ന്യൂദല്‍ഹി - ഇന്ത്യയില്‍ ജയിലുകള്‍ നിറയുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. ജയിലുകളില്‍ സ്ഥലസൗകര്യം ഇല്ലാത്തത് ഞെട്ടിപ്പിക്കുന്നതും ആശങ്കാജനകവുമാണെന്ന് സുപ്രീംകോടതി പറഞ്ഞു. അടുത്ത 50 വര്‍ഷത്തേക്കുള്ള ജയിലുകളുടെ നിര്‍മാണം ഉടനടി ആരംഭിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കോടതി നിര്‍ദ്ദേശം നല്‍കി. തടവുകാരുടെ തിരക്ക് മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം.
ജയിലുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ ഹിമ കോഹ്ലിയും അഹ്സനുദ്ദീന്‍ അമാനുല്ലയും അടങ്ങുന്ന ബെഞ്ചിന്റെ നിര്‍ദേശം. സെന്‍ട്രല്‍, ജില്ലാ, സബ് ജയിലുകളില്‍ അനുവദനീയമായ ശേഷിയേക്കാള്‍ 10 ശതമാനം കൂടുതല്‍ തടവുകാരെ പാര്‍പ്പിച്ചിട്ടുണ്ട്. ചില കേസുകളില്‍ ഇത് 30-50 ശതമാനം അല്ലെങ്കില്‍ നാലിരട്ടിയോളം വരും. ഈ കണക്കുകള്‍ ഭയപ്പെടുത്തുന്നതും ആശങ്കാജനകവുമാണെന്നും കോടതി പറഞ്ഞു.
ഹര്‍ജിയില്‍ ജയിലുകളുടെ എണ്ണത്തെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നല്‍കിയ റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച ശേഷമാണ് സുപ്രീം കോടതി ഇത് സംബന്ധിച്ച പരാമര്‍ശം നടത്തിയത്. അതേസമയം റിപ്പോര്‍ട്ട് സമര്‍പ്പിക്കാതിരുന്ന ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ക്ക് 10,000 രൂപ വീതം പിഴയടക്കുവാനും കോടതി നിര്‍ദ്ദേശിച്ചു.