തൃശൂര്‍- 'മണിപ്പൂരിന്റെ മനോഹരമായ ഭൂപ്രകൃതിയെയും സമ്പന്നമായ പാരമ്പര്യത്തെയും പ്രകീര്‍ത്തിച്ച് കവിതകള്‍ എഴുതിക്കൂടേ എന്ന് എന്നോടു ചോദിക്കുന്നവരോട് എനിക്കൊരു ഉത്തരമേയുള്ളൂ. അത് നെരൂദയുടെ ഈ വരികളാണ്: വരൂ, ഈ തെരുവുകളിലെ രക്തം കാണൂ,' മണിപ്പൂരി കവി റോബിന്‍ ങാങ്‌ഗോമിന്റെ വാക്കുകള്‍ നൊമ്പരത്തോടെയാണ് സര്‍വ്വദേശീയ സാഹിത്യോത്സവത്തില്‍ സദസ്സ് ഏറ്റുവാങ്ങിയത്. 'അരാജകത്വവും അഴിമതിയും അതിര്‍ത്തി കടന്നുള്ള ഭീകരതയും വംശീയസംഘര്‍ഷങ്ങളും എന്റെ സംസ്ഥാനത്തിലുണ്ട്. കലഹങ്ങള്‍ക്കിടയിലായിരുന്നു എന്റെ ബാല്യം. സ്ത്രീകളെ വിധവയാക്കാന്‍ ആയുധമെടുത്തയാളാണ് എന്റെ സുഹൃത്ത്. പാവപ്പെട്ടവരുടെ പാര്‍ശ്വവത്കരണവും അഴിമതിക്കാരായ സര്‍ക്കാരുദ്യോഗസ്ഥരുടെ നിസ്സംഗതയും എന്റെ നാട്ടില്‍ ഒരു യാഥാര്‍ത്ഥ്യമാണ്,' അദ്ദേഹം പറഞ്ഞു.
'മണിപ്പൂരി കവികള്‍ ദയയുടെ അടിയന്തിരാവശ്യത്തെയും, മാനവികതയെയും, മാനുഷികമൂല്യങ്ങളെ കൊല്ലുന്ന ബുദ്ധിശൂന്യമായ പ്രവൃത്തികളെക്കുറിച്ചുമാണ് എഴുതേണ്ടത്. പക്ഷേ ചില കവികള്‍ അസ്സംബന്ധ വിരോധാഭാസങ്ങളില്‍ അഭയം പ്രാപിക്കുന്നു. മായയില്‍ സ്വയം വിരാജിക്കുന്നു. കൊല്ലുന്ന വെടിയുണ്ടകളെ തിളങ്ങുന്ന പഴങ്ങളെന്ന് വിളിക്കുന്നു. ഭയം കാരണം പല കവികളും ഭ്രാന്തന്മാരായി മാറുന്നു. ചില കവികള്‍ നുണകളാല്‍ സമൂഹത്തെ പോഷിപ്പിക്കുന്നു. നാം ജീവിക്കുന്ന സ്ഥലത്തെ ഏറ്റവും മികച്ച സ്ഥലമാക്കി മാറ്റണം. രക്തച്ചൊരിച്ചിലിനോട് കവികള്‍ കണ്ണടയ്ക്കാന്‍ ശ്രമിച്ചാലും അവര്‍ക്കതു സാധിക്കില്ല,' റോബിന്‍ ങാങ്‌ഗോം പറഞ്ഞു.