Sorry, you need to enable JavaScript to visit this website.

യു.കെ യിലേക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി, യുവാവ് അറസ്റ്റില്‍

ആലപ്പുഴ - മാവേലിക്കര ഉള്‍പ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു യു.കെയിലേക്ക് ജോലിക്കുള്ള വിസ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു നിരവധിയാളുകളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവാവിനെ മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കര വില്ലേജില്‍ പൂവിത്തറയില്‍ വീട്ടില്‍ മുരളീധരന്‍ മകന്‍ മിഥുന്‍ മുരളിയുടെ പരാതിപ്രകാരം നടത്തിയ അന്വേഷണത്തില്‍ ഏറ്റുമാനൂര്‍ വില്ലേജില്‍ പേരൂര്‍ മുറിയില്‍ എബ്രഹാം ലിജു മകന്‍ ബെയ്‌സില്‍ ലിജു ( 24)നെയാണ് മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ക്കെതിരിരേ കുണ്ടറ പോലീസ് സ്‌റ്റേഷനിലടക്കം വിസ തട്ടിപ്പ് കേസുകള്‍ ഉള്ളതായി ബോധ്യപെട്ടു. പലരില്‍ നിന്നായി ഇയാള്‍ 15 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് ആണ് നടത്തിയത്. വിസ വാഗ്ദാനം ചെയ്ത് പണം വാങ്ങി തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ കൊണ്ടു പോയി ഉദ്യോഗാര്‍ഥികളെ മെഡിക്കല്‍ പരിശോധന നടത്തിച്ച ശേഷം വിസ ഓണ്‍ലൈന്‍ ആയി മൊബൈല്‍ ഫോണില്‍ എത്തും എന്ന് പറഞ്ഞു വിമാന ടിക്കറ്റിന്റെ കോപ്പി നല്‍കും. തട്ടിപ്പിന് ഇരയായവര്‍ ഇയാളെ സമീപിക്കുമ്പോള്‍ ഒഴിഞ്ഞു മാറിയും ഫോണ്‍ എടുക്കാതെയും നടക്കുകയാണ് ഇയാളുടെ രീതി. ആളുകളില്‍നിന്ന് വിസ വാഗ്ദാനം നല്‍കി വാങ്ങുന്ന രൂപ ഗോവ, ബാംഗ്ലൂര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ധൂര്‍ത്തടിച്ചു തീര്‍ക്കുകയും വീണ്ടും നവ മാധ്യമങ്ങളില്‍കൂടി പരസ്യം നല്‍കുകയുമാണ് ചെയ്യുന്നത്. മാവേലിക്കര പോലീസ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് സി. ശ്രീജിത്ത്, എസ്.ഐ നിസാര്‍, എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. എസ്.ഐ രമേശ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷൈജു, ലിമു, ഷാനവാസ്, സുനീഷ്, ജവഹര്‍, സിയാദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. മാവേലിക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു

 

Latest News