Sorry, you need to enable JavaScript to visit this website.

സി.ബി.എസ്.ഇ പഠനം; അടിമുറ്റി മാറ്റം വരുന്നു, കൂടുതൽ ഭാഷകൾ പാഠ്യവിഷയം

ന്യൂദൽഹി- സെൻട്രൽ ബോർഡ് ഓഫ് സെക്കണ്ടറി എജ്യുക്കേഷൻ (സി.ബി.എസ്.ഇ) സെക്കണ്ടറി, ഹയർ സെക്കണ്ടറി വിദ്യാഭ്യാസത്തിനായുള്ള അക്കാദമിക് ഘടനയിൽ കാര്യമായ പരിഷ്‌കരണങ്ങൾ വരുത്തുന്നു. പത്താം ക്ലാസിൽ നിലവിൽ പഠിക്കുന്ന രണ്ടു ഭാഷകൾക്ക് പുറമെ ഒരു ഭാഷ കൂടി നിർബന്ധമായും പഠിക്കണം. ഇതിൽ രണ്ടു ഭാഷകൾ ഇന്ത്യൻ ഭാഷയായിരിക്കണം. പത്താം ക്ലാസ് വിദ്യാർഥികളുടെ വിജയ മാനദണ്ഡത്തിലും മാറ്റം വരുത്തി. പത്താം ക്ലാസിൽ അഞ്ചു വിഷയങ്ങളിൽ വിജയം നിർബന്ധമാക്കി. 

പന്ത്രണ്ടാം ക്ലാസിൽ നിലവിലുള്ള അഞ്ചു വിഷയങ്ങൾക്ക് പകരം പുതുതായി അഞ്ചു വിഷയങ്ങൾ കൂടി ചേർക്കും. ഇതോടെ പത്തു വിഷയങ്ങൾ പന്ത്രണ്ടാം ക്ലാസിൽ പഠിക്കണം.  പന്ത്രണ്ടാം ക്ലാസിൽ ഒരു ഭാഷക്ക് പകരം രണ്ടു ഭാഷകൾ പഠിക്കണം. ഇതിൽ ഒന്ന് മാതൃഭാഷയായിരിക്കണം. തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും പൊതുവിദ്യാഭ്യാസവും തമ്മിലുള്ള അക്കാദമിക് തുല്യത സൃഷ്ടിക്കാനാണ് പുതിയ ചട്ടക്കൂട് ലക്ഷ്യമിടുന്നത്. 

നിലവിൽ, പരമ്പരാഗത സ്‌കൂൾ പാഠ്യപദ്ധതിയിൽ സംഘടിത ക്രെഡിറ്റ് സംവിധാനം ഇല്ല. പുതിയ നിർദ്ദേശം അനുസരിച്ച് ഒരു മുഴുവൻ അധ്യയന വർഷം 1,200 സാങ്കൽപ്പിക പഠന സമയമായാണ് കണക്കാക്കുക. ഇത് നാൽപത് ക്രെഡിറ്റായി കണക്കാക്കും. 

ഒരു സാധാരണ വിദ്യാർഥിക്ക് പ്രത്യേക പഠന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ആവശ്യമായ സമയത്തെയാണ് സാങ്കൽപ്പിക സമയം  സൂചിപ്പിക്കുന്നത്. ഓരോ വിഷയത്തിനും ഒരു നിശ്ചിത എണ്ണം മണിക്കൂറുകൾ അനുവദിച്ചാണ് ഒരു വിദ്യാർത്ഥി ഒരു വർഷത്തിൽ മൊത്തം 1,200 (നാൽപത് ക്രെഡിറ്റ്) പഠന സമയം പൂർത്തിയാക്കേണ്ടത്. വീട്ടിലിരുന്ന്  പഠിക്കുന്നതും പാഠ്യേതര-അനുഭവങ്ങളും ഇതിൽ ഉൾക്കൊള്ളും. 
സെക്കണ്ടറി, അപ്പർ സ്‌കൂൾ പാഠ്യപദ്ധതിയിൽ കൂടുതൽ വിഷയങ്ങൾ ചേർക്കാനും വിദ്യാഭ്യാസ ബോർഡ് നിർദ്ദേശിച്ചു. 
പത്താം ക്ലാസിന്റെ കാര്യത്തിൽ, ക്രെഡിറ്റ് അധിഷ്ഠിത സംവിധാനത്തിന് കീഴിൽ, നിലവിലുള്ള അഞ്ച് വിഷയങ്ങൾക്ക് (രണ്ട് ഭാഷകളും ഗണിതം, സയൻസ്, സോഷ്യൽ സ്റ്റഡീസ് ഉൾപ്പെടെ മൂന്ന് പ്രധാന വിഷയങ്ങളും) പകരം 10 വിഷയങ്ങളുമാക്കും. (ഏഴ് പ്രധാന വിഷയങ്ങളും മൂന്ന് ഭാഷകളും) 

ഗണിതം-കമ്പ്യൂട്ടേഷണൽ തിങ്കിംഗ്, സോഷ്യൽ സയൻസ്, സയൻസ്, ആർട്ട് എജ്യുക്കേഷൻ, ഫിസിക്കൽ എജ്യുക്കേഷൻ, ക്ഷേമം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, പരിസ്ഥിതി വിദ്യാഭ്യാസം എന്നിവയാണ് പത്താം ക്ലാസിലേക്ക് ശുപാർശ ചെയ്യുന്ന ഏഴ് പ്രധാന വിഷയങ്ങൾ. ഇതിന് പുറമെയാണ് ഭാഷാ വിഷയങ്ങൾ. 

11ഉം 12ഉം ക്ലാസുകൾക്ക്, നിലവിലുള്ള അഞ്ച് വിഷയങ്ങൾക്ക് (ഒരു ഭാഷയും നാല് ഐച്ഛികങ്ങളും ഉൾപ്പെടുന്ന) പകരം, വിദ്യാർത്ഥികൾ ആറ് വിഷയങ്ങൾ (രണ്ട് ഭാഷകളും നാല് വിഷയങ്ങളും ഉൾപ്പെടെ) പഠിക്കേണ്ടതുണ്ട്. രണ്ട് ഭാഷകളിൽ ഒന്ന് ഇന്ത്യൻ മാതൃഭാഷ ആയിരിക്കണം.
9, 10, 11, 12 ക്ലാസുകളിലെ അക്കാദമിക് ഘടനയിലെ മാറ്റങ്ങളുടെ രൂപരേഖ കഴിഞ്ഞ വർഷം അവസാനത്തോടെ സി.ബി.എസ്.ഇയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപന മേധാവികൾക്കും അയച്ചിരുന്നു. 2023 ഡിസംബർ 5നകം നിർദ്ദേശം അവലോകനം ചെയ്യാനും ഫീഡ്ബാക്ക് നൽകാനും നിർദ്ദേശിച്ചു.
 

Latest News