Sorry, you need to enable JavaScript to visit this website.

സൗദിയിൽ മരുന്ന് കൈവശം വെച്ചതിന് പിടിയിലായവരുടെ മോചനത്തിന് കടമ്പകൾ ഏറെ

ജിദ്ദ- വേദന സംഹാരത്തിനുള്ള മരുന്ന് കൈവശം വെച്ചതിന്റെ പേരിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന തിരൂർ സ്വദേശിയുടെ മോചനം ഇനിയും അകലെ. മുപ്പതു വർഷത്തോളം ദുബായിൽ പ്രവാസിയായിരുന്ന ഇദ്ദേഹം കുടുംബ സമേതം ഉംറ നിർവഹിക്കാൻ പോകുമ്പോഴാണ് അൽബാഹയിൽ പിടിയിലായത്. അബഹയിൽ ജോലി ചെയ്യുന്ന മകന്റെ അടുത്ത് സന്ദർശനത്തിനെത്തിയ ഇദ്ദേഹം ഭാര്യക്കും മകൾക്കും മകളുടെ ഭർത്താവിനുമൊപ്പം ഉംറ ഗ്രൂപ്പിന്റെ ബസിൽ പോകുമ്പോഴാണ് നാർകോട്ടിക്‌സ് വിഭാഗത്തിന്റെ പരിശോധനയിൽ പിടിക്കപ്പെട്ടത്. ഭാര്യക്ക് നടുവേദനക്കായി നാട്ടിൽനിന്ന് ഡോക്ടറുടെ നിർദേശാനുസരണം വാങ്ങിയ മരുന്നാണ് ഇദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നത്. യാത്രക്കിടെ കഴിക്കുന്നതിനായി കരുതിതായിരുന്നു. മറ്റു മരുന്നുകളും ഉണ്ടായിരുന്നുവെങ്കിലും ഈ മരുന്നിന്റെ സ്ട്രിപ്പിലെ പേരും മറ്റു വിശദാംശങ്ങളും വ്യക്തമല്ലായിരുന്നു. ഇതാണ് വിനയായത്. മരുന്ന് സ്ട്രിപ്പിലെ പേരും മറ്റും കൃത്യമായി മനസിലാക്കാൻ സാധിക്കാത്ത വിധത്തിലായതിനാൽ പരിശോധകർക്ക് അതു തിരിച്ചറിയാൻ കഴിയാത്തതിനാൽ സംശയത്തിന്റെ പേരിൽ കസ്റ്റഡിയിലെടുക്കുകയായിരുന്നു.  പരിശോധനയിൽ മരുന്ന് സൗദിയിലെ നിയന്ത്രിത വിഭാഗം മരുന്നുകളുടെ കൂട്ടത്തിൽ പെട്ടതാണെന്ന് തിരിച്ചറിഞ്ഞതോടെ ഇദ്ദേഹത്തെ പ്രോസിക്യൂഷന് കൈമാറുകയുമായിരുന്നു. ഈ സംഭവത്തിനു ഏതാനും ദിവസം മുമ്പ് അബഹയിൽനിന്നു തന്നെ ഉംറക്കു പോയ മറ്റൊരു മലയാളിയും മരുന്ന് കൈവശം വച്ചതിന് പിടിക്കപ്പെട്ട് അൽബാഹ ജയിലിലുണ്ട്. ഇദ്ദേഹം അബഹയിൽ ജോലി ചെയ്യുന്നയാളാണ്. 

ഡോക്ടറുടെ കുറിപ്പടിയില്ലാത്ത മരുന്നുമായി ഉംറ യാത്ര; സൗദിയിൽ പ്രവാസി മലയാളി പിടിയിൽ

കേസ് പ്രോസിക്യൂഷന് കൈമാറിയാൽ ഇത്തരക്കാരുടെ  മോചനം ശ്രമകരമാണെന്ന് ഇവരുടെ മോചനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യ പ്രവർത്തകനും കെ.എം.സി.സി സൗദി സെൻട്രൽ കമ്മിറ്റി സെക്രട്ടറിയും അൽബാഹ കമ്മിറ്റി പ്രസിഡന്റുമായ സയ്യിദ് അലി അരീക്കര മലയാളം ന്യൂസിനോട് പറഞ്ഞു. ഇത്തരം കേസിൽ അകപ്പെട്ട് നേരത്തെ ജയിലിയായിരുന്ന മറ്റൊരു മലയാളിയുടെ മോചനത്തിനാവശ്യമായ രേഖകൾ സംഘടിപ്പിച്ച് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ഹാജരാക്കിയപ്പോഴേക്കും അദ്ദേഹത്തിന്റെ ആറുമാസത്തെ  ശിക്ഷാ കാലാവധി കഴിഞ്ഞിരുന്നു. ഇങ്ങനെ ശിക്ഷിക്കപ്പെടുന്നവരെ സൗദിയിൽ നിന്ന് കയറ്റി അയക്കുകയാണ് പതിവെന്ന് സയ്യിദ് അലി പറഞ്ഞു. 

നാട്ടിൽനിന്നുള്ള ഡോക്ടറുടെ കുറിപ്പടി മാത്രംകൊണ്ട്  മോചനം സാധ്യമാവില്ല. ഡോക്ടറുടെ കുറിപ്പടി ജില്ലാ മെഡിക്കൽ ഓഫീസർ അറ്റസ്റ്റ് ചെയ്യുകയും അതു ജില്ലാ കലക്ടറും, ആഭ്യന്തര മന്ത്രാലയവും സാക്ഷ്യപ്പെടുത്തുകയും വേണം. ഇങ്ങനെ സാക്ഷ്യപ്പെടുത്തിയ രേഖ വിദേശ മന്ത്രാലയത്തിൽ നിന്ന് അറ്റസ്റ്റ് ചെയ്യിക്കണം. അതിനുശേഷം സൗദിയിലെ ഇന്ത്യൻ എംബസിയുടെയോ കോൺസുലേറ്റിന്റെയോ അറ്റസ്‌റ്റേഷൻ കൂടി ലഭ്യമാക്കി സൗദി വിദേശ മന്ത്രാലയത്തിന്റെ സാക്ഷ്യപ്പെടുത്തൽ കൂടി വാങ്ങി വേണം കോടതിയിൽ ഹാജരാക്കാൻ. തിരൂരുകാരന്റെ മോചനത്തിനായി ഈ രേഖകൾ സംഘടിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് നാട്ടിലെ അദ്ദേഹത്തിന്റെ ബന്ധുക്കളെന്ന് സയ്യിദ് അലി പറഞ്ഞു. ഇതേ കേസിൽ ജയിലിൽ കഴിയുന്ന പ്രവാസി മലയാളിക്കു വേണ്ടിയും ഈ രേഖകൾ സംഘടിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. 

ആംഗ്‌സൈറ്റി, മുട്ട്, നടുവേദന, അപസ്മാരം തുടങ്ങിയവക്കുള്ള മരുന്നുകളാണ് അധികവും പിടിക്കപ്പെടുന്നത്. ചില നേരങ്ങളിൽ ഗ്യാസിനുപയോഗിക്കുന്ന മരുന്നുവരെ പിടിക്കപ്പെടാറുണ്ടെന്ന് സയ്യിദ് അലി പറഞ്ഞു. അതിനാൽ ഇത്തരം മരുന്നുകൾ നാട്ടിൽനിന്നു കൊണ്ടു വരുന്നവരും അതു കൈയിൽവെച്ച് യാത്രചെയ്യുന്നവരും സൂക്ഷ്മത പുലർത്തണമെന്ന് അദ്ദേഹം ഉണർത്തി. ഇത്തരം മരുന്നുകളുമായി നാട്ടിൽനിന്നു വരുന്നവർ നിരവധിയാണെങ്കിലും വിമാനത്താവളങ്ങളിൽ അധികം പിടിക്കപ്പെടാതെ രക്ഷപ്പെടുകയാണ് പതിവ്. എന്നാൽ പ്രത്യേക പരിശോധനാ സംഘത്തിന്റെ പിടിയിലകപ്പെടുകയാണെങ്കിൽ ജയിലിലാകാനുള്ള സാധ്യത ഏറെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

പിതാവിന്റെ മോചനത്തിനായുള്ള പരിശ്രമം നടത്തി വരികയാണെന്നും ഡോക്ടറുടെ സീലോടു കൂടിയ കുറിപ്പടി കൈവശം ഉണ്ടായിരുന്നുവെങ്കിൽ ഒരു പക്ഷേ പിതാവിനെ പിടികൂടില്ലായിരുന്നുവെന്നും അബഹയിലുള്ള മകൻ പറഞ്ഞു. ഉപയോഗിച്ചുകൊണ്ടിരുന്ന സ്ട്രിപ്പ് ആയതിനാൽ മരുന്നിന്റെ പേരു വിവരം കൃത്യമായി മനസിലാക്കാൻ പരിശോധന നടത്തിയ നാർകോട്ടിക് സംഘത്തിന് സാധിക്കാതെ വന്നതാണ് പിതാവിനെ പിടികൂടാൻ ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News