- കൊച്ചി ഇൻഫോപാർക്കിൽ നിർമാണം പൂർത്തിയായ ഐ.ബി.എസിന്റെ പുതിയ കാമ്പസ്
കൊച്ചി- സംസ്ഥാനത്ത് ഐ.ബി.എസ് സോഫ്റ്റ്വെയറിന്റെ പൂർണ ഉടമസ്ഥതയിലുള്ള രണ്ടാമത്തെ കാമ്പസ് കൊച്ചി ഇൻഫോപാർക്കിൽ ആരംഭിക്കും. അത്യാധുനിക സൗകര്യങ്ങളുള്ള ഈ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
സംസ്ഥാന സർക്കാരിന്റെ ഐ.ടികാര്യ ഉന്നതാധികാര സമിതി ചെയർമാനും ഇൻഫോസിസ് സഹസ്ഥാപകനുമായ എസ്.ഡി ഷിബുലാൽ, സംസ്ഥാന ഐ.ടി സെക്രട്ടറി ഡോ.രത്തൻ കേൽക്കർ, ഐ.ബി.എസ് സോഫ്റ്റ് വെയർ ഇൻഡിപെൻഡന്റ് ഡയറക്ടർ അർമിൻ മീർ, ബ്ലാക്ക്സ്റ്റോൺ സീനിയർ എം.ഡി ഗണേഷ് മണി തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും. ഇൻഫോ പാർക്ക് ആദ്യ ഫേസിലെ 4.2 ഏക്കറിൽ സ്ഥിതി ചെയ്യുന്ന 3.2 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടത്തിൽ 14 നിലകളാണുള്ളത്. 3000 പ്രൊഫഷണലുകൾക്ക് ഇവിടെ ജോലി ലഭിക്കും. 2005 മുതൽ ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന ഐബിഎസ് ഇതുവരെ ലീസ് ചെയ്ത ഓഫീസുകളിലാണ് പ്രവർത്തിച്ചു വന്നത്. കമ്പനിയുടെ ആദ്യ സ്വന്തം ഓഫീസ് കെട്ടിടം തിരുവനന്തപുരത്തെ ടെക്നോപാർക്കിലാണ് സ്ഥിതി ചെയ്യുന്നത്.
കോവിഡിനു ശേഷം ലോകമെമ്പാടും ട്രാവൽ വ്യവസായത്തിൽ സാങ്കേതിക വിദ്യയിലേക്കുള്ള പരിണാമം വളരെ പെട്ടെന്നായിരുന്നു. ഈ ഐടി സേവനങ്ങളുടെ സിംഹഭാഗവും ഐബിഎസ് വഴിയാതിനാൽ കൂടുതൽ ജീവനക്കാരെ ഉൾക്കൊള്ളുന്ന ഓഫീസ് ആവശ്യമായി വന്നു. വിപണിക്കാവശ്യമായ വിധത്തിൽ ആധുനികവും സൗകര്യപ്രദവുമായ തൊഴിലിടം അത്യന്താപേക്ഷിതമായി. കോവിഡാനന്തര ലോകത്തിലെ ഈ മാറ്റങ്ങളെ ഉൾക്കൊള്ളാൻ മികച്ച ഗവേഷണ വികസന സംവിധാനങ്ങളോടെ ഐബിഎസ് ഏറ്റവും മികച്ച സേവനമാണ് നൽകിക്കൊണ്ടിരിക്കുന്നത്. ഏവിയേഷൻ, ഹോസ്പിറ്റാലിറ്റി, ക്രൂസ് മേഖല എന്നിവിടങ്ങളിൽ ഗണ്യമായ വളർച്ചയാണ് ഐബിഎസ് കരസ്ഥമാക്കിയത്. 35 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഐബിഎസിൽ 42 വ്യത്യസ്ത പൗരത്വമുള്ള 5,000 ലധികം പ്രൊഫഷണലുകൾ ജോലി ചെയ്യുന്നു. ഇതിൽ 35 ശതമാനവും സ്ത്രീകളാണെന്ന് ഐബിഎസ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ വി കെ മാത്യൂസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഹോസ്പിറ്റാലിറ്റി മേഖലയിൽ കൂടുതൽ മികച്ച ഇടപെടൽ നടത്തുന്നതിന് അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന എബൗ പ്രോപർട്ടി സർവീസസ് എന്ന കമ്പനിയെ ഈ വർഷമാദ്യം ഐബിഎസ് ഏറ്റെടുത്തിരുന്നു. 750 കോടി രൂപയുടേതായിരുന്നു ഈ ഏറ്റെടുക്കൽ. സെൻട്രൽ റിസർവേഷൻ സിസ്റ്റം, പ്രോപർട്ടി മാനേജ്മന്റ് സിസ്റ്റം, റവന്യൂ മാനേജ്മെൻറ് സിസ്റ്റം എന്നിവയിലാണ് സേവനങ്ങൾ നൽകുന്നത്. ലോകത്തിലെ ഏറ്റവും വലുതും ആഡംബരപൂർണവുമായതുൾപ്പെടെ 36,000 ഹോട്ടലുകളും റിസോർട്ടുകളും ഇതോടെ ഐബിഎസിൻെറ സേവനമെത്തുന്നുണ്ട്. 26 വർഷത്തെ യാത്രയിൽ ഐബിഎസിൻെറ ഒമ്പതാമത് വാണിജ്യ ഏറ്റെടുക്കലാണിത്.
ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ക്രൂസ് ഷിപ്പ് കമ്പനിയായ റോയൽ കരീബിയനുമായി 2023 നവംബറിൽ ഐബിഎസ് കരാറിലേർപ്പെട്ടിരുന്നു. ആഗോള ക്രൂസ് വ്യവസായത്തിൽ 40 ശതമാനം ഐടി സേവന പങ്കാളിത്തത്തോടെ ഏറ്റവും മുൻനിരയിലാണ് ഐബിഎസ്. 2023 മേയിൽ യുകെയിലെ അപക്സ് പാർട്ണേഴ്സ് 3,800 കോടി രൂപയുടെ ഐബിഎസ് ഓഹരി കരസ്ഥമാക്കിയിരുന്നു.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അക്സഞ്ചറിന്റെ ഫ്രൈറ്റ് ആൻഡ് ലോജിസ്റ്റിക്സ് സോഫ്റ്റ് വെയർ ബിസിനസ് ഐബിഎസ് ഏറ്റെടുത്തിരുന്നു. ഇതോടെ ചെന്നൈയിൽ ഐബിഎസിൻെറ പ്രധാന പ്രവർത്തനകേന്ദ്രം ആരംഭിച്ചു. നിലവിൽ തിരുവനന്തപുരം, കൊച്ചി, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ ഐബിഎസിന് ഓഫീസുണ്ട്. വിദേശത്ത് അമേരിക്ക, കാനഡ, ബ്രസീൽ, യു കെ , ജർമ്മനി, യു.എ.ഇ, സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, ചൈന, ഓസ്ട്രേലിയ എന്നിവിടങ്ങളിലാണ് ഓഫീസുകളുള്ളത്.