Sorry, you need to enable JavaScript to visit this website.

എ.പി.പി അനീഷ്യയുടെ ആത്മഹത്യ: ക്രൈം ബ്രാഞ്ച് അന്വേഷണം ഇഴയുന്നു

കൊല്ലം- പരവൂരിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യാ കേസിൽ അന്വേഷണം ഇഴയുന്നു.  11 ദിവസമായിട്ടും ആരോപണ വിധേയരെ ചോദ്യം ചെയ്തിട്ടില്ല. അതിനിടെ പരവൂർ മജിസ്‌ട്രേറ്റിന്റെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് സംഘം നീക്കം തുടങ്ങി.
തൊഴിലിടത്തിലെ മാനസിക പീഡനം, മേലുദ്യോഗസ്ഥനായ അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടറുടേയും സഹപ്രവർത്തകരുടേയും പരിഹാസം, അവഗണന, തുടങ്ങി അനീഷ്യയുടെ വാട്‌സ്ആപ്പ് ഓഡിയോ സന്ദേശങ്ങളിലും ഡയറിക്കുറിപ്പിലും ആരോപണങ്ങൾ ഏറെയുണ്ട്. എന്നാൽ ആത്മഹത്യയ്ക്ക് കാരണമായ തെളിവിലേക്ക് എത്തിയിട്ടില്ലെന്ന് സിറ്റി ക്രൈംബ്രാഞ്ച് പറയുന്നു. കേസിൽ ഇതുവരെ അനീഷ്യയുടെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും മൊഴി മാത്രമാണ് രേഖപ്പെടുത്തിയത്. ഇതിനിടെ, പരവൂർ മജിസ്‌ട്രേറ്റിന്റെ മൊഴിയെടുക്കാൻ അനുമതി തേടി ജില്ലാ കോടതിയിൽ അന്വേഷണ സംഘം അപേക്ഷ നൽകി. ജോലി ചെയ്യാൻ അനുവദിക്കാത്ത വിധം മാനസിക പീഡനം അനുഭവിക്കുന്നുണ്ടെന്ന് പരവൂർ മജിസ്‌ട്രേറ്റിന് അനീഷ്യ മൊബെൽ സന്ദേശം അയച്ചിരുന്നു. ഇതിന്റെ നിജസ്ഥിതി തേടിയാണ് അന്വേഷണം. ശാസ്ത്രീയ തെളിവുകൾ കിട്ടിയിട്ട് മതി ആരോപണ വിധേയരിലേക്കുള്ള അന്വേഷണമെന്നാണ് നിഗമനം. പരാതി അട്ടിമറിക്കാൻ കൊല്ലം കോടതിയിലെ അഡീഷനൽ പബ്ലിക് പ്രോസികൂട്ടർ അനീഷ്യയ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച അഭിഭാഷകൻ കുണ്ടറ ജോസിന്റെ മൊഴിയും എടുത്തിട്ടില്ല. 
രാഷ്ട്രീയ സമ്മർദമാണ് പ്രതികൾക്കെതിരെ കേസെടുക്കാത്തതിന് പിന്നിലെന്നാണ് കോൺഗ്രസിന്റെയും ബി.ജെ.പിയുടേയും ആരോപണം. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിർദേശപ്രകാരം ഹെഡ് ക്വാട്ടേഴ്‌സ് ഡി.ഡി.പിയും അന്വേഷണം നടത്തുന്നുണ്ട്. ഈ അന്വേഷണത്തിലെ കണ്ടെത്തൽ കൂടി ക്രൈംബ്രാഞ്ച് വിലയിരുത്തും. 

 

ഒടുവിൽ ആരോപണ വിധേയർക്കെതിരെ നടപടി
കൊല്ലം- പരവൂരിൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യ ചെയ്ത കേസിൽ ഒടുവിൽ ആരോപണ വിധേയർക്കെതിരെ നടപടി. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂട്ടർ അബ്ദുൽ ജലീലിനേയും എ.പി.പി ശ്യാം കൃഷ്ണ കെ. ആറിനെയും ആഭ്യന്തരവകുപ്പ് സസ്‌പെന്റ് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ എസ്. ജയലാലിന്റെ സബ്മിഷന് നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി നടപടി വിശദീകരിച്ചത്. പോലീസ് ചോദ്യം ചെയ്യലിനും കേസെടുക്കലിനും മുന്നേയാണ് സസ്‌പെൻഷൻ. അനീഷ്യയുടെ ശബ്ദ സന്ദേശങ്ങളും ഡയറിക്കുറിപ്പുകളും ശാസ്ത്രീയ പരിശോധന നടത്തുകയാണെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

Latest News