ന്യൂഡൽഹി - വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് അനുമതി നൽകിയ വാരാണസി ജില്ലാ കോടതി വിധിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അഞ്ചുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി. വിധിയെ മേൽക്കോടതിയിൽ ചോദ്യം ചെയ്യുമെന്ന് പള്ളിക്കമ്മിറ്റിയുടെ സാരഥികളിൽ ഒരാളായ അഖ്‌ലാഖ് അഹമ്മദ് പ്രതികരിച്ചു.
മുസ്‌ലിംകൾ ഇന്നും ആരാധന നിർവഹിച്ച ഗ്യാൻവാപി മസ്ജിദിൽ ഹിന്ദുക്കൾക്ക് പൂജയ്ക്ക് അനുമതി നൽകി ഇന്നാണ് വാരാണസി കോടതിയുടെ വിധിയുണ്ടായത്. മസ്ജിദിലെ സീൽ ചെയ്ത നിലവറകളിലെ തെക്കുഭാഗത്തെ 'വ്യാസ് കാ തഹ്ഖാന' എന്നറിയപ്പെടുന്ന നിലവറയിൽ ഹിന്ദുക്കൾക്ക് പൂജ ചെയ്യാൻ അനുവാദം നൽകണമെന്നാണ് വിധി പ്രഖ്യാപനത്തിലുള്ളത്. ഹരജിക്കാരായ ഹിന്ദുവിഭാഗത്തിന്റെ ആവശ്യം പരിഗണിച്ച് ഏഴുദിവസത്തിനകം ഇത് സാധ്യമാക്കണമെന്നും കാശി വിശ്വനാഥ ക്ഷേത്രത്തിലെ പൂജാരിമാരാണ് പ്രാർത്ഥന നടത്തേണ്ടതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
മസ്ജിദിൽ പൂജക്കുള്ള അനുമതി ചരിത്രപരമാണെന്നും ഈ വിധി കേസിലെ നിർണായക വഴിത്തിരിവാണെന്നും ഹിന്ദു വിഭാഗക്കാരുടെ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ ചൂണ്ടിക്കാട്ടി. ഏഴ് ദിവസത്തിനകം പൂജകൾ നടത്തും. ഈ നിയമയുദ്ധത്തിൽ തങ്ങൾ വിജയിക്കുമെന്നും ഗ്യാൻവാപി പരിസരം ഏത് വ്യക്തിക്കും സന്ദർശിക്കാമെന്നും അദ്ദേഹം പ്രതികരിച്ചു.