Sorry, you need to enable JavaScript to visit this website.

മലയാളം കസറും, ഇറ്റ്‌ഫോകില്‍ തിളങ്ങാന്‍ അഞ്ച് നാടകങ്ങള്‍

തൃശൂര്‍ -  ഇന്റര്‍നാഷണല്‍ തീയറ്റര്‍ ഫെസ്റ്റിവല്‍ ഓഫ് കേരള ഇറ്റ്‌ഫോക് 2024 ന്റെ അരങ്ങില്‍ വിസ്മയങ്ങള്‍ തീര്‍ക്കാന്‍ സമകാലിക പ്രമേങ്ങളുമായി മലയാള നാടകവേദി ഒരുങ്ങുന്നു.
ലിറ്റില്‍ ഏര്‍ത് സ്‌കൂള്‍ ഓഫ് തിയറ്ററിന്റെ 'അവാര്‍ഡ്', കോഗ്‌നിസന്‍സ് പപ്പറ്റ് തിയേറ്റര്‍ ഒരുക്കുന്ന 'പാപ്പിസോറ', നാട്യശാസ്ത്രയുടെ 'കോര്‍ണര്‍', ഓക്‌സിജന് തിയറ്റര് ഗ്രൂപ്പിന്റെ 'ഉബു റോയി', സ്‌കൂള്‍ ഓഫ് ഡ്രാമയിലെ 'ഞാനും പോട്ടെ ബാപ്പാ ഒല്‍മരം കാണുവാന്‍' എന്നിങ്ങനെ അഞ്ച് മലയാള നാടകങ്ങളാണ് ഇറ്റ്‌ഫോക്കില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.
ആദ്യ നാല് നാടകങ്ങള്‍ മലയാള നാടകങ്ങളുടെ പട്ടികയിലും അഞ്ചാമത്തെ നാടകം പ്രത്യേക വിഭാഗമെന്ന പട്ടികയിലുമാണ് ഇടം പിടിച്ചിട്ടുള്ളത്.
സമകാലിക ലോകം നേരിടുന്ന പ്രതിസന്ധികളെ വരച്ചിടുകയാണ് ഈ മികച്ച നാടകങ്ങളിലൂടെ.  'അവാര്‍ഡ്' ഒരു ആക്ഷേപഹാസ്യ നാടകമാണ്. തങ്ങളുടെ വിപണന ആവശ്യങ്ങള്‍ക്കായി സത്യത്തെ വളച്ചൊടിക്കാന്‍ ശ്രമിച്ച് യഥാര്‍ഥ്യ സത്യവും കെട്ടിച്ചമച്ച സത്യവും കണ്ടെത്തുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്ന ഈ കാലഘട്ടത്തില്‍, ഒരു യാഥാര്‍ത്ഥ്യത്തെ കെട്ടിച്ചമച്ചതിലേക്ക് കൈമാറാനാണ് നാടകം ശ്രമിക്കുന്നത്. എന്നാല്‍ പാവകളിയുടെ തിയറ്റര്‍ സാദ്ധ്യതകള്‍ ഉപയോഗിച്ച് കൊണ്ട് പാവകളിയും ആട്ടവും പാട്ടും പാചകവും അഭിനയവും ഒക്കെ ചേര്‍ന്ന രസക്കൂട്ടാണ് 'പാപ്പിസോറ'യില്‍ ഒരുക്കിയിട്ടുള്ളത്.
ലിംഗ സ്വത്വത്തിന്റെ സാമൂഹിക സ്വീകരണത്തെ സൂക്ഷ്മമായി പരിശോധിക്കുന്ന നാടകമാണ് 'കോര്‍ണര്‍'. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയുടെ അനുഭവങ്ങളിലൂടെയും സങ്കീര്‍ണതകളിലൂടെയും അനുവാചകരെ ഇത് കൊണ്ടുപോകുന്നു.
അധികാര മോഹികളായ കഥാപാത്രങ്ങളെയും ജനാധിപത്യത്തെ തകര്‍ത്ത് അധികാരം നേടാനുള്ള അവരുടെ അത്യാഗ്രഹത്തെയും കുറിച്ചാണ് 'ഉബു റോയി' എന്ന നാടകം സംവദിക്കുന്നത്.
ലക്ഷദ്വീപ് ദ്വീപുകളിലെ പാരമ്പര്യങ്ങളില്‍ നിന്നുള്ള കെട്ടുകഥകളും മിത്തും നിറഞ്ഞ ഒരു പുരാതന നാടോടി കഥാഗാനത്തിന്റെ നാടകീയ പുനര്‍രൂപകല്‍പ്പനയാണ് 'ഞാനും പോട്ടെ ബാപ്പാ ഒല്‍മരം കാണുവാന്‍' എന്ന നാടകം. മലയാള നാടകങ്ങള്‍ക്ക് പുറമെ എട്ട് വിദേശ നാടകങ്ങളും പത്ത് ഇന്ത്യന്‍ നാടകങ്ങളും മേളയില്‍ അരങ്ങേറും.

 

Latest News