Sorry, you need to enable JavaScript to visit this website.

അവിശ്വാസം പാസായി; മൂന്നാർ പഞ്ചായത്ത് എൽ.ഡി.എഫിന് നഷ്ടമായി

ഇടുക്കി - രാഷ്ട്രീയ നാടകങ്ങൾ തുടർക്കഥയായ മൂന്നാർ പഞ്ചായത്തിൽ എൽ.ഡി.എഫിന് ഭരണനഷ്ടം. പ്രസിഡന്റിനെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് എൽ. ഡി. എഫിന് പഞ്ചായത്തിൽ ഭരണം നഷ്ടമായത്. എൽ. ഡി. എഫിന്റെ ജ്യോതി സതീഷ് കുമാറായിരുന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. കോൺഗ്രസിന് ഭൂരിപക്ഷം ഉണ്ടെങ്കിലും മൂന്നാർ പഞ്ചായത്ത് ഭരിച്ചിരുന്നത് എൽ. ഡി. എഫായിരുന്നു.
2020 ഡിസംബറിൽ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ 21 അംഗ ഭരണ സമിതിയിൽ 11 അംഗങ്ങളുടെ പിന്തുണയോടെ കോൺഗ്രസാണ് പഞ്ചായത്തിൽ അധികാരത്തിലെത്തിയത്. എന്നാൽ രണ്ട് അംഗങ്ങൾ കൂറുമാറി ഇടതു പാളയത്തിലേക്ക് പോയതോടെ കോൺഗ്രസിന് ഭരണം നഷ്ടമായി. കൂറുമാറിയവർക്ക് എൽ. ഡി. എഫ് ഭരണത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ ലഭിച്ചു. പിന്നീട് രണ്ട് എൽ. ഡി. എഫ് അംഗങ്ങൾ കൂറുമാറി കോൺഗ്രസിലെത്തി. ഇതിനെ തുടർന്ന് ഭൂരിപക്ഷം ലഭിച്ച കോൺഗ്രസ്, പ്രസിഡന്റിനെതിരേ അവിശ്വാസ പ്രമേയം അവതരിപ്പിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ എൽ. ഡി. എഫ് ഭരണം തുടരുകയായിരുന്നു. എന്നാൽ പിന്നീട് വൈസ് പ്രസിഡന്റിനെ കോൺഗ്രസ് അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കുകയും കോൺഗ്രസ് അംഗത്തെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്തു.
കോൺഗ്രസിന്റെ പരാതിയെ തുടർന്ന്, കൂറുമാറിയ രണ്ട് എൽ. ഡി. എഫ് അംഗങ്ങളെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കിയിരുന്നു. പ്രസിഡന്റിനെതിരെ അവിശ്വാസം നൽകി ആറു മാസം പൂർത്തിയായ സാഹചര്യത്തിലാണ് കോൺഗ്രസ് വീണ്ടും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. കോൺഗ്രസിലെ 11 അംഗങ്ങൾ പ്രമേയത്തെ പിന്തുണച്ചു. എൽ. ഡി. എഫിലെ 8 അംഗങ്ങൾ എതിർത്തു. പതിനഞ്ച് ദിവസത്തിന് ശേഷം പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കും.

Latest News