Sorry, you need to enable JavaScript to visit this website.

ദൈവത്തിനു പകരം അംബേദ്കറിന്റെ ചിത്രമോ? റെയ്ഡിനെത്തിയ പോലീസ് പ്രൊഫസര്‍ സത്യനാരായണയോട് ചോദിച്ചത്

ഹൈദരാബാദ്- മഹാരാഷ്ട്രയിലെ ഭീമ കൊറഗാവ് സംഘര്‍ഷത്തിന്റേയും പ്രധാനമന്ത്രിയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടെന്നുമുള്ള ആരോപണങ്ങളുടെ പേരില്‍ കഴിഞ്ഞ ദിവസം വിവിധ സംസ്ഥാനങ്ങളില്‍ എഴുത്തുകാര്‍ക്കും അഭിഭാഷകര്‍ക്കും അധ്യാപകര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കുമെതിരെ ഉണ്ടായ അപ്രതീക്ഷിത പൊലീസ് നടപടിയില്‍ വ്യാപക പ്രതിഷേധം. ഒരു മുന്നറിയിപ്പുമില്ലാതെ കഴിഞ്ഞ ദിവസം പോലീസ് നടത്തിയ റെയ്ഡില്‍ തന്റെ അക്കാദമിക് ജീവിതം തന്നെ തകര്‍ന്നെന്ന് കേന്ദ്ര സര്‍വകലാശാലയായ ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജസ് യുണിവേഴ്‌സിറ്റി പ്രൊഫസര്‍ കെ സത്യനാരായണ പറയുന്നു. 'മുപ്പതു വര്‍ഷത്തെ എന്റെ അക്കാദമിക ജീവിതം വെറും അഞ്ചു മിനിട്ടു കൊണ്ട് തകര്‍ക്കപ്പെട്ടു. എന്തിനാണ് മാവോയേയും മാര്‍ക്‌സിനേയും വായിക്കുന്നത് എന്നാണ് അവര്‍ എന്നോട് ചോദിച്ചത്. എന്തിനാണ് ഗദ്ദറിന്റെ പാട്ടുശേഖരം സൂക്ഷിക്കുന്നു. ദൈവങ്ങളുടേയും ദേവികളുടേയും ചിത്രങ്ങള്‍ക്കു പകരം എന്തിനാണ് അംബേദ്കറിന്റേയും ഫുലെയുടേയും ചിത്രങ്ങള്‍ ചുമരില്‍ തൂക്കിയിരിക്കുന്നത്,' എന്നല്ലാമാണ് റെയ്ഡിനെത്തിയ പോലീസ് ചോദിച്ചതെന്ന് സത്യനാരായണ പറയുന്നു. 'കിട്ടുന്ന ശമ്പളം കൊണ്ട് സന്തോഷമായി ജിവിച്ചാല്‍ പോരെ? എന്തിനാണ് ബുദ്ധിജീവിയാകുന്നത്?' എന്നും അവര്‍ ചോദിച്ചതായി അദ്ദേഹം വിശദീകരിക്കുന്നു. 'ഞാന്‍ സന്തോഷവാനാണ് എനിക്ക് തുടര്‍ന്നും വായിക്കുകയും പഠിപ്പിക്കുകയും വേണം' സത്യനാരായണ പറഞ്ഞു.

തനിക്കെതിരായ  എന്തെങ്കിലും തെളിവുകളോ രേഖകളോ ഒന്നുമില്ലാതെയാണ് കഴിഞ്ഞ ദിവസം മഹാരാഷ്ട്ര, തെലങ്കാന പോലീസ് സംഘം വീട്ടിലെത്തി അപ്രതീക്ഷിത റെയ്ഡ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. കുടുംബ സമേതം വീട്ടിനുള്ളില്‍ ഒരു പകല്‍ മുഴുവന്‍ തടങ്കലിലാക്കി. സംഭവമറിഞ്ഞ് വീടിനു പരിസരത്തെത്തിയ സഹപ്രവര്‍ത്തകരോടും വിദ്യാര്‍ത്ഥികളോടും സംസാരിക്കാനും മറ്റാവശ്യങ്ങള്‍ക്കും പുറത്തിറങ്ങാന്‍ പോലും അദ്ദേഹത്തെ പോലീസ് അനുവദിച്ചില്ല. പലയിടത്തും പ്രമുഖരുടെ വീടുകളില്‍ റെയ്ഡും അറസ്റ്റുകളും നടക്കുന്നതിനിടെയാണ് സത്യനാരായണയുടെ വീട്ടിലും പോലീസെത്തിയത്.

ഇന്നലെ പോലീസ് അറസ്റ്റ് ചെയ്ത പ്രശസ്ത എഴുത്തുകാരന്‍ വരവര റാവുവിന്റെ മരുമകനാണെന്ന കാരത്തലാണാണ് സത്യനാരായണയുടെ വീട്ടിലും പോലീസ് റെയ്ഡ് നടത്തിയത്. അക്കാദമിക രംഗത്തെ തന്റെ 30 വര്‍ഷത്തെ ശ്രമങ്ങള്‍ എല്ലാം നശിപ്പിച്ചു. ലാപ്‌ടോപുകളും പെന്‍ഡ്രൈവുകളും അക്കാദമിക് പ്രസിദ്ധീകരണങ്ങളും തന്റെ വീട്ടില്‍ നിന്നും പോലീസ് പിടിച്ചെടുത്തു കൊണ്ടു പോയി എന്നും അദ്ദേഹം പറഞ്ഞു. 

ദളിത് ചിന്തകനും ഇഎഫ്എല്‍ യൂണിവേഴ്‌സിറ്റി സാംസ്്കാരിക പഠന വിഭാഗം തലവനും ഇന്റര്‍ ഡിസിപ്ലിനറി സ്റ്റഡീസ് ഡീനുമായ പ്രൊഫ. സത്യനാരായണയുടെ അറസ്റ്റിനെതിരെ വിദ്യാര്‍ത്ഥികളും അധ്യാപകരും അനധ്യാപക ജീവനക്കാരും പ്രതിഷേധിച്ചു. അനുമതിയില്ലാതെ ക്യാമ്പസില്‍ പ്രവേശിക്കുകുയും സത്യനാരായണയുടെ ക്യാമ്പസിലെ വീടില്‍ കയറുകയും ചെയ്ത പോലീസ് നടപടി നിയമവിരുദ്ധമാണെന്ന് അധ്യാപക സംഘടന ആരോപിച്ചു. ഈ നടപടിയെ യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷന്‍ അപലപിച്ചു. 

Latest News