Sorry, you need to enable JavaScript to visit this website.

ക്ഷേത്രങ്ങളിലെ 500 കിലോ സ്വര്‍ണം ബാങ്കിലേക്ക് മാറ്റുന്നു. ദേവസ്വം ബോര്‍ഡിന് പലിശയിനത്തില്‍ നേട്ടം

പത്തനംതിട്ട - തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഉപയോഗിക്കാത്ത 500 കിലോ സ്വര്‍ണ്ണം ബാങ്കുകളിലേക്ക് മാറ്റും. സ്വര്‍ണത്തിന്റെ വിപണിവിലയ്ക്ക് ആനുപാതികമായി രണ്ടര ശതമാനം പലിശ ലഭ്യമാവുന്ന റിസര്‍വ് ബാങ്കിന്റെ ഡിപ്പോസിറ്റ് സ്‌കീം നടപ്പാക്കാന്‍ ഹൈക്കോടതിയും അനുമതിനല്‍കി. എസ്. ബി ഐ. വഴിയുള്ള നിക്ഷേപപദ്ധതിക്കായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്  അന്തിമ  രൂപംനല്‍കാനായി ഈ മാസം 14 ന് യോഗം ചേരും. ഇപ്പോഴത്തെ സ്വര്‍ണ വിപണി വില പ്രകാരം 291.5 കോടി രൂപയുടെ മൂല്യം ബോര്‍ഡിന് ലഭിക്കും. ഇതനുസരിച്ച് രണ്ടര ശതമാനം പലിശ ലഭിക്കും. 7.28 കോടി രൂപാ വെറുതെയിരിക്കുന്ന സ്വര്‍ണത്തിന് വാര്‍ഷികപലിശയായി ലഭിക്കുന്നത് ദേവസ്വം ബോര്‍ഡിന് വലിയ നേട്ടമാവും.
ക്ഷേത്രങ്ങളില്‍ ആരാധനക്ക് ഉപയോഗിക്കാത്ത സ്വര്‍ണമാണ് മാറ്റുന്നത്.ഇതില്‍ ഏറെയും ശബരിമലയില്‍ കാണിക്കയായി ലഭിച്ചതാണ്. ആറന്‍മുള ക്ഷേത്രത്തിലെ സ്‌ട്രോംഗ് റൂമിലാണ് ഏറെ സ്വര്‍ണ ഉരുപ്പടികളും സൂക്ഷിച്ചിട്ടുള്ളത് . ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള1262 ക്ഷേത്രങ്ങളില്‍  ഉപയോഗിക്കാതെ നശിക്കുന്ന വിളക്കു കള്‍, വിവിധതരം പാത്രങ്ങള്‍ എന്നിവ ലേലം ചെയ്യാനും ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്.

 

 

Latest News