ന്യൂദല്‍ഹി - വിദേശ രാജ്യങ്ങളില്‍ ജയലില്‍ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണം പതിനായിരത്തോളമെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ലോക്‌സഭയില്‍ അറിയിച്ചു. ഇ.ടി.മുഹമ്മദ് ബഷീര്‍ എംപിയുടെ ചോദ്യത്തിനാണ് വിദേശകാര്യ സഹമന്ത്രി കണക്കുകള്‍ വ്യക്തമാക്കിയത്. 9309 പേര്‍ വിവിധ ജയിലുകളില്‍ ശിക്ഷിക്കപ്പെട്ടും ശിക്ഷ കാത്തും കഴിയുന്നു. ഇതില്‍ വധശിക്ഷ കാത്ത് കിടക്കുന്നവര്‍ വരെയുണ്ട്. ഇത്തരത്തില്‍ ജയിലില്‍ കഴിയുന്നവര്‍ക്കാവശ്യമായ നിയമസഹായം നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ വിദേശകാര്യ മന്ത്രാലയം ഉറപ്പുവരുത്തുന്നുണ്ട്. ഇതിനായി നയതന്ത്ര ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
ജയിലില്‍ കിടക്കുന്നവര്‍ക്ക് നിയമ സഹായം ഉറപ്പു നല്‍കും. സൗജന്യമായാണ് ഈ സേവനം ഇന്ത്യന്‍ എംബസികള്‍ നല്‍കുന്നത്. ഇതിനായി പ്രവാസി ക്ഷേമ ഫണ്ട് (ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ട്) ഉപയോഗിക്കാനും കേന്ദ്രം അനുമതി നല്‍കിയതായും വി. മുരളീധരന്‍ അറിയിച്ചു. ജയിലില്‍ കഴിയുന്നവരെ നാടുകടത്തുകയാണെങ്കില്‍ ഇവരെ നാട്ടിലെത്തിക്കാനുള്ള ചിലവും കേന്ദ്രസര്‍ക്കാര്‍ തന്നെ വഹിക്കും.