കൊച്ചി - കുപ്രസിദ്ധ കേസുകള്‍ സ്വയം ഏറ്റെടുത്ത് വാദിക്കുന്ന പ്രമുഖ ക്രിമിനല്‍ അഭിഭാഷകന് അഡ്വക്കേറ്റ് ബി എ ആളൂരിനെതിരായ യുവതിയുടെ പീഡന പരാതിയില്‍ ആളൂരിന് താല്‍ക്കാലിക ആശ്വാസം. തിങ്കളാഴ്ച കേസ് പരിഗണിക്കുന്നത് വരെ ആളൂരിനെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. അഡ്വ. ബി എ ആളൂര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് നടപടി. നിയമസഹായം തേടിയെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. കേസില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്താത്തതിനാല്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുടെ ആവശ്യമില്ലെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. വക്കീല്‍ ഫീസ് ചോദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് യുവതിയുടെ പരാതിക്ക് പിന്നിലെന്നാണ് ആളൂര്‍ കോടതിയെ അറിയിച്ചത്.
ജനുവരി 31ന് അഡ്വ. ആളൂരിന്റെ കൊച്ചിയിലെ ഓഫീസില്‍ വെച്ച് ഉച്ചയ്ക്ക് ഒരു മണിയോടെ തന്റെ അനുവാദമില്ലാതെ ശരീരത്തില്‍ കടന്നുപടിച്ചെന്നാണ് അതിജീവിത നല്കിയ പരാതിയില്‍ പറയുന്നത്. കേസിന്റെ കാര്യം സംസാരിക്കാന്‍ ഓഫീസിന്റെ മുകളിലെ നിലയിലെ ക്യാബിനിലേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു സംഭവം. തന്റെ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ഫീസ് ആളൂര്‍ ചോദിച്ചിരുന്നു. അത്രയും പണം കൈയ്യിലില്ലെന്ന് പറഞ്ഞപ്പോള്‍ എന്റെ ഒട്ടുമിക്ക ക്ലൈന്റുകളും കോംപ്രമൈസ് ചെയ്യാറുണ്ട്. അങ്ങനെയാണെങ്കില്‍ കാശ് വാങ്ങിക്കാതെ ഞാന്‍ കേസ് വാദിക്കും എന്ന് പറഞ്ഞ് ആളൂര്‍ ശരീരത്തില്‍ കയറിപ്പിടിക്കുകയായിരുന്നുവെന്ന് അതിജീവിതയുടെ പരാതിയില്‍ പറയുന്നു.