പത്തനംതിട്ട- കോന്നിക്ക് കിഴക്ക് തണ്ണിത്തോട്ടില്‍ മൃഗവേട്ട നടത്തിയ സംഘത്തിലെ പ്രധാനി 'തണ്ണിത്തോട് വി.കെ പാറ രതീഷ് ഭവനില്‍ രതീഷ് (35 ) പിടിയിലായി. സ്‌ഫോടക വസ്തു ഭക്ഷിച്ച് മൂന്ന് കാട്ടാനകളും രണ്ട് മ്ലാവുകളും ചത്ത കേസിന്റെ അന്വേഷണത്തിനിടയിലാണ് രതീഷിന്നെ അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മൃഗങ്ങളെ കൊല്ലാനുള്ള സ്‌ഫോടക വസ്തുക്കളും മാംസവും കടത്തിയ വാഹനത്തെപ്പറ്റി സൂചന ലഭിച്ചത്.
മാംസം കടത്താനുപയോഗിച്ച കാര്‍ പത്തനംതിട്ട കരിമ്പനാകുഴിയിലെ നിന്ന് പിടിച്ചെടുത്തു. കേസില്‍ നേരത്തെ അറസ്റ്റിലായ തണ്ണിത്തോട് വി.കെ പാറ പുറമല പുത്തന്‍വീട്ടില്‍ മാത്തുക്കുട്ടിയുടെ മകന്‍ ലിജോയുടെ ഉടമസ്ഥതയിലുള്ള വാഗണര്‍ കാര്‍ കരിമ്പനാകുഴിയിലെ ഫഌറ്റിന് സമീപത്തുനിന്നുമാണ് കണ്ടെടുത്തത്. രതീഷിനെ രണ്ടാഴ്ചത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. തണ്ണിത്തോട് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ എസ്. റെജികുമാര്‍, റേഞ്ച് ഓഫീസര്‍ കെ.വി രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രതീഷിനെ പിടികൂടിയതും വാഹനം കസ്റ്റഡിയിലെടുത്തതും. കേസില്‍ രതീഷിന്റെ സഹോദരന്‍ ഹരീഷ്, സോമരാജന്‍ എന്നിവരെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. കോന്നി, തണ്ണിത്തോട് കേന്ദ്രീകരിച്ച് വന്‍തോതില്‍ നടക്കുന്ന മാംസക്കടത്തിലെ പ്രധാനികളാണ് അറസ്റ്റിലായത്.