ബഗ്ദാദ്- ഇറാഖിലെ യു.എസ് ആക്രമണത്തില്‍ കുറഞ്ഞത് 16 പേര്‍ കൊല്ലപ്പെട്ടു, രാജ്യത്തെ പരമാധികാരത്തിനെതിരായ 'പുതിയ ആക്രമണത്തെ' ഇറാഖ് അപലപിച്ചു.
മരിച്ചവരില്‍ സാധാരണക്കാരും ഉള്‍പ്പെടുന്നു. സിവിലിയന്‍, സുരക്ഷാ മേഖലകളെ ലക്ഷ്യമിട്ടുള്ള ബോംബാക്രമണത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റതായി സര്‍ക്കാര്‍ വക്താവ് പറഞ്ഞു.
ഗാസക്കെതിരായ ഇസ്രായിലിന്റെ യുദ്ധത്തിനിടയില്‍ ജോര്‍ദാനില്‍ അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ട ആക്രമണത്തിന് മറുപടിയാണിത്. ഇറാഖിലെയും സിറിയയിലെയും ഇറാനുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങളില്‍ ആക്രമണം നടത്തിയതിന് ശേഷം കൂടുതല്‍ പ്രതികാര ആക്രമണങ്ങള്‍ നടത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി.
'ഈ ആക്രമണം ഇറാഖിന്റെ സുരക്ഷയെ വളരെയധികം ബാധിച്ചതായി ഇറാഖ് സര്‍ക്കാര്‍ പറഞ്ഞു. ബാഗ്ദാദുമായി ഏകോപിച്ചാണ് വ്യോമാക്രമണമെന്ന വാഷിംഗ്ടണിന്റെ അവകാശവാദങ്ങള്‍ തെറ്റും അന്താരാഷ്ട്ര പൊതുജനാഭിപ്രായം തെറ്റിദ്ധരിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതുമാണെന്ന് അവര്‍ പറഞ്ഞു. വാഷിംഗ്ടണ്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്ന് സിറിയ ആരോപിച്ചു.
ഇറാനുമായി ഒരു യുദ്ധം ആരംഭിക്കുകയല്ല, ഇറാനുമായി യോജിച്ച് നില്‍ക്കുന്ന ഗ്രൂപ്പുകളുടെ ആക്രമണം തടയുക എന്നതാണ് വാഷിംഗ്ടണ്‍ നടത്തുന്ന 'ബഹുതല' ആക്രമണങ്ങളുടെ ലക്ഷ്യം എന്ന് യു.എസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.