ഇന്ത്യയിലാദ്യം ഏകീകൃത സിവില്‍ കോഡ് പാസ്സാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്

ഡെറാഡൂണ്‍- രാജ്യത്താദ്യമായി ഏകീകൃത സിവില്‍ കോഡ് പാസ്സാക്കാന്‍ ഉത്തരാഖണ്ഡ് തയ്യാറെടുക്കുന്നു. ഫെബ്രുവരി അഞ്ചു മുതല്‍ എട്ടുവരെ നടക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ഏകീകൃത സിവില്‍ കോഡ് പാസാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഏകീകൃത സിവില്‍ കോഡിന് കരട് തയ്യാറാക്കാന്‍ നിയോഗിച്ച സമിതി മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിക്ക് കരട് സമര്‍പ്പിച്ചു. മുഖ്യ സേവക് സദനില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് മുന്‍ സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള സമിതി ഏകീകൃത സിവില്‍ കോഡിന്റെ കരട് സമര്‍പ്പിച്ചത്. 

ബഹുഭാര്യത്വ നിരോധനം, തുല്യ അനന്തരാവകാശം, ലിവ്-ഇന്‍ റിലേഷന്‍ഷിപ്പുകളുടെ നിര്‍ബന്ധിത പ്രഖ്യാപനം തുടങ്ങിയവ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് കരടിലുള്ളത്. വിവാഹമോചനത്തിന് ഭര്‍ത്താവിന് ബാധകമായ അതേ കാരണങ്ങള്‍ ഭാര്യയ്ക്കും ബാധകമായിരിക്കും, ഭാര്യ ജീവിച്ചിരിക്കുന്നിടത്തോളം രണ്ടാം വിവാഹം സാധ്യമല്ല, അനന്തരാവകാശത്തില്‍ ആണ്‍കുട്ടികളെപ്പോലെ പെണ്‍കുട്ടികള്‍ക്കും തുല്യാവകാശം, ലിവ്-ഇന്‍ ബന്ധത്തിന്റെ സ്വയം പ്രഖ്യാപനം എന്നിവയുള്ള കരടില്‍ പട്ടികവര്‍ഗ്ഗക്കാര്‍ ഏകീകൃത സിവില്‍ കോഡിന്റെ പരിധിക്കു പുറത്തായിരിക്കുന്നത് തുടരുമെന്നും പറയുന്നു. 

കരടിന് ശനിയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കും. കരട് ഫെബ്രുവരി ആറിന് നിയമസഭയില്‍ ബില്ലായി അവതരിപ്പിക്കാനാണ് സാധ്യത.

Latest News