കൊണ്ടോട്ടി - സംസ്ഥാന ഹജ് കമ്മിറ്റി മുഖാന്തരം ഈ വർഷത്തെ ഹജിന് തെരഞ്ഞെടുക്കപ്പെട്ടവർ അഡ്വാൻസ് തുകയും, പ്രോസസിംങ് ചാർജ്ജും ഉൾപ്പെടെ ആദ്യ ഗഡു തുകയായി ഒരാൾക്ക് 81,800രൂപ വീതംഓൺലൈനായോ അല്ലെങ്കിൽ ഹജ്ജ് കമ്മിറ്റി വെബ് സൈറ്റിൽ നിന്നും ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന പേ-ഇൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ ഫെബ്രുവരി 9-നകം അടക്കേണ്ടതാണ്. ഹജിന് ആകെ അടക്കേണ്ട സംഖ്യ വിമാന ചാർജ്, സ ഉദിയിലെ ചെലവ് തുടങ്ങിയവ കണക്കാക്കിയ ശേഷം കേന്ദ്ര ഹജ്ജ് കമ്മിറ്റി പിന്നീട് അറിയിക്കുതാണ്.
തെരഞ്ഞെടുക്കപ്പെട്ടവർ അഡ്വാൻസ് തുകയായ 81,800രൂപ അടച്ചതിൻ്റെ പേ-ഇൻ സ്ലിപ്പ്, ഒറിജിനൽ പാസ്സ്‌പോർട്ട്, പാസ്‌പോർട്ട് സൈസ് ഫോട്ടോ (വൈറ്റ് ബാക്ക്ഗ്രൗണ്ടുള്ളത് -ഫോട്ടോ പാസ്‌പോർട്ടിന്റെ പുറം ചട്ടയിൽ സെല്ലോടേപ്പ് ഉപയോഗിച്ച് ഒട്ടിക്കേണ്ടതാണ്), ഫോട്ടോ പതിച്ച മെഡിക്കൽ സ്‌ക്രീനിംങ് , ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് (സർട്ടിഫിക്കറ്റ് ഗവമെന്റ് അലോപ്പതി ഡോക്ടർ പരിശോധിച്ചതാകണം), ഹജ് അപേക്ഷാ ഫോം (അപേക്ഷകനും, നോമിനിയും അപേക്ഷയിൽ ഒപ്പിടണം), പാസ്‌പോർട്ടിന്റെ ആദ്യ പേജിന്റെയും, അവസാന പേജിന്റെയും കോപ്പി, അഡ്രസ്സ് പ്രൂഫ് (പാസ്‌പോർട്ടിലെ അഡ്രസ്സിന് വ്യത്യാസമുണ്ടെങ്കിൽ മാത്രം), കവർ ഹെഡിന്റെ ബാങ്ക് പാസ്ബുക്കിൻ്റെയോചെക്ക് ലീഫിന്റെയോ കോപ്പി ഫെബ്രുവരി 12-നുള്ളിൽ സംസ്ഥാന ഹജ് കമ്മിറ്റി ആസ്ഥാനമായ കരിപ്പൂരിലോ, കോഴിക്കോട് പുതിയറ റീജിയണൽ ഓഫീസിലോ സമർപ്പിക്കേണ്ടതാണ്. നിശ്ചിത സമയത്തിനകം പണവും അനുബന്ധ രേഖകളും സമർപ്പിക്കാത്തവരുടെ തെരഞ്ഞെടുപ്പ് റദ്ദാകുന്നതും അത്തരം സീറ്റുകളിലേക്ക് വെയ്റ്റിംഗ് ലിസ്റ്റിലുള്ളവരെ മുൻഗണനാക്രമത്തിൽ പരിഗണിക്കുന്നതുമാണ്.