Sorry, you need to enable JavaScript to visit this website.

റബറിന് വില കൂട്ടി ക്രിസ്ത്യന്‍ വോട്ട് പിടിക്കാന്‍ പി.സി. ജോര്‍ജ്

കോഴിക്കോട് - റബറില്‍ അനുകൂല തീരുമാനം എടുപ്പിച്ച് അതുമായി ക്രിസ്ത്യന്‍ വോട്ടിലേക്ക്  ഇറങ്ങാന്‍ പി.സി. ജോര്‍ജ്.
ബി.ജെ.പി.യില്‍ ചേര്‍ന്ന ശേഷം ദല്‍ഹിയില്‍ തങ്ങി ഇതിനായി കരുക്കള്‍ നീക്കുകയാണ്.
ഇതിനിടയില്‍ ജോര്‍ജിന്റെയും മകന്റെയും വരവ്  സംഘടനാ രംഗത്ത് കുരിശാകുമെന്ന ആശങ്കയുണ്ട്.  സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനുമായി നല്ല ബന്ധം സൂക്ഷിക്കുന്ന ജോര്‍ജ് പക്ഷെ പാര്‍ട്ടിയിലേക്ക് കടക്കുന്നത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ഹിന്ദുപരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥനും വഴിയാണ്.
റബറില്‍ അനുകൂല തീരുമാനമുണ്ടായാല്‍ ബി.ജെ. പിക്ക് സീറ്റ് നല്‍കുമെന്ന് ക്രിസ്ത്യന്‍ പുരോഹിതന്‍ പ്രഖ്യാപിച്ചിരുന്നു.
റബറുമായി ബന്ധപ്പെട്ട് മെച്ചപ്പെട്ട ഒരു തീരുമാനം കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടാക്കിയെടുത്ത് കേരളത്തില്‍ മാസ് എന്‍ട്രി ക്കാണ് ജോര്‍ജിന്റെ നീക്കം.
അതേസമയം ബി.ജെ.പിയുടെ സംഘടനാ സംവിധാനത്തില്‍ ഇടപെടരുത് എന്ന നിര്‍ദേശം ജോര്‍ജിന് ദേശീയ നേതൃത്വം നല്‍കിയിട്ടുണ്ട്. തോന്നുംപോലെ പറയുകയും മലക്കം മറിയുകയും ചെയ്യുന്ന ജോര്‍ജിന്റെ ശീലം പാര്‍ട്ടിക്ക് ദോഷംചെയ്യുമെന്ന അഭിപ്രായം ബിജെപിയിലുണ്ട്. പാര്‍ട്ടിക്ക് കീഴൊതുങ്ങിപ്പോകാമെന്ന് സമ്മതിച്ചാണ് ജോര്‍ജ് ബി.ജെ.പിയുടെ ഭാഗമാകുന്നത്.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി.സിയുടെ മതേതര ജനപക്ഷം ബി.ജെ.പിക്ക് ഒപ്പമായിരുന്നു. അത് എന്‍.ഡി.എയെ കാര്യമായി സഹായിച്ചിട്ടില്ല. ജോര്‍ജ് ബി.ജെ.പിയുടെ ഭാഗമാകുകയും പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാവുകയും ചെയ്താല്‍ തൃശൂര്‍ മുതല്‍ തെക്കോട്ട് നേട്ടമുണ്ടാക്കാനാകുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ.
കേരള കോണ്‍ഗ്രസില്‍ ജോസഫിന്റെ കൂടെ ഇടതുമുന്നണിയില്‍ നില്‍ക്കുമ്പോള്‍ വി.എസ്. അച്യുതാനന്ദപക്ഷത്ത് നിലയുറപ്പിച്ച ജോര്‍ജ് ബദ്ധവൈരിയായ കെ.എം മാണിയുടെ ചേരിയിലേക്ക് മാറി യു.ഡി.എഫില്‍ ഗവണ്‍മെന്റ് ചീഫ് വിപ്പാകുകയും ചെയ്തതാണ്. അക്കാലത്ത് കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് മുന്നണിയില്‍ അസ്വസ്ഥത ഉണ്ടാക്കി. ജോസഫും മാണിയും യോജിച്ചപ്പോള്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കുകയും പൂഞ്ഞാറില്‍ പോപ്പുലര്‍ ഫ്രണ്ട് പിന്തുണയോടെ മത്സരിച്ച് ജയിക്കുകയും ചെയ്തു. പോപ്പുലര്‍ ഫ്രണ്ടിനെ പിന്തുണച്ച് സംസ്ഥാനത്തൊട്ടുക്കും പ്രസംഗിച്ച ജോര്‍ജ് വൈകാതെ സംഘ്പരിവാര്‍ പാളയത്തിലെത്തി മുസ്‌ലിം വിരുദ്ധ പ്രസ്താവനകള്‍ നടത്തി. അതില്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും അതേ വാദം ആവര്‍ത്തിച്ചു.
ഇടതുവലതു മുന്നണികളിലൊന്നില്‍ കയറിപ്പറ്റാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ മുസ്‌ലിംവിരുദ്ധ നിലപാട് ശക്തിപ്പെടുത്തുകയാണ് ജോര്‍ജ് ചെയ്തത്. ജോര്‍ജിനെ സ്വീകരിക്കണമെന്ന നിലപാടുള്ളവര്‍ ഇരുമുന്നണികളിലുമുണ്ടായെങ്കിലും മുസ്‌ലിംവിരുദ്ധ പ്രസ്താവനകളും എടുത്തുകഴിഞ്ഞാല്‍ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയും മറ്റും നടത്തുന്ന പൊല്ലാപ്പുകളും ചൂണ്ടിക്കാട്ടി ഇരുമുന്നണികളിലും പ്രതിരോധം ഉണ്ടായി.
ദല്‍ഹിയില്‍ ജോര്‍ജിനെ സ്വീകരിച്ച കേരളത്തിന്റെ ചുമതലയുള്ള ജാവേദ്കര്‍ ഇദ്ദേഹത്തെ കത്തോലിക്ക നേതാവ് എന്നാണ് വിശേഷിപ്പിച്ചത്. ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീകളുടെ ആരോപണത്തിലടക്കം എപ്പോഴും ക്രിസ്ത്യന്‍ സഭാനേതൃത്വത്തിന് ഒപ്പം നിന്ന ജോര്‍ജ് ഇതുവരെയില്ലാത്ത ഇളക്കം ക്രിസ്ത്യാനികളിലുണ്ടാക്കുമെന്നാണ് ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ പ്രതീക്ഷ.
കെ. സുരേന്ദ്രനുമായി നല്ല ബന്ധമില്ലാത്ത ഒരു പിടി നേതാക്കള്‍ ബി.ജെ.പിയിലുണ്ട്. ഇതുവരെ പാര്‍ട്ടിയിലെത്തിയ കണ്ണന്താനം മുതല്‍ അനില്‍ ആന്റണി വരെയുള്ളവര്‍ ബി.ജെ.പി നേതൃത്വത്തിന് വഴങ്ങിയാണ് നീങ്ങിയതെങ്കില്‍ ജോര്‍ജ് അങ്ങനെയാവുമോ എന്ന ഭയം കെ. സുരേന്ദ്രനടക്കമുള്ളവര്‍ക്കുണ്ട്. ജില്ലാ പഞ്ചായത്ത് അംഗമായ മകന്‍ ഷോണ്‍ ജോര്‍ജിന് പാര്‍ട്ടിയില്‍ ഒരു സ്ഥാനം ആവശ്യപ്പെടുന്നുണ്ട്. പുത്തന്‍കൂറ്റുകാര്‍ക്ക് വേണ്ടി സ്ഥാനത്യാഗം ചെയ്യേണ്ടിവരുന്നതില്‍ ഖിന്നരാണ് പഴയകാല നേതാക്കളും പ്രവര്‍ത്തകരും.

 

Latest News