മാനന്തവാടി- നാടിനെ വിറപ്പിച്ച് നഗരത്തില്‍ കറങ്ങിയ കാട്ടാന തണ്ണീര്‍ കൊമ്പനെ മയക്കുവെടി വെച്ചു. ഒന്നര മണിക്കൂര്‍ നീണ്ട ശ്രമം നടത്തിയാണ് ദൗത്യസംഘം ആനക്കു നേരെ വെടിയുതിര്‍ത്തത്.
പിന്‍കാലിന് മുകളില്‍ മയക്കുവെടിയേറ്റ തണ്ണീര്‍ കൊമ്പന് മയങ്ങിത്തുടങ്ങിയതായി ദൗത്യ സംഘം അറിയിച്ചു. അനങ്ങാന്‍ കഴിയാതെ നിലയുറപ്പിച്ച കൊമ്പന് പൂര്‍ണമായി മയങ്ങിയാല്‍ മൂന്ന് കുങ്കിയാനകളും ചേര്‍ന്ന എലിഫന്റ് ആംബുലന്‍സിലേക്ക് കയറ്റും.
കര്‍ണാടക വനമേഖലയില്‍ നിന്നാണ് തണ്ണീര്‍ കൊമ്പന് മാനന്തവാടിയിലെത്തിയത്. കഴിഞ്ഞ മാസം ഹാസന് ഡിവിഷനില്‍ മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച ശേഷം കാട്ടില്‍ തിരികെ വിട്ട ആനയാണ് തണ്ണീര്‍ കൊമ്പന്.
കാപ്പിതോട്ടത്തില്‍ ഇറങ്ങി ഭീതി പരത്തുന്നതാണ് തണ്ണീര്‍ കൊമ്പന്റെ രീതി. എന്നാല്‍ ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ല.