ന്യൂദൽഹി- മനുഷ്യാവകാശ പ്രവർത്തകരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് അറസ്റ്റ് ചെയ്ത് മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോകാനുള്ള സർക്കാറിന്റെ നീക്കത്തിന് സുപ്രീം കോടതിയിൽനിന്ന് കനത്ത തിരിച്ചടി. അറസ്റ്റിലായ അഞ്ചു പേരെയും മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോകരുതെന്നും അവരെ വീട്ടുതടങ്കലിൽ വെക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. അറസ്റ്റിലായവർക്ക് വേണ്ടി ഒരു പറ്റം അഭിഭാഷകർ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. കേസ് അടുത്ത വ്യാഴാഴ്ച്ച സുപ്രീം കോടതി വീണ്ടും പരിഗണിക്കും. അതുവരെ അറസ്റ്റിലായവരെ ജയിലിലേക്ക് മാറ്റരുതെന്നും വീട്ടുതടങ്കലിൽ വെക്കാമെന്നുമാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്.
എഫ്.ഐ.ആർ പോലുമില്ലാതെയാണ് കക്ഷികളെ അറസ്റ്റ് ചെയ്തതെന്നും ഹരജിക്കാർക്ക് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്‌വി വാദിച്ചു. ശക്തമായ തെളിവുണ്ടെന്നും വൻ ഗൂഢാലോചന നടത്തിയതിനാണ് അറസ്റ്റ് എന്നുമായിരുന്നു സർക്കാറിന്റെ വാദം.
അതിനിടെ ജനാധിപത്യത്തിൽ വിയോജിപ്പ് എന്നത് സേഫ്റ്റി വാൽവാണെന്നും അതില്ലെങ്കിൽ പ്രഷർ കുക്കർ പോലെ രാജ്യം പൊട്ടിത്തെറിക്കുമെന്നും ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് വാദത്തിനിടെ നിരീക്ഷിച്ചു. മാവോയിസ്റ്റ് ആശയവക്താവ് വരവരറാവു, അഭിഭാഷക സുധ ഭരദ്വാജ്, ആക്ടിവിസ്റ്റ് അരുൺ ഫെരേറിയ, ഗൗതം നവലാഖ, വെർണോൻ ഗോൺസാൽവസ് എന്നിവരെയാണ് ഇന്നലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് അറസ്റ്റ് ചെയ്തത്.