Sorry, you need to enable JavaScript to visit this website.

ഇന്ന്‌ ലോക തണ്ണീര്‍ത്തട ദിനം, കണ്ടലുകളെക്കുറിച്ച് കണ്ണൂരിന് പറയാനുള്ളത്                                                                                                                                                                                

ഇന്ന് ലോക തണ്ണീര്‍ത്തട ദിനമാണ്. കണ്ടലുകള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത ലോകം തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കണ്ണൂര്‍ ജിലക്ക് ഒരുപാട് പറയാനുണ്ട്. തണ്ണീര്‍ത്തടങ്ങളില്‍ കാണപ്പെടുന്ന പ്രത്യേക തരം ആവാസ വ്യവസ്ഥക്ക് നിദാനമാണ് കണ്ടല്‍ക്കാടുകള്‍. ഉപ്പുവെള്ളം കയറിയിറങ്ങുന്ന തീരപ്രദേശങ്ങളിലാണ് ഇവ വളരുന്നത്. ജലം ഒരു സ്‌പോഞ്ചില്‍ എന്നപോലെ താല്‍ക്കാലികമായി സംഭരിച്ചു വെക്കുവാനും വരള്‍ച്ചക്കാലത്ത് ആവശ്യാനുസരണം വിട്ടുകൊടുക്കുവാനും തണ്ണീര്‍ത്തടങ്ങള്‍ക്ക് സാധിക്കുന്നു. വെള്ളപ്പൊക്കത്തിന്റെ തീവ്രത കുറയ്ക്കാനും ഭൂഗര്‍ഭജലം റീചാര്‍ജ് ചെയ്യാനും കണ്ടല്‍ക്കാടുകള്‍ക്ക് കഴിവുണ്ട്. ജലചംക്രമണത്തിലൂടെ വെള്ളത്തെ ശുദ്ധീകരിക്കുന്നതിനാല്‍ കണ്ടല്‍ക്കാടുകള്‍ ഭൂമിയുടെ വൃക്ക എന്നും അറിയപ്പെടുന്നു. 
കേരള വന ഗവേഷണ സ്ഥാപനത്തിന്റെ റിപ്പോര്‍ട് പ്രകാരം  ഒരുകാലത്ത് കേരളത്തില്‍ 700 ചതുരശ്ര കിലോമീറ്റര്‍ കണ്ടല്‍ പ്രദേശങ്ങള്‍ ഉണ്ടായിരുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇന്നത് 17 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞു. അവശേഷിക്കുന്നതിലേറെയും കണ്ണൂരിലാണ്.                                                                       
അമേരിക്കന്‍ ശാസ്ത്രകാരനായ കോസ്റ്റാന്‍സ്‌കയും സഹകാരികളും 1997ല്‍ നടത്തിയ ആവാസവ്യവസ്ഥ സേവന മൂല്യനിര്‍ണയ രീതി അനുസരിച്ച് കണ്ണൂരിലെ കണ്ടല്‍ക്കാടുകളുടെ സേവന മൂല്യം നിര്‍ണയിക്കുവാന്‍ ഈ ലേഖകന് അവസരം ലഭിക്കുകയുണ്ടായി. അത് പ്രകാരം  ഒരു ഹെക്ടര്‍ കണ്ടല്‍ക്കാടുകള്‍ അടങ്ങുന്ന നീര്‍ത്തടത്തില്‍ നിന്നും ഒരു വര്‍ഷം ലഭിക്കുന്ന സേവനമൂര്യം 9,29,000 രൂപയാണെന്ന് കണക്കാക്കാന്‍ സാധിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിലവിലുള്ള 755 ഹെക്ടര്‍ കണ്ടല്‍ക്കാടുകളുടെ ആകെ സേവനമൂല്യം 70 കോടി 14 ലക്ഷത്തി നാല്പതിനായിരം രൂപയാണ്. കണ്ണൂര്‍ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കണ്ടല്‍ പ്രദേശങ്ങളില്‍ വിവിധ സര്‍വേകളും പരിശോധനകളും പഠനങ്ങളും നടത്തിയാണ് ഇത് കണ്ടെത്തിയിട്ടുള്ളത്.
കേരള ഫോറസ്റ്റ് ഡിപാര്ട്ട്‌മെണ്ടിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ മാങ്ഗ്രൂവ് മിഷന്‍ എന്ന പേരില്‍  റവന്യൂ ഭൂമിയും സ്വകാര്യഭൂമിയും തരംതിരിക്കുകയും സ്വകാര്യഭൂമി വിലക്കു വാങ്ങി സംരക്ഷിക്കുവാന്‍ ശ്രമിക്കുകയും ചെയ്തതും, പയ്യന്നൂരില്‍ ഡബ്ല്യു.ടി.ഐ കണ്ണൂര്‍ കണ്ടല്‍ പദ്ധതി ആരംഭിച്ചതും, പരിസ്ഥിതി സംഘടനയായ സീക്ക് കണ്ടല്‍ വിലക്ക് വാങ്ങി സംരക്ഷിക്കുന്നതും, ഓയിസ്‌ക എന്ന സംഘടന വളപട്ടണം പാലത്തിനു സമീപം ഏക്കറുകളോളം കണ്ടല്‍ വച്ചുപിടിപ്പിച്ചതും മാതൃകാപരമാണ്. 
കേരളത്തില്‍ 18 യഥാര്‍ഥ കണ്ടലുകളും 40ലധികം കണ്ടല്‍സഹകാരികളും കാണപ്പെടുന്നു. ഈ മേഖലയില്‍ കാണപ്പെടുന്ന 110 ഇനം പക്ഷികളില്‍ നാല്‍പതിലധികം ഇനങ്ങള്‍ ദേശാടനപ്പക്ഷികള്‍ ആണ്. വിവിധതരം മത്സ്യങ്ങള്‍, ആമകള്‍, ഞണ്ടുകള്‍, കക്കകള്‍, ചെമ്മീന്‍ എന്നിവയുടെ കലവറ കൂടിയാണ് കണ്ടല്‍ തടങ്ങള്‍. പലതരം മത്സ്യങ്ങളുടെയും ചില പക്ഷികളുടെയും പ്രജനന കേന്ദ്രം കൂടിയാണ് ഇവിടം. ഒരളവോളം മാലിന്യങ്ങളെ സ്വാംശീകരിക്കാനും വെള്ളത്തെ ശുദ്ധീകരിക്കാനും കണ്ടല്‍ക്കാടുകള്‍ക്ക് കഴിവുണ്ട്.
ലോകത്ത് ആകെ ഉണ്ടായിരുന്ന തണ്ണീര്‍ത്തടങ്ങളുടെ 35% കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ നശിച്ചു പോയിട്ടുണ്ട്. ഇതിന്റെ പരിണിതഫലമായി തീരപ്രദേശങ്ങളിലെ ജനങ്ങള്‍ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്. 
തണ്ണീര്‍ത്തടങ്ങളുടെ നാശത്തെക്കുറിച്ച് ആഗോളതലത്തില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത് 1971 ല്‍ ഇറാനിലെ രാംസാറില്‍ നടന്ന ആദ്യ അന്തരാഷ്ട്ര തണ്ണീര്‍ത്തട സമ്മേളനത്തോടെയാണ്. പ്രസ്തുത കണ്‍വെന്‍ഷനില്‍ വച്ച് തണ്ണീര്‍ത്തട സംരക്ഷണ ഉടമ്പടി ലോകരാഷ്ട്രങ്ങള്‍ അംഗീകരിച്ച തിയ്യതി ഫെബ്രുവരി 2 ആയതിനാലാണ് ദിനാചരണത്തിന്നായി ഈ ദിവസം തെരഞ്ഞെടുത്തത്. 1997 മുതലാണ് തണ്ണീര്‍ത്തട ദിനം ആചരിച്ചു തുടങ്ങിയത്. പിച്ചാവരത്തെയും വേളാങ്കണ്ണിയിലെയും കണ്ടല്‍ത്തടങ്ങളില്‍ നടത്തിയ പഠനത്തില്‍ കണ്ടല്‍ക്കാടുകള്‍ക്ക് സുനാമിയെ അതിശക്തമായി പ്രതിരോധിക്കാന്‍ കഴിവുള്ളതായി  കണ്ടിട്ടുണ്ട്. ഭക്ഷ്യ ശൃംഖലയുമായി  ബന്ധപ്പെട്ട ലോകത്തിലെ ഏറ്റവും ഉത്പാദനക്ഷമതയുള്ള മേഖലയാണ് തണ്ണീര്‍ത്തടങ്ങള്‍.
ഓരോ രാജ്യത്തെയും മികച്ച തണ്ണീര്‍ത്തടങ്ങളെ കണ്ടെത്തി പരിസ്ഥിതി മന്ത്രാലയത്തിന്റെ അപേക്ഷ പ്രകാരം രാംസര്‍ സമ്മേളന കാര്യാലയം അവയെ രാംസര്‍ സൈറ്റുകളായി  പ്രഖ്യാപിക്കുന്നു. ആഗോളതലത്തില്‍  25 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന  2400 രാംസാര്‍ സൈറ്റുകള്‍ നിലവിലുണ്ട്. ഇന്ത്യയില്‍ അത്തരത്തില്‍ 75 രാംസര്‍ സൈറ്റുകളും കേരളത്തില്‍ 3 രാംസാര്‍ സൈറ്റുകളുമാണുള്ളത്. തെക്കന്‍ കേരളത്തിലെ വേമ്പനാട്, അഷ്ടമുടി, ശാസ്താംകോട്ട എന്നീ തണ്ണീര്‍ത്തടങ്ങളാണ് കേരളത്തിലെ രാംസാര്‍ സൈറ്റുകള്‍. ഉത്തര കേരളത്തിലെ കാട്ടാമ്പള്ളി, കവ്വായി, കോട്ടൂളി എന്നീ തണ്ണീര്‍ത്തടങ്ങളും രാംസാര്‍ സൈറ്റുകള്‍ ആക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിവിധ രാഷ്ട്ര പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് ആഗോളതലത്തില്‍ നടത്തുന്ന സമ്മേളനമാണ് റാംസര്‍ സമ്മേളനം. ഇറാനിലെ രാംസാര്‍ എന്ന സ്ഥലത്തു നടന്നതിനാല്‍  പ്രസ്തുത സമ്മേളനം രാംസാര്‍ കണ്‍വെന്‍ഷന്‍ എന്നറിയപ്പെട്ടു. 
എന്താണ് തണ്ണീര്‍ത്തടം എന്നതിനെക്കുറിച്ച് രാംസാര്‍ കണ്‍വെന്‍ഷന്‍ നിര്‍വചിച്ചിട്ടുണ്ട്. ആറുമീറ്ററില്‍ അധികം ആഴമില്ലാത്ത താല്‍ക്കാലികമോ, സ്ഥിരമോ, മനുഷ്യനിര്‍മ്മിതിയോ ആയിട്ടുള്ള കെട്ടിനില്‍ക്കുന്നതോ, ഒഴുകുന്നതോ ആയ നീര്‍ പ്രദേശങ്ങളെയാണ് തണ്ണീര്‍ത്തടം എന്ന് വിളിക്കുന്നത്. 

 (കേരളാ സര്‍ക്കാരിന്റെ തീരസംരക്ഷണ ഉപദേശക സമിതി അംഗമാണ് തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ് പ്രിന്‍സിപ്പലായിരുന്ന ലേഖകന്‍. സ്വിറ്റ്‌സര്‍ലന്റിലെ വെറ്റ് ലാന്റ്‌സ് ഇന്റര്‍നാഷനലിന്റെ സയന്റിഫിക് ആന്റ് ടെക്‌നിക്കല്‍ റിവ്യൂ പാനല്‍ അംഗമാണ്. റുമാനിയയിലും ഇന്തോനേഷ്യയലും ദുബായിലും നടന്ന രാംസാര്‍ ഉച്ചകോടികളില്‍ പങ്കെടുത്തിട്ടുണ്ട്)
 

Latest News