Sorry, you need to enable JavaScript to visit this website.

സൗദി അറേബ്യയില്‍ പൊണ്ണത്തടി വര്‍ധിക്കുന്നു, ഏറ്റവും കൂടുതല്‍ ഹായിലില്‍

പൊണ്ണത്തടിയെയും ഇതുമായി ബന്ധപ്പെട്ട ചികിത്സാ രീതികളെയും കുറിച്ച് അല്‍കോബാറില്‍ ഡോക്‌ടേഴ്‌സ് ഓഫീസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഡോ. വലീദ് അല്‍ബകറും ഡോ. അഹ്മദ് അല്‍ഖര്‍സഇയും പ്രസംഗിക്കുന്നു.

ദമാം - സൗദി അറേബ്യയില്‍ പൊണ്ണത്തടി ബാധിച്ചവരുടെ അനുപാതം ഉയരുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നതായി ഡയബറ്റിക്‌സ് ആന്റ് എന്‍ഡോക്രൈനോളജി കണ്‍സള്‍ട്ടന്റ് ഡോ. വലീദ് അല്‍ബകര്‍ പറഞ്ഞു. അല്‍കോബാറില്‍ ഡോക്‌ടേഴ്‌സ് ഓഫീസില്‍ നടത്തിയ പ്രഭാഷണത്തിലാണ് സൗദിയിലെ അമിതവണ്ണക്കാരുമായി ബന്ധപ്പെട്ട കണക്കുകള്‍ ഡോ. വലീദ് അല്‍ബകര്‍ വെളിപ്പെടുത്തിയത്. അറബ് ലോകത്ത് പൊണ്ണത്തടിയന്മാരുടെ അനുപാതം ഏറ്റവും കൂടിയ മൂന്നാമത്തെ രാജ്യമാണ് സൗദി അറേബ്യ. സൗദി ജനസംഖ്യയില്‍ 15 ഉം അതില്‍ കൂടുതലും പ്രായമുള്ളവരില്‍ 28.7 ശതമാനം പേര്‍ അമിത വണ്ണം ബാധിച്ചവരാണ്. അറബ് ലോകത്ത് പൊണ്ണത്തടിയന്മാരുടെ അനുപാതത്തില്‍ ഒന്നാം സ്ഥാനത്ത് കുവൈത്തും രണ്ടാം സ്ഥാനത്ത് ഖത്തറുമാണ്.
സൗദിയില്‍ പൊണ്ണത്തടി അനുപാതം ഏറ്റവും കൂടുതല്‍ ഹായിലിലാണ്. ഹായില്‍ ജനസംഖ്യയില്‍ 33.9 ശതമാനം പേര്‍ അമിതവണ്ണം ബാധിച്ചവരാണ്. രണ്ടാം സ്ഥാനത്തുള്ള കിഴക്കന്‍ പ്രവിശ്യയില്‍ 27.7 ശതമാനവും മൂന്നാം സ്ഥാനത്തുള്ള അല്‍ഖസീമില്‍ 26.5 ശതമാനവും നാലാം സ്ഥാനത്തുള്ള തബൂക്കില്‍ 25.2 ശതമാനവും അഞ്ചാം സ്ഥാനത്തുള്ള തായിഫില്‍ 23.9 ശതമാനവുമാണ് പൊണ്ണത്തടിക്കാരുടെ അനുപാതം. പ്രമേഹം, ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദം, സന്ധിവാതം, ക്യാന്‍സര്‍ എന്നിവയാണ് അമിതഭാരവും പൊണ്ണത്തടിയും മൂലമുമുണ്ടാകുന്ന ഏറ്റവും സാധാരണമായ രോഗങ്ങള്‍. ചലനക്കുറവ്, സന്ധിവേദന, കൂര്‍ക്കംവലി, രാത്രിയില്‍ ശ്വാസതടസ്സം, നടുവേദന, ഡിസ്‌ക് വേദന എന്നിവ പൊണ്ണത്തടിയുടെ പ്രതികൂല ഫലങ്ങളില്‍ പെടുന്നു. അമിതവണ്ണം പ്രത്യുല്‍പാദന ശേഷിയെയും ബാധിക്കുന്നു.
മനുഷ്യര്‍ക്ക് ആവശ്യമായ കലോറി അറിയുന്നതിന് ഓരോ ഉല്‍പന്നത്തിലെയും പോഷക വിവരങ്ങള്‍ അറിയേണ്ടത് പ്രധാനമാണ്. വാക്കിംഗ് ആപ്പുകള്‍ ഉപയോഗിച്ച് ദിവസേന ശരീരം അനങ്ങിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. ദിവസേന ചുരുങ്ങിയത് പതിനായിരം ചുവടുവെപ്പെങ്കിലും നടത്തണം. സ്‌കൂള്‍ കാന്റീനുകളില്‍ അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. ഇവ കഴിക്കുന്നതില്‍ നിരവധി പ്രശ്‌നങ്ങളുണ്ട്. കാന്റീനുകളില്‍ വിതരണം ചെയ്യാന്‍ കലോറി കുറഞ്ഞ ബദല്‍ ഭക്ഷണങ്ങള്‍ കണ്ടെത്തണം. സ്‌കൂളുകളില്‍ സ്‌പോര്‍ട്‌സ് ക്ലാസുകള്‍ കൂടുതല്‍ ഊര്‍ജിതമാക്കണം. ടൈംടേബിളില്‍ ദിവസേന സ്‌പോര്‍ട്‌സ് ക്ലാസുകള്‍ ഉള്‍പ്പെടുത്തണം. അതല്ലെങ്കില്‍ ആഴ്ചയില്‍ ചുരുങ്ങിയത് മൂന്നു ക്ലാസുകളെങ്കിലും ഉള്‍പ്പെടുത്തണം. ഓരോ ഭക്ഷണത്തിലെയും കലോറി എങ്ങിനെ മനസ്സിലാക്കാമെന്നും ശരീരത്തിന്റെ പോഷക ആവശ്യം എങ്ങിനെ കണക്കാക്കാമെന്നും വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിന് പ്രോഗ്രാം തയാറാക്കണമെന്നും ഡോ. വലീദ് അല്‍ബകര്‍ പറഞ്ഞു.
ഭക്ഷണക്രമവും വ്യായാമവും ശരീര ഭാരം കുറക്കുന്നതില്‍ പരാജയപ്പെടുമ്പോഴും അമിതവണ്ണം മൂലം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമ്പോഴുമാണ് പൊണ്ണത്തടിക്ക് ശസ്ത്രക്രിയ നടത്തുന്നതെന്ന് ലാപ്രോസ്‌കോപ്പിക്, പൊണ്ണത്തടി ശസ്ത്രക്രിയ കണ്‍സള്‍ട്ടന്റ് ഡോ. അഹ്മദ് അല്‍ഖര്‍സഇ പറഞ്ഞു. ശരീരഭാരം കുറക്കാനുള്ള ശസ്ത്രക്രിയകള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറക്കുകയാണ് ചെയ്യുന്നത്. കൊഴുപ്പും കലോറിയും ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവ് കുറക്കുന്ന മറ്റു നടപടിക്രമങ്ങളുമുണ്ട്. ബി.എം.ഐ 40 ശതമാനവും അതില്‍ കൂടുതലുമാകല്‍, ബി.എം.ഐ 35 മുതല്‍ 39.9 ശതമാനം വരെയാകലും അതോടൊപ്പം അമിതവണ്ണവുമായി ബന്ധപ്പെട്ട രോഗങ്ങളുണ്ടാകലും എന്നീ രണ്ടു സാഹചര്യങ്ങളില്‍ പൊണ്ണത്തടി ശസ്ത്രക്രിയ ഉചിതമായ ഓപ്ഷനാണെന്നും ഡോ. അഹ്മദ് അല്‍ഖര്‍സഇ പറഞ്ഞു.

 

Latest News