ന്യൂദല്‍ഹി- കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച തീര്‍ത്ഥാടന യാത്രയ്ക്കായി വെള്ളിയാഴ്ച പുറപ്പെടും. ശിവ ഭക്തനെന്ന് സ്വയം വിശേഷിപ്പിക്കുന്ന രാഹുലിന്റെ യാത്ര കൈലാസ് മാനന സരോവരത്തിലേക്കാണ്. കര്‍ണാടക തെരഞ്ഞെടുപ്പു കഴിഞ്ഞാലുടന്‍ തീര്‍ത്ഥാടനത്തിന് പോകുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും നീട്ടിവച്ചതായിരുന്നു. രണ്ടു ദിവസമായി കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളും ദുരിതബാധിതരേയും സന്ദര്‍ശിച്ച ശേഷം കോയമ്പത്തൂരിലേക്കാണ് രാഹുല്‍ തിരിക്കുക. വെള്ളിയാഴ്ച ചൈന വഴിയാണ് രാഹുല്‍ കൈലാസത്തിലേക്ക് പോകുക എന്നാണറിയുന്നത്. ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ തെരഞ്ഞെടുക്കുന്ന നേപ്പാള്‍ വഴിയല്ല അദ്ദേഹത്തിന്റെ യാത്ര.
47കാരനായ രാഹുലിന്റെ തീര്‍ത്ഥാടനം ഒരു നേര്‍ച്ചക്കടം കൂടിയാണ്. കര്‍ണാടക തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ദല്‍ഹിയില്‍ നിന്നും കര്‍ണാടകയിലേക്ക് വരുന്നതിനിടെ രാഹുല്‍ സഞ്ചരിച്ച ചെറുവിമാനത്തിന് സാങ്കേതിക തകരാര്‍ സംഭവിക്കുകയും തലനാരിഴയ്ക്ക് രക്ഷപ്പെടുകയും ചെയ്തിരുന്നു. എല്ലാം തീര്‍ന്നെന്നു തോന്നിച്ച സംഭവമായിരുന്നു ഇതെന്നും അപ്പോഴാണ് കൈലാസ യാത്ര നടത്തണമെന്ന് തീരുമാനിച്ചതെന്നും രാഹുല്‍ പാര്‍ട്ടി രണ്ടു മാസം മുമ്പ് ഒരു യോഗത്തിനിടെ പറഞ്ഞിരുന്നു.
എന്നാല്‍ പാര്‍ട്ടി അധ്യക്ഷനെന്ന നിലയിലുള്ള വലിയ തിരക്കുകള്‍ കാരണം ഈ യാത്ര നീണ്ടു പോകുകയായിരുന്നു. കഴിഞ്ഞയാഴ്ച യൂറോപ്യന്‍ പര്യടനത്തിലായിരുന്ന രാഹുല്‍ തിരിച്ചെത്തിയ ശേഷം പ്രളയ ദുരിതമുണ്ടായ കേരളത്തിലെത്തുകയായിരുന്നു. വരും മാസനങ്ങളില്‍ വിവിധ സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുകയാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനും ഇനി ഏതാനും മാസങ്ങളെ ഉള്ളൂ. തെരഞ്ഞെടുപ്പു തിരക്കുകളിലേക്ക് പ്രവേശിക്കും മുമ്പ് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കാനാണ് രാഹുലിന്റെ തീരുമാനം.