Sorry, you need to enable JavaScript to visit this website.

മെഡിസെപ് : ആനുകൂല്യത്തിനായി ജീവനക്കാർ കോടതി കയറുന്നു


കോഴിക്കോട് -സംസ്ഥാന ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ പരിരക്ഷക്ക് വേണ്ടി തയ്യാറാക്കിയ മെഡിസെപ് പദ്ധതിയിൽ ആനുകൂല്യത്തിനായി കോടതി കയറുന്നവരേറെ. പദ്ധതി നിലവൽ വന്ന ശേഷം വ്യവസ്ഥകളിൽ മാറ്റം വരുത്തുന്നതിനെതിരെ പൊതു താല്പര്യ ഹരജിക്കൊരുങ്ങുകയാണ് പോളിസി ഉടമകൾ. പണം കിട്ടുന്നില്ലെന്ന് പറഞ്ഞ് ആശുപത്രികൾ പിൻമാറുകയാണ്.
ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുടമായി ചേർന്നാണ് സംസ്ഥാന സർക്കാർ മെഡിസെപ് എന്ന ആരോഗ്യപരിരക്ഷാ പദ്ധതി നടത്തുന്നത്. 2022 ജൂലൈയിൽ നിലവിൽ വന്ന പദ്ധതി മൂന്നു വർഷത്തേക്കാണ്. ഒന്നര വർഷം പിന്നിട്ട പദ്ധതിയിൽ പോളിസി ഉടമകളും കമ്പനിയും ഒരു പോലെ അതൃപ്തി പ്രകടിപ്പിക്കുകയാണ്.
അവയവ മാറ്റ ശസ്ത്രക്രിയക്ക് സർക്കാർ ആശുപത്രിയിലെ ചികിത്സയേ അനുവദിക്കൂവെന്നതാണ് ഏറ്റവും ഒടുവിൽ വന്ന മാറ്റം.
എം.പാനൽ ചെയ്ത സ്വകാര്യ ആശുപത്രിയിൽ പണം നൽകാതെ ചികിത്സ നേടാമെന്ന തരത്തിലാണ് മെഡിസെപിനെ പരിചയപ്പെടുത്തിയത്. ആദ്യ ഘട്ടത്തിൽ കുറെ പ്രമുഖ സ്വകാര്യ ആശുപത്രികൾ ഈ പട്ടികയിൽ വന്നെങ്കിലും പലരും വൈകാതെ പിൻവാങ്ങി. ഇപ്പോൾ മെഡിസെപ് പോളിസി ഉടമകളെ സ്വകാര്യ ആശുപത്രികൾ ചൂഷണം ചെയ്യുകയാണ്.
മാസം 500 രൂപയാണ് വർഷം മൂന്ന് ലക്ഷം രൂപയുടെ ഇൻഷുറൻസിനായി ജീവനക്കാരൻ അടയ്‌ക്കേണ്ടത്. ഇതിൽ മാതാപിതാക്കൾക്കും ഭാര്യാ ഭർത്താക്കന്മാർക്കും കുട്ടികൾക്കുമാണ് പരിരക്ഷ ലഭിക്കുക. ഭാര്യയും ഭർത്താവും ജീവനക്കാരാണെങ്കിൽ രണ്ടു പേരും 500 രൂപ വീതം അടക്കണം. പെൻഷൻകാർക്കും ഇതേ തുകക്ക് പരിരക്ഷ ലഭിക്കും. ഒരേ കുടുംബത്തിൽ നിന്ന് ഒന്നിലേറെ പേർ പ്രീമിയം അടക്കണമെങ്കിൽ പോലും പ്രായഭേദമില്ലാതെ പെൻഷൻകാർക്ക് വരെ പരിരക്ഷ നൽകുന്ന വേറെ ഇൻഷുറൻസ് പദ്ധതികളില്ല.
അവയവ മാറ്റം ഉൾപ്പടെ ആവശ്യങ്ങൾക്കായി 35 കോടി രൂപയുടെ പ്രത്യേക ഫണ്ടും ഇതിന്റെ ഭാഗമാണ്. എന്നാൽ ഇതിൽ 17 കോടി രൂപ ഒരു വർഷം കൊണ്ടു തന്നെ നൽകിയെന്നാണ് ഇൻഷുറൻസ് കമ്പനി പറയുന്നത്. ഈ സാഹചര്യത്തിലാണ് അവയവ മാറ്റ ശസ്ത്രക്രിയ പോളിസി ഉടമക്കോ ഭാര്യക്കോ മാത്രമേ അനുവദിക്കൂ എന്നും അതു തന്നെ സർക്കാർ ആശുപത്രിയിലാകണമെന്നും പുതിയ വ്യവസ്ഥ വരുന്നത്. അവയവ മാറ്റം നടത്തിയവർ കോടതിയിലൂടെയാണ് ഇൻഷുറൻസ് തുക കൈപ്പറ്റുന്നത്.
പദ്ധതി നിലവിൽ വന്നശേഷം സർവീസിൽ വന്നവർക്ക് ആരോഗ്യ ഇൻഷുറൻസ് ലഭിക്കണമെങ്കിൽ നിലവിൽ വന്നതുമുതലുള്ള അഥവാ ഇയാൾ സർവീസിൽ ഇല്ലാത്ത കാലത്തെ പ്രീമിയം അടക്കണമെന്നാണ് നിബന്ധന. പദ്ധതിയിൽ ചേരാതിരിക്കാനും പാടില്ല. മെഡിസെപിൽ ചേരാതിരിക്കാനുള്ള അവകാശം അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്.
പണം കൃത്യമായി ലഭിക്കുന്നില്ലെന്ന പേരിൽ പണം ഇല്ലാത്ത ചികിത്സ പല ആശുപത്രികളും നിർത്തി. അതിന് പകരം ചികിത്സാകാലത്ത് രോഗിയിൽ നിന്ന് പണം വാങ്ങുകയും ഇൻഷുറൻസ് തുക കമ്പനിയിൽ നിന്ന് കിട്ടുുമ്പോൾ തിരിച്ചുനൽുകയുമാണ് ചെയ്യുന്നത്. എം.പാനൽ ചെയ്ത ആശുപത്രികളിൽ തന്നെ എല്ലാ വകുപ്പുകളും പദ്ധതിയിൽ വരില്ല. ഒരു ആശുപത്രിയിൽ തന്നെ പദ്ധതിയിൽ വരുന്നതും അല്ലാത്തതുമായ വിഭാഗങ്ങളുണ്ട്. ഇതാകട്ടെ സ്വകാര്യ ആശുപത്രിക്കാർ മാറ്റുന്നതിനാൽ ഏത് ആശുപത്രിയിലാണ് മെഡിസെപ് പരിരക്ഷ കിട്ടുക എന്ന് വ്യക്തമല്ല.
മെഡിസെപ് ആരംഭിച്ച ശേഷം സർക്കാർ ജോലി ഉപേക്ഷിച്ച് പോയാലും ഒരു വർഷത്തെ പ്രീമിയം അടക്കണം. ആനുകൂല്യം പറ്റിയിട്ടണ്ടെങ്കിൽ മൂന്നു വർഷത്തെ പ്രീമിയം അടക്കണം. പദ്ധതിക്കാലത്തിനിടെ മരിച്ചവരുടെ ബന്ധുക്കളിൽ നിന്ന് ചുരുങ്ങിയത് ഒരു വർഷത്തെ പ്രീമിയം സ്വീകരിക്കണമെന്നാണ് വ്യവസ്ഥ. പങ്കാളിത്ത പെൻഷൻകാർ വിരമിക്കുകയാണെങ്കിൽ മെഡിസെപിന്റെ ഒരു വർഷത്തെ പ്രീമിയം അടച്ചേ പറ്റൂ.
നേരത്തെ സർക്കാർ ജീവനക്കാരുടെ ചികിത്സാ ചെലവ് സർക്കാറാണ് വഹിച്ചത്. ചികിത്സക്ക് ശേഷം ബിൽ സമർപിക്കും മുറയ്ക്ക് പണം നൽകുകയാണ് ചെയ്തിരുന്നത്. ഈ ബാധ്യതയിൽ നിന്ന് സർക്കാർ പിൻവാങ്ങിയിരിക്കുകയാണ്.

Latest News