കൊണ്ടോട്ടി - കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ചിറകരിയാനുള്ള നീക്കം കോണ്‍ഗ്രസ് ചെറുക്കുമെന്ന് എ.പി അനില്‍കുമാര്‍ എം.എല്‍.എ പറഞ്ഞു.
കരിപ്പൂര്‍ എയര്‍പോര്‍ട്ട് വഴിയുള്ള ഹജ് യാത്ര നിരക്ക് കുത്തനെ കൂട്ടിയതില്‍ പ്രതിഷേധിച്ചു ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാലിക്കറ്റ് എയര്‍പോര്‍ട്ടിലേക്ക് നടത്തിയ പ്രതിഷേധ നൈറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ എല്ലാ എയര്‍പോര്‍ട്ടുകളില്‍നിന്നും എയര്‍ ഡിസ്റ്റന്‍സ് തുല്യമായിരിക്കെ കരിപ്പൂരില്‍നിന്ന് മാത്രം ഹജ്ജിന് ഫെയര്‍ കൂടുതലാവുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.
ഹജ് തീര്‍ഥാടകരുടെ നിരക്ക് കുറക്കുന്നതിനു വേണ്ടി സബ്‌സിഡി നിരക്ക് അനുവദിച്ചുകൊണ്ടോ അല്ലെങ്കില്‍ വലിയ വിമാനങ്ങള്‍ അനുവദിച്ചു കൊണ്ടോ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കണമെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.
അകാരണമായ നിരക്ക് വര്‍ധനവ് പൂര്‍ണമായും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് ആയിരത്തോളം ആളുകള്‍ അണിനിരന്നത്.
എയര്‍പോര്‍ട്ട് ജംഗ്ഷനില്‍നിന്നു ആരംഭിച്ച നൈറ്റ് മാര്‍ച്ച് ന്യൂമാന്‍ ജങ്ഷനില്‍ പോലീസ് തടഞ്ഞു. ഡിസിസി പ്രസിഡന്റ് അഡ്വ വി.എസ് ജോയ് അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി സെക്രട്ടറിമാരായ കെ.പി അബ്ദുല്‍ മജീദ് വി ബാബുരാജ്, കെ.പി.സി.സി മെമ്പര്‍ എ.എം രോഹിത്,ഡി.സി.സി ഭാരവാഹികളായ പി.പി ഹംസ, ഹാരിസ് ബാബു ചാലിയാര്‍, ശശീന്ദ്രന്‍ മങ്കട, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ കബീര്‍ പുളിക്കല്‍, ഗഫൂര്‍ പള്ളിക്കല്‍, വീരേന്ദ്രകുമാര്‍, എ.കെ അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.