സ്‌റ്റോക്ക്‌ഹോം- സ്വീഡനിലെ ഇസ്രായില്‍ എംബസി പരിസരത്ത് കണ്ടെത്തിയ സ്‌ഫോടക വസ്തു പോലീസ് നശിപ്പിച്ചു.
സംശയാസ്പദമായ വസ്തു കണ്ടെത്തിയതിനെ തുടര്‍ന്ന് എംബസി ജീവനക്കാര്‍ അധികൃതരെ അറിയിക്കുകയായിരുന്നു. ഭീകരതയെ ഒട്ടും ഭയപ്പെടില്ലെന്ന് ഇസ്രായില്‍ അംബാസഡര്‍ പറഞ്ഞു.
ബുധനാഴ്ച രാവിലെയാണ് സ്‌റ്റോക്ക്‌ഹോമിലെ ഇസ്രായില്‍ എംബസി പരിസരത്ത് സ്‌ഫോടകവസ്തുവെന്ന് കരുതുന്ന വസ്തു കണ്ടെത്തിയത്. സ്വീഡിഷ് ദേശീയ ബോംബ് സ്‌ക്വാഡ് എത്തിയാണ് നിര്‍വീര്യമാക്കിയത്. ഭീകരാക്രമണശ്രമമാണെന്ന് ഇസ്രായില്‍ അംബാസഡറാണ് വ്യക്തമാക്കിയത്.
ഉപകരണം പിന്നീട് നിയന്ത്രിത രീതിയില്‍ പൊട്ടിത്തെറിച്ചുവെന്ന് പോലീസ് വക്താവ് പറഞ്ഞു. വസ്തുവിന്റെ സ്വഭാവത്തെക്കുറിച്ചോ അത് എംബസി ഗ്രൗണ്ടില്‍ എങ്ങനെ എത്തി എന്നതിനെക്കുറിച്ചോ പോലീസ് വിശദാംശങ്ങളൊന്നും നല്‍കിയില്ല.