വടകര- കെ. റെയിൽ വരുന്ന പ്രശ്‌നമില്ലെന്നും അത് മുടക്കിയത് ഞങ്ങൾ തന്നെയാണെന്നും ബി.ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞു. ആര് വിചാരിച്ചാലും അത് തിരിച്ചു കൊണ്ടുവരാനാകില്ല അതിന് ഞങ്ങളെ വികസന വിരോധികൾ എന്ന് പറഞ്ഞാലും വിരോധമില്ലെന്നും സുരേന്ദ്രൻ വടകരയിൽ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര അവഗണനയുടെ പേര് പറഞ്ഞ് ദൽഹിയിൽ സമരത്തിന് പോകുന്നവർ പൊതുഖജനാവിലെ പണമെടുക്കരുത്. വിമാന യാത്രക്ക് എ.കെ.ജി സെന്ററിൽനിന്ന് പണമെടുക്കണം. കേന്ദ്രം കേരളത്തോട് ഒരു അവഗണനയും കാണിക്കുന്നില്ല. കഴിഞ്ഞ 10 വർഷത്തിനിടയിൽ കേരളത്തിന് ലഭിച്ച ആനുകൂല്യങ്ങൾ വെളിപ്പെടുത്താൻ തയ്യാറാകണം. ലഭിച്ച ആനുകൂല്യം തുറന്ന് പറയാൻ പ്രതിപക്ഷവും തയ്യാറാകുന്നില്ല. കേരള മന്ത്രിസഭയിലെ 21ാം മന്ത്രിയായി വി.ഡി സതീശൻ മാറിയതായി സുരേന്ദ്രൻ ആരോപിച്ചു.
അടിസ്ഥാനരഹിതവും ജനത്തെ അപമാനിക്കുന്ന പരാമർശങ്ങളാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയിൽ പറയുന്നത്. ഇന്ന് അയ്യപ്പഭക്തരെ ദേവസ്വം മന്ത്രി നിയമസഭയിൽ അപമാനിച്ചിരിക്കുകയാണ്. യാതൊരു സൗകര്യവും ശബരിമലയിൽ ചെയ്തു കൊടുക്കാത്തതിനാൽ കുട്ടികളുമായെത്തിയ അയ്യപ്പഭക്തർ 18 മണിക്കൂറിലധികം ക്യൂ നിന്ന് തിരിച്ചു പോകുകയാണ് ചെയ്തത്. അവരെയാണ് മന്ത്രി നിയമസഭയിൽ അപമാനിച്ചത്. മന്ത്രിയാകാൻ അദ്ദേഹം കൊള്ളില്ലെന്നും അദ്ദേഹം ആരോപിച്ചു. മറ്റേതെങ്കിലും മതക്കാരെ കുറിച്ച് മന്ത്രി ഇങ്ങിനെ പറയുമോ എന്നും അദ്ദേഹം ചോദിച്ചു.