ജയ്പൂര്‍ - മുന്‍ വിദേശകാര്യ മന്ത്രി പരേതനായ ജസ്വന്ത് സിംഗിന്റെ മകനും മുന്‍ എംപിയുമായ മാനവേന്ദ്ര സിംഗിന്റെ കുടുംബം ഉള്‍പ്പെട്ട കാര്‍ അപകടത്തിന്റെ ലൈവ് വീഡിയോ പുറത്തുവന്നു. മാനവേന്ദ്ര സിംഗിന്റെ ഭാര്യ ചിത്ര സിംഗ് ചൊവ്വാഴ്ച നടന്ന അപകടത്തില്‍ മരിച്ചിരുന്നു.
കാറിന്റെ വേഗം മണിക്കൂറില്‍ 200 കിലോമീറ്ററായിരുന്നുവെന്ന് ഹൈവേ പട്രോളിംഗ് ടീം പറയുന്നു. മാനവേന്ദ്ര, മകന്‍ ഹമീര്‍ സിംഗ്, ഡ്രൈവര്‍ എന്നിവര്‍ക്ക് പരിക്കേറ്റു.
@nitin_gadkari ji accident manvendra Singh jasol sahab hua accident me unki dharam patni ji ka nidhan ho gya hai pic.twitter.com/Pgml7Aylxk
— Shambhu Singh jodha jnvu (@ShambhuSinghjo1) January 31, 2024
അതിവേഗത്തില്‍ വന്ന കാര്‍ എക്‌സ്പ്രസ് വേയില്‍നിന്ന് താഴേക്ക് മറിഞ്ഞ് ഡിവൈഡറില്‍ നിര്‍മിച്ച അടിപ്പാതയുടെ ഭിത്തിയില്‍ ഇടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്തുകൊണ്ടാണ് കാര്‍ എക്‌സ്പ്രസ് വേയില്‍ നിന്ന് താഴേക്ക് പോയത് എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല. ഡ്രൈവര്‍ക്ക് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാകാമെന്നാണ് അനുമാനം. വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം. ദല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയോട് ചേര്‍ന്നുള്ള റാസ്ഗനിലെ ഖുസ്പുരി ഗ്രാമത്തിന് സമീപമായിരുന്നു അപകടം.
അപകടത്തില്‍ മാനവേന്ദ്ര സിംഗിന്റെ രണ്ട് വാരിയെല്ലുകള്‍ ഒടിഞ്ഞു. മകന്റെ കൈയിലും മൂക്കിലും പൊട്ടലുണ്ടായി. ഇരുവരെയും ഗുരുഗ്രാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തിലായിരുന്നു കാര്‍ പോയതെന്ന് ഹൈവേ പട്രോളിംഗ് ടീം അറിയിച്ചു. കാറിന്റെ മുന്‍ഭാഗം ഭിത്തിയില്‍ ഇടിച്ചതോടെ മുന്‍വശത്തെ എയര്‍ബാഗുകള്‍ രണ്ടും തുറന്നു. ചിത്ര സിംഗ് പുറകില്‍ ഇരിക്കുകയായിരുന്നു. എയര്‍ ബാഗുകള്‍ തുറക്കാത്തതിനാല്‍ അവര്‍ മരിച്ചു. ദല്‍ഹിയില്‍ നിന്ന് ജയ്പൂരിലേക്ക് വരികയായിരുന്നു കുടുംബം.