ആലപ്പുഴയിലെ ബി.ജെ.പി നേതാവ് രഞ്ജിത് ശ്രീനിവാസൻ വധക്കേസിലെ 15 പ്രതികൾക്കും വധശിക്ഷ വിധിച്ച മാവേലിക്കര സെഷൻസ് കോടതി വിധി കേരളത്തിൽ എന്നല്ല, ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ തന്നെ വേറിട്ടു നിൽക്കുന്നു. കേസിനെ കുറിച്ച് കോടതി തന്നെ പറഞ്ഞ അപൂർവങ്ങളിൽ അത്യപൂർവമായത് എന്ന പോലെ ഈ വിധിയും അപൂർവങ്ങളിൽ അത്യപൂർവമായി. അതിൽ പ്രധാനം കേരളത്തിൽ ഇതാദ്യമാണ് ഒരു കൊലക്കേസിൽ 15 പേർക്ക് വധശിക്ഷ വിധിക്കുന്നത് എന്നതാണ്. ഇന്ത്യയിൽ തന്നെ ഇത്തരമൊരു വിധി മുമ്പുണ്ടായിട്ടുണ്ടോ എന്ന് വ്യക്തമല്ല.
മറ്റൊരു കാര്യം ഈ കേസിന്റെ നടത്തിപ്പിലും വിചാരണയിലും കണ്ട വേഗമാണ്. രഞ്ജിത്തിന്റെ കൊലപാതകത്തിന് കാരണമായി പറയുന്ന ആലപ്പുഴയിലെ തന്നെ എസ്.ഡി.പി.ഐ നേതാവ് കെ.എസ്. ഷാനിന്റെ കൊലപാതകക്കേസ് ഇഴഞ്ഞു നിങ്ങുമ്പോഴാണ് അതിന്റെ പിറ്റേദിവസം നടന്ന ഈ കൊലപാതകത്തിൽ പ്രതികളുടെ അറസ്റ്റും പോലീസ് അന്വേഷണവും കുറ്റപത്രം സമർപ്പിക്കലും വിചാരണയും വിധിയുമെല്ലാം കഴിഞ്ഞത്. രണ്ട് വർഷത്തിനുള്ളിൽ കൊലക്കേസുകളിൽ വിചാരണ നടത്തി വിധി വരുന്നത് ഇന്ത്യയിൽ തന്നെ അപൂർവവും അതേസമയം നല്ല കാര്യവുമാണ്. മുമ്പ് ദൽഹിയിലെ നിർഭയ കേസിലാണ് രാജ്യത്ത് അതിവേഗം കോടതി വിധി വന്നത്.
രണ്ട് കേസുകളിൽ അധികൃതരുടെ ഭാഗത്തുനിന്ന് രണ്ട് സമീപനമെന്ന വിമർശനം ഉയരുമ്പോഴും ഒരു പേടിയുമില്ലാതെ എന്ത് ക്രൂരതയും കാണിക്കുന്നവർക്കെല്ലാം കനത്ത താക്കീത് കൂടിയാണ് ഈ വിധിയെന്ന് പറയാതെ വയ്യ. ഇതിൽ വിധി പറഞ്ഞ ജഡ്ജിയുടെ രാഷ്ട്രീയം വരെ സോഷ്യൽ മീഡിയയിൽ ചൂണ്ടിക്കാട്ടുന്നവരുണ്ട്. എന്നാൽ ഇന്ത്യൻ നിയമവ്യവസ്ഥ അനുസരിച്ച് വധശിക്ഷക്ക് അർഹമായ കുറ്റമാണ് പ്രതികൾ ചെയ്തതെന്നത് ചോദ്യം ചെയ്യാനാവാത്ത കാര്യമാണ്. ഒരാളുടെ വീട്ടിൽ കടന്നുകയറി ഭാര്യയുടെയും മക്കളുടെയും വൃദ്ധയായ മാതാവിന്റെയും മുന്നിലിട്ട് അയാളെ നിഷ്ഠുരമായി വെട്ടിക്കൊല്ലുക, തടയാൻ ശ്രമിച്ച അമ്മയെയും ഭാര്യയെയും ആയുധം കാട്ടി ഭീഷണിപ്പെടുത്തുകയും കൊലവിളി നടത്തുകയും ചെയ്യുക. ഇത്തരം കൃത്യങ്ങൾ ചെയ്യുന്നവർ പരമാവധി ശിക്ഷക്ക് അർഹരാണ്. കോടതികൾ ഇത്തരത്തിലുള്ള കർക്കശ വിധികൾ സമാന കേസുകളിൽ മുമ്പ് നടത്തിയിരുന്നെങ്കിൽ കേരളത്തിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ പലതും ചിലപ്പോൾ സംഭവിക്കുമായിരുന്നില്ല. പല രാഷ്ട്രീയ ഉന്നതർക്കും ഒരുപക്ഷേ പിന്നീട് ലഭിച്ച പദവികളിൽ എത്താൻ കഴിയുമായിരുന്നില്ല.
അതേസമയം, ഈയൊരു വിധി ഇന്ത്യൻ ജുഡീഷ്യറിയുടെ ശക്തിക്കും കാര്യക്ഷമതക്കും തെളിവാണെന്ന ചിലരുടെ വാദത്തോട് ഒരു നിലക്കും യോജിക്കാനാവില്ല. വാസ്തവത്തിൽ ജുഡീഷ്യറിയിലും പ്രോസിക്യൂഷനിലും അന്വേഷണ ഏജൻസികളുടെ സമീപനത്തിലുമെല്ലാം നിലനിൽക്കുന്ന ഇരട്ട നിലപാടാണ് ഈ വിധിയിലൂടെ ഒന്നുകൂടി വ്യക്തമാവുന്നത്. രഞ്ജിത് വധക്കേസിനു തൊട്ടു തലേദിവസം നടന്ന ഷാൻ വധക്കേസിൽ പ്രോസിക്യൂഷൻ നടപടികൾ ഇഴഞ്ഞുനീങ്ങുന്നതു തന്നെ ഉദാഹരണം. ആ കേസിലെ ആർ.എസ്.എസ് - ബി.ജെ.പി പ്രവർത്തകരായ 13 പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും അവരെല്ലാം ജാമ്യം കിട്ടി പുറത്തിറങ്ങി വീണ്ടും രാഷ്ട്രീയ പ്രവർത്തനം നടത്തുന്നു. പ്രോസിക്യൂഷനെ നിയമിച്ചതു തന്നെ അടുത്ത കാലത്താണ്. വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല. എന്നാൽ രഞ്ജിത് വധക്കേസ് പ്രതികൾ കഴിഞ്ഞ രണ്ടു വർഷമായി ജയിലിൽ തന്നെയായിരുന്നു.
ഇന്ത്യൻ ജുഡീഷ്യറിയിൽ നിലനിൽക്കുന്ന പുഴുക്കുത്തുകളെക്കുറിച്ച് സുപ്രീം കോടതി തന്നെ പലതവണ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോടതിക്ക് പുറത്ത് പല ന്യായാധിപന്മാരും ഇക്കാര്യത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ചിട്ടുണ്ട്. ഭരണകൂടത്തിന് പ്രതികാര മനോഭാവം ഉള്ള കേസുകളിൽ നടപടികൾ തിടുക്കത്തിലാവും, അല്ലാത്ത കേസുകളിൽ ഇഴഞ്ഞു നീങ്ങും. പ്രതികൾ തങ്ങൾക്ക് വേണ്ടപ്പെട്ടവരാണെങ്കിലോ അവരെ ഏതു വിധേനയും ഊരിയെടുക്കാൻ സാധ്യമായതെല്ലാം ചെയ്യും. മനുഷ്യ മനഃസാക്ഷിയെ തന്നെ നടുക്കുന്ന ഗുജറാത്തിലെ ബിൽക്കീസ് ബാനു കേസിലെ പ്രതികളെ രക്ഷിച്ചെടുക്കാൻ ഭരണകൂടവും പ്രോസിക്യൂഷനുമെല്ലാം ചേർന്ന് നടത്തിയ നിയമവിരുദ്ധ നീക്കങ്ങളെ അസാധുവാക്കിക്കൊണ്ട് സുപ്രീം കോടതി നടത്തിയ സുപ്രധാന വിധി പ്രസ്താവം ഏതാനും ദിവസങ്ങൾക്കു മുമ്പായിരുന്നു. ഗർഭിണിയായ ഒരു യുവതിയെ മാറിമാറി ബലാത്സംഗം ചെയ്യുകയും ആ അതിക്രമത്തിൽ അവരുടെ ഗർഭസ്ഥ ശിശു കൊല്ലപ്പെടുകയും അവരുടെ മൂന്ന് വയസ്സു മാത്രമുള്ള മൂത്ത കുട്ടിയെ തറയിലടിച്ച് കൊല്ലുകയും അവരുടെ മാതാവിനെയും ബലാത്സംഗം ചെയ്യുകയും ആ വീട്ടിലുള്ള മറ്റെല്ലാവരെയും പീഡിപ്പിച്ച് കൊല്ലുകയും ചെയ്ത നരാധമന്മാർ വധശിക്ഷക്ക് അർഹരാണെങ്കിലും അത് ഉറപ്പു വരുത്താൻ നമ്മുടെ നീതിന്യായ സംവിധാനത്തിന് കഴിഞ്ഞില്ല. മാത്രമല്ല, ജീവപര്യന്തം തടവ് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞ പ്രതികളെ സുപ്രീം കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ച് മോചിപ്പിക്കാനും ഭരണകൂടത്തിന് കഴിഞ്ഞു. പുറത്തിറങ്ങിയ പ്രതികളെ മാലയിട്ട് സ്വീകരിക്കാൻ ഭരണകക്ഷിയായ ബി.ജെ.പി നേതാക്കളും എം.എൽ.എമാരുമെല്ലാം എത്തി. ആ കേസിലും പതിനഞ്ചോളം പ്രതികളാണുണ്ടായിരുന്നത്. അവരെല്ലാം ബ്രാഹ്മണരാണെന്നും അതുകൊണ്ടു തന്നെ ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യില്ലെന്നുമായിരുന്നു അവരെ പൂമാലയിട്ട് സ്വീകരിച്ച ഒരു ബി.ജെ.പി എം.എൽ.എ പറഞ്ഞത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട നിരവധി കൊടും ക്രൂരതകൾ നടന്നെങ്കിലും അവയിലൊന്നും പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിച്ചുവെന്ന് പറയാനാവില്ല. വിവിധ സംഭവങ്ങളിലായി മൂവായിരത്തോളം പേർ കൊല്ലപ്പെടുകയും നിരവധി നിഷ്ഠുര കുറ്റകൃത്യങ്ങൾ അരങ്ങേറുകയും ഒരു മുൻ എം.പിയെ പോലും ആൾക്കൂട്ടം വധിക്കുകയും ചെയ്ത കലാപത്തിൽ ഒരു പ്രതിക്കും വധശിക്ഷ ലഭിച്ചില്ല. പല കേസുകളും ഇഴഞ്ഞു നീങ്ങുകയും പ്രതികൾ ശിക്ഷിക്കപ്പെടാതെ പോവുകയുമായിരുന്നു. അന്വേഷണത്തിന്റെ തുടക്കത്തിൽ ഗുജറാത്ത് പോലീസ് കാട്ടിയ അലംഭാവമാണ് ശരിയാംവണ്ണം നീതി നടപ്പാക്കപ്പെടാതിരിക്കാൻ കാരണമെന്ന് പിന്നീട് നടത്തിയ അന്വേഷണങ്ങളിൽ വ്യക്തമായിട്ടുണ്ട്. ഗുജറാത്ത് പോലീസിലും കോടതികളിലും നടക്കുന്ന നിയമവിരുദ്ധ പ്രവണതകളെ സുപ്രീം കോടതി തന്നെ നിരവധി തവണ വിമർശിച്ചിട്ടുണ്ട്.
ലോക മനഃസാക്ഷിയെ തന്നെ ഞെട്ടിച്ച മറ്റൊരു സംഭവമായ ഒഡിഷയിലെ ഗ്രഹാം സ്‌റ്റെയിൻസ് കൂട്ടക്കൊലകേസിൽ ഒന്നാം പ്രതി ധാരാസിംഗിന് കോടതി വധശിക്ഷ വിധിച്ചെങ്കിലും ഹൈക്കോടതി അത് ജീവപര്യന്തമാക്കി. ഓസ്‌ട്രേലിയയിൽനിന്നുള്ള ക്രിസ്ത്യൻ മിഷണറിയായ ഗ്രഹാം സ്‌റ്റെയ്ൻസിനെയും രണ്ട് ആൺമക്കളെയും അവർ കിടന്നുറങ്ങിയ വാഹനത്തിനുള്ളിലിട്ട് പെട്രോളൊഴിച്ച് ചുട്ടുകൊന്ന കേസാണിത്. പക്ഷേ മറ്റ് പ്രതികൾക്കെതിരെ വിചാരണ കോടതി വധശിക്ഷ വിധിച്ചുമില്ല. ഇത്തരമൊരു ഭീകരപ്രവർത്തനം നടത്തിയ പ്രതികളുടെ സംഘടനയായ ബജ്‌രംഗ്ദളിനെ നിരോധിച്ചിട്ടില്ല. സ്‌റ്റെയിൻസ് വധക്കേസിലെ ഒരു പ്രതി പിന്നീട് പാർലമെന്റംഗവുമായി.
കേരളത്തിലെത്തിയാൽ നിഷ്ഠുരമായ പല കേസുകളിലെ പ്രതികളോടും കോടതി അത്ര കർക്കശ നടപടി സ്വീകരിച്ചിട്ടില്ല. ഇസ്‌ലാമിലേക്ക് മതം മാറിയതിന്റെ പേരിൽ സ്വന്തം ബന്ധുക്കളുടെ തന്നെ ഗൂഢാലോചനയിൽ മലപ്പുറത്തെ കൊടിഞ്ഞി ഫൈസൽ നിഷ്ഠുരമായി കൊല്ലപ്പെട്ട കേസ് ഒരു ഉദാഹരണം. 2006 ൽ നടന്ന കേസിൽ ഇതുവരെ ശിക്ഷാ വിധി വന്നിട്ടില്ല. കേസിൽ പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതു പോലും 11 വർഷം കഴിഞ്ഞ്. ഇതിനിടെ കേസിലെ ഒരു പ്രതി കൊല്ലപ്പെടുകയും ചെയ്തു.
രാഷ്ട്രീയ കൊലക്കേസുകളിലും വിദ്വേഷ കൊലക്കേസുകളിലുമെല്ലാം പ്രതികൾ രക്ഷപ്പെടുന്നത് കേരളത്തിൽ പുതുമയല്ല. തെളിവുകളുടെ അഭാവമായിരിക്കും പറയുന്ന കാരണം. അതിനിടയിലാണ് ഒരാളുടെ കൊലക്കേസിൽ 15 പേർക്ക് തൂക്കൂകയർ വിധിക്കുന്ന കോടതി തീരുമാനം വേറിട്ടതാവുന്നത്. ഈ വിധി കൊലപാതക രാഷ്ട്രീയവും പ്രതികാര രാഷ്ടീയവും കൊണ്ടുനടക്കുന്നവർക്കും എന്തു കുറ്റകൃത്യവും ചെയ്യാൻ യാതൊരു മടിയുമില്ലാത്തവർക്കും ഒരു താക്കീതാണെങ്കിൽ നല്ലത്. അതിന് പക്ഷേ ഈയൊരു കേസിലെ വിധി മാത്രം മതിയാവില്ല. കെ.എസ്. ഷാനിന്റേതടക്കം കോടതികളിൽ ചലനമില്ലാതെ കിടക്കുന്ന എല്ലാ കൊലപാതക കേസുകളിലും കർക്കശ വിധികളുണ്ടാവണം. അപ്പോഴേ ജുഡീഷ്യറി നിഷ്പക്ഷവും കാര്യക്ഷമവുമാവുകയുള്ളൂ.