ന്യൂദല്‍ഹി- സമരത്തിന്റേയും പ്രതിഷേധത്തിന്റേയും പേരില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്ക് ഇനി മുതല്‍ സൂക്ഷിക്കാം. കേസില്‍ ഉള്‍പ്പെട്ടാല്‍ ജാമ്യം ലഭിക്കണമെങ്കില്‍ കര്‍ശനമായ വ്യവസ്ഥകളാണ് ദേശീയ നിയമ കമ്മീഷന്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്. ഇതില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കണം.
നശിപ്പിച്ച മുതലിന് തുല്യമായ തുക കെട്ടിവയ്ക്കണമെന്നാണ് നിയമ കമ്മീഷന്‍ ശിപാര്‍ശയില്‍ പറയുന്നത്. സുപ്രിം കോടതി നിര്‍ദേശത്തിന്റേയും വിവിധ ഹൈക്കോടതി വിധികളുടേയും പശ്ചാത്തലത്തിലാണ് നിയമകമ്മീഷന്‍ ശിപാര്‍ശ നല്‍കിയിരിക്കുന്നത്.
ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോ സംഘടനയോ ആഹ്വാനം ചെയ്യുന്ന പ്രതിഷേധത്തില്‍ പൊതുമുതല്‍ നശിപ്പിച്ചാല്‍ ഭാരവാഹികളെയും പ്രതികളാക്കും. കേസുകളില്‍ അറസ്റ്റിലാകുന്നവര്‍ക്ക് ജാമ്യം ലഭിക്കുന്നതിനും കര്‍ശനനിര്‍ദ്ദേശങ്ങളാണ് ശിപാര്‍ശ ചെയ്തിരിക്കുന്നത്.
നശിപ്പിച്ച പൊതുമുതലിന് തുല്യമായ തുക കെട്ടിവെച്ചാല്‍ മാത്രമേ ജാമ്യം കിട്ടി പുറത്തിറങ്ങാനാവുകയുള്ളു. വില നിര്‍ണയിക്കാനാവാത്ത വസ്തുക്കളാണ് നശിപ്പിച്ചതെങ്കില്‍ കോടതിയാണ് തുക നിര്‍ദ്ദേശിക്കുക. ഇത് കെട്ടിവെക്കേണ്ടി വരും.