കൽപറ്റ- വയനാടിനെ കോഴിക്കോട്, കണ്ണൂർ ജില്ലകളുമായി ബന്ധിപ്പിക്കുന്ന കുഞ്ഞോം-വിലങ്ങാട് ചുരമില്ലാ പാതയ്ക്കായുള്ള മുറവിളി ശക്തമാകുന്നു. പാത യാഥാർഥ്യമാക്കണമെന്ന ആവശ്യവുമായി ജനത ദൾ-എസ് കോഴിക്കോട്, വയനാട് ജില്ലാ ഭാരവാഹികൾ വിലങ്ങാടിൽ പ്രതീകാത്മകമായി റോഡ് വെട്ടലും പൊതുയോഗവും നടത്തി.
വയനാടൻ ജനതയുടെ ചിരകാല അഭിലാഷങ്ങളിലൊന്നാണ് കുഞ്ഞോം-വിലങ്ങാട് ചുരമില്ലാ പാത. വനത്തിലൂടെ എഴു കിലോമീറ്റർ റോഡ് നിർമിക്കാൻ കേന്ദ്ര മന്ത്രലായത്തിന്റെ അനുമതി ലഭിക്കാത്തതാണ് പാത യാഥാർഥ്യമാക്കുന്നതിൽ മുഖ്യതടസ്സം. നിലവിൽ കോഴിക്കോട് ജില്ലയിലെ വിലങ്ങാട് പാനോം വനാതിർത്തി വരെ റോഡുണ്ട്. വയനാട് ഭാഗത്ത് കുഞ്ഞോം കുങ്കിച്ചിറ പൈത്യക മ്യൂസിയം വരെ ടാർ ചെയ്ത പാതയുണ്ട്. ഇതിനിടയിലാണ് ഏഴ് കിലോമീറ്റർ റിസർവ് വനം. വനപാതയിൽ ഏകദേശം മൂന്ന് കിലോമീറ്ററിൽ കൂപ്പ് റോഡുണ്ട്. കേന്ദ്രാനുമതി കിട്ടിയാൽ കുറഞ്ഞ ചെലവിൽ റോഡ് നിർമിക്കാനാകും. പാരിസ്ഥിതിക പ്രശ്‌നങ്ങൾ കുറഞ്ഞതുമാണ് നിർദിഷ്ട പാത.
റോഡ് നിർമാണത്തിനു ഉപയോഗിക്കേണ്ട വനഭൂമിക്കു പകരം സ്ഥലം വിട്ടുനൽകാൻ വയനാട്ടിലെ തൊണ്ടർനാട് പഞ്ചായത്ത് അധികൃതരും കോഴിക്കോട് വാണിമേൽ പഞ്ചായത്തിലെ വ്യക്തികളും നേരത്തെ സന്നദ്ധത അറിയിച്ചതാണ്. കാസർകോട് മുതൽ തിരുവനന്തപുരം വരെ നീളുന്ന മലയോര ഹൈവേയുടെ സർവേ ഇതിലൂടെയാണ് നടത്തിയത്. എന്നാൽ എല്ലാ പ്രവൃത്തികൾക്കും കേന്ദ്രാനുമതിയുടെ അഭാവം വിഘാതമാകുകയാണ്.
കുഞ്ഞോം-വിലങ്ങാട് ചുരമില്ലാ പാതയുടെ നിർമാണം നടന്നാൽ വടകര നാഷനൽ ഹൈവേയിൽനിന്നു വിലങ്ങാട് വഴി മാനന്തവാടിയിൽ എത്താൻ 51 കിലോമീറ്റർ യാത്ര മതിയാകും. കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിൽ വിവിധ മേഖലകളിൽ വൻ പുരോഗതി പാത സാധ്യമാക്കും.
കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വാണിമേൽ, നരിപ്പറ്റ, വളയം, കോളയാട് പഞ്ചായത്തുകളിലെ ഗോത്ര വിഭാഗക്കാർ വയനാട്ടിലെ മാതൃ കോളനികളുമായി ബന്ധം പുലർത്തുന്നവരാണ്. ഇവർ ഇപ്പോഴും വിലങ്ങാട് വഴി വനപാതയിലൂടെ നടന്നാണ് വയനാട്ടിലേക്ക് വരുന്നതും മടങ്ങുന്നതും. വടകര റെയിൽവേ സ്റ്റേഷനും ഹെവേയുമായി ബന്ധപ്പെടുത്തി വയനാട് വഴി മൈസൂരുവിലേക്കും തിരിച്ചും ചരക്കുനീക്കം സാധ്യമാക്കുന്നതാണ് നിർദിഷ്ട പാത. ചുരമില്ലാത്ത വഴിയായതിൽ കണ്ടയ്‌നറുകൾക്ക് സുഗമമായി സഞ്ചരിക്കാൻ കഴിയും. ഗതകാലത്ത് ഈ വഴിയിലൂടെ കാളവണ്ടികളിൽ ചരക്കുനീക്കം നടന്നിരുന്നു. വനത്തിലൂടെ പാത നിർമാണത്തിനു അനുമതി കിട്ടിയാൽ നിർദിഷ്ട മലയോര ഹൈവേ നിലവിലെ അലൈൻമെന്റ് പ്രകാരം പൂർത്തിയാക്കാൻ കഴിയും. ഇപ്പോൾ മലയോര ഹൈവേ വയനാട് ഭാഗത്ത് കുഞ്ഞോത്തും കോഴിക്കോട് ഭാഗത്ത് പുല്ലുവായിലും എത്തിനിൽക്കുകയാണ്.
പ്രതീകാത്മക റോഡ് വെട്ടൽ ജനത ദൾ-എസ് ദേശീയ ജനറൽ സെക്രട്ടറിയും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പാത യാഥാർഥ്യമാക്കുന്നതിന് പാർട്ടി ശക്തമായി ഇടപെടുമെന്ന് അദ്ദേഹം പറഞ്ഞു. ജെ.ഡി.എസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. അമ്പലക്കണ്ടി അബ്ദുറഹ്മാൻ, സഞ്ജയ് ബാവ, അഡ്വ. ലതിക ശ്രീനിവാസൻ, പുത്തൂർ ഉമ്മർ, ഒ. ഹമീദ് എന്നിവർ പ്രസംഗിച്ചു.