അംഗന്‍വാടിയിലെ തിളയ്ക്കുന്ന കറിപ്പാത്രത്തില്‍ വീണ ബാലിക മരിച്ചു

ഭോപാല്‍- മധ്യപ്രദേശിലെ ശാഹ്‌ദോള്‍ ജില്ലയിലെ ഒരു അംഗന്‍വാടിയില്‍ കുട്ടികള്‍ക്കായി പാചകം ചെയ്യുകയായിരുന്ന കറിപ്പാത്രത്തില്‍ വീണ അഞ്ചു വയസ്സുകാരി മരിച്ചു. തിളച്ച പരിപ്പു കറി സൂക്ഷിച്ച പാത്രത്തിലേക്ക് കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നു. നാലു ദിവസം മുമ്പ് നടന്ന അപകടത്തെ തുടര്‍ന്ന് ജബല്‍പൂര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബാലിക കഴിഞ്ഞ ദിവസമാണ് മരിച്ചത്. സുഹാസിനി ബൈഗ എന്ന കുട്ടിയാണ് അപകടത്തിനിരയായത്. പാചകം ചെയ്യുന്നതിനിടെ അരി എടുക്കാനായി മറ്റൊരു മുറിയിലേക്കു പോയതിനടെയാണ് കുട്ടി കറിപ്പാത്രത്തില്‍ വീണതെന്ന് അംഗനവാടി ജീവനക്കാരി കൈസി ബൈഗ പോലീസിനോട് പറഞ്ഞു. ഇതനിടെ കുട്ടിയെ നിലവിളി കേട്ട് ഓടി എത്തിയപ്പോള്‍ തിളച്ച കറിപ്പാത്രത്തില്‍ വീണു കിടക്കുന്ന കുട്ടിയെയാണ് കണ്ടത്. ഉടന്‍ പുറത്തെടുത്ത് കുട്ടിയുടെ അച്ഛനെ വിവരമറിയിക്കുകയും പിന്നീട് ജില്ലാ ആശുപത്രിയിലേക്കു കൊണ്ടു പോകുകയും ചെയ്‌തെന്നും അവര്‍ പറഞ്ഞു.

അംഗന്‍വാടി അധികൃതര്‍ കുട്ടിയെ ചികിത്സിക്കാനായി 250 രൂപ നല്‍കിയതായി അച്ഛന്‍ ബൈസാഖു ബൈഗ പറഞ്ഞു. കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ശാഹ്‌ദോള്‍ ജില്ലാ ആശുപത്രി അധികൃതര്‍ നാലു ദിവസം കഴിഞ്ഞാണ് സംഭവം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് ജില്ലാ ഭരണകൂടം ഇടപെട്ടു. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ ഒരു സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിരുന്നതായി അഡീഷണല്‍ ജില്ലാ ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അശോക് ഓഹ്രി പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരമാണ് കുട്ടി മരിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. തെറ്റുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
 

Latest News