ന്യൂദൽഹി- പാർലമെന്റിൽ ആക്രമണം നടത്തിയ കേസിൽ പിടിയിലായ പ്രതികൾ ദൽഹി പോലീസിന് എതിരെ ഗുരുതര ആരോപണവുമായി രംഗത്ത്. വിവിധ രേഖകളിൽ ഒപ്പിടാനും പ്രതിപക്ഷത്തിന്റെ പേര് പറയാനും പോലീസുകാർ മർദനവും വൈദ്യുതാഘാതവും ഏൽപ്പിച്ചെന്ന് ആരോപിച്ച് പ്രതികൾ സിറ്റി കോടതിയെ സമീപിച്ചു. എഴുപതോളം വരുന്ന ബ്ലാങ്ക് പേപ്പറുകളിൽ ഒപ്പിടാനാണ് പോലീസുകാർ ആവശ്യപ്പെട്ടതെന്ന് മനോരഞ്ജൻ ഡി, സാഗർ ശർമ, ലളിത് ഝാ, അമോൽ ഷിൻഡെ, മഹേഷ് കുമാവത് എന്നിവർ പട്യാല ഹൗസ് കോടതിയിൽ അഡീഷണൽ സെഷൻസ് ജഡ്ജി (എഎസ്‌ജെ) ഹർദീപ് കൗറിന് മുമ്പാകെ നൽകിയ പരാതിയിൽ പറഞ്ഞു. ഒരു രാഷ്ട്രീയ പാർട്ടിയുടെ പേര് പറയാനും നിർബന്ധിച്ചുവെന്ന് പരാതിയിലുണ്ട്.
സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെയും ഇ മെയിലുകളുടെയും പാസ്‌വേഡ് നൽകാൻ നിർബന്ധിച്ചതായും ഇവർ കോടതിയെ അറിയിച്ചു.