ന്യൂദൽഹി- ഇന്ത്യയിൽ നിരോധിച്ച നോട്ടുകളിൽ 99.3 ശതമാനവും തിരിച്ചെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2016 നവംബറിൽ നിരോധിച്ച 500, 1000 നോട്ടുകളിൽ 99.3 ശതമാനവും തിരിച്ചെത്തി എന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കിലുള്ളത്. നവംബർ എട്ടിന് രാത്രി നിരോധിച്ച 15.41 ലക്ഷം കോടി രൂപയുടെ നോട്ടുകളിൽ 15.31 ലക്ഷം കോടിയുടെ നോട്ടുകളും തിരിച്ചെത്തി. തിരിച്ചെത്തിയ നോട്ടുകളെല്ലാം സൂക്ഷ്മപരിശോധനക്ക് വിധേയമാക്കിയതായും ലക്ഷ്യം കൈവരിച്ചതായും റിസർവ് ബാങ്ക് വ്യക്തമാക്കി. കറൻസി വെരിഫിക്കേഷൻ ആന്റ് പ്രോസസിംഗ് സിസ്റ്റത്തിലൂടെയാണ് നോട്ടുകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയാക്കിയതെന്നും ലക്ഷ്യം കൈവരിച്ചുവെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി. 500ന്റെയും ആയിരത്തിന്റെയും നോട്ടുകളായിരുന്നു നവംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി നിരോധിച്ചത്.