്‍ക്കും ഇസ്രായിലികള്‍ക്കും ഒരുപോലെ സ്ഥിരമായ സുരക്ഷ ഉറപ്പുനല്‍കുന്ന ഒരു സംയോജിതവും സമാധാനപരവുമായ പ്രദേശം സ്ഥാപിക്കുന്നതിനെ കുറിച്ച് പങ്കാളികളുമായുള്ള ചര്‍ച്ചകള്‍ അമേരിക്കന്‍ വിദേശ മന്ത്രി തുടരുമെന്നും പ്രസ്താവന പറഞ്ഞു. ജനുവരിയില്‍ നടത്തിയ പര്യടനത്തില്‍ സൗദി അറേബ്യ, തുര്‍ക്കി, ഗ്രീസ്, ജോര്‍ദാന്‍, ഖത്തര്‍, യു.എ.ഇ, ഇസ്രായില്‍, വെസ്റ്റ് ബാങ്ക്, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ബ്ലിങ്കന്‍ സന്ദര്‍ശിച്ചിരുന്നു.
സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനുമായി അമേരിക്കന്‍ വിദേശ മന്ത്രി കഴിഞ്ഞ ദിവസം ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയിരുന്നു. ഗാസയിലെ പുതിയ സംഭവവികാസങ്ങള്‍ അടക്കം മേഖലാ, ആഗോള പ്രശ്‌നങ്ങളും ഇവയുടെ സുരക്ഷാ, മാനുഷിക പ്രത്യാഘാതങ്ങള്‍ കൈകാര്യം ചെയ്യാന്‍ നടത്തുന്ന ശ്രമങ്ങളും ഇരുവരും വിശകലനം ചെയ്തു.
അതേസമയം, ഗാസയില്‍ ഒരു ലക്ഷം ആളുകള്‍ ഒന്നുകില്‍ കൊല്ലപ്പെടുകയോ, പരിക്കേല്‍ക്കുകയോ, കാണാതാവുകയോ, അല്ലെങ്കില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുകയോ ചെയ്തതായി ലോകാരോഗ്യ സംഘടന പറഞ്ഞു. ഗാസയിലെ ആശുപത്രികളില്‍ രോഗികളെയും പരിക്കേറ്റവരെയും വീണ്ടും സ്വീകരിക്കലും ആശുപത്രികള്‍ വീണ്ടും പ്രവര്‍ത്തന സജ്ജമാക്കലും ഇപ്പോഴും അങ്ങേയറ്റം ദുഷ്‌കരമായി തുടരുകയാണ്. സുരക്ഷാ ഉറപ്പുകളുടെയും മാനുഷിക ഇടനാഴികളുടെയും അഭാവം റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമാവുകയാണ്. ഇത് ഗാസയില്‍ ആരോഗ്യ സംവിധാനം പൂര്‍ണമായും തകരാന്‍ ഇടയാക്കും. ഗാസയില്‍ രജിസ്റ്റര്‍ ചെയ്ത മരണങ്ങള്‍ 27,000 ലേറെയായിട്ടുണ്ട്. ഇതില്‍ 60 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. 36 ആശുപത്രികളില്‍ 13 എണ്ണം മാത്രമാണ് ഭാഗികമായെങ്കിലും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഗുരുതരമായി പരിക്കേറ്റവരെയും ഗുരുതരാവസ്ഥയിലുള്ള രോഗികളെയും ചികിത്സക്കായി ഗാസക്ക് പുറത്തേക്ക് മാറ്റുന്നത് ഇപ്പോഴും പര്യാപ്തമായ രീതിയില്‍ നടക്കുന്നില്ല.
ഗാസയില്‍ രോഗങ്ങളുടെ അതിവേഗ വ്യാപനമാണുള്ളത്. 2,45,000 പേര്‍ക്ക് ന്യൂമോണിയ ബാധിച്ചിരിക്കുന്നു. 1,61,000 പേര്‍ക്ക് ഗുരുതരമായ അതിസാരവും പിടിപെട്ടിരിക്കുന്നു. 44,000 പേര്‍ക്ക് ത്വക് രോഗവും 6,000 ലേറെ പേര്‍ക്ക് ചിക്കന്‍പോക്‌സും ബാധിച്ചിരിക്കുന്നു. 70,000 ലേറെ പേര്‍ക്ക് യുദ്ധത്തില്‍ പരിക്കേറ്റിരിക്കുന്നു. രൂക്ഷമായ പോഷകാഹാരക്കുറവിന്റെയും ഭക്ഷ്യഅരക്ഷിതാവസ്ഥയുടെയും അഭൂതപൂര്‍വമായ വ്യാപനം കടുത്ത ആശങ്കയുണ്ടാക്കുന്നു. ഭക്ഷ്യസുരക്ഷയുടെ അന്താരാഷ്ട്ര വര്‍ഗീകരണം അനുസരിച്ച് ഗാസയില്‍ ആരും പട്ടിണിയില്‍ നിന്ന് സുരക്ഷിതരല്ല. ഗാസയില്‍ റിലീഫ് വസ്തുക്കള്‍ എത്തിക്കുന്നതിന് ബാധകമാക്കിയ നിയന്ത്രണങ്ങള്‍ എടുത്തു കളയണം. ഖാന്‍ യൂനിസില്‍ ആക്രമണം രൂക്ഷമായതോടെ ആളുകള്‍ റഫ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുകയാണ്. പട്ടിണിയുടെയും ബലഹീനതയുടെയും അവസ്ഥയിലാണ് ആളുകള്‍ കുടിയിറക്കപ്പെട്ട് പലായനം ചെയ്യുന്നതെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

 

Latest News