Sorry, you need to enable JavaScript to visit this website.

യു എ ഇയില്‍ ജോലിയുമായി ബന്ധപ്പെട്ടല്ലാതെ ഗോള്‍ഡന്‍ വിസ സ്വന്തമാക്കാന്‍ മറ്റ് ചില മാര്‍ഗങ്ങളുണ്ട്, അതേക്കുറിച്ചറിയാം

ദുബായ് - വിദേശ പൗരന്മാര്‍ക്ക് രാജ്യത്ത് താമസിക്കാനോ ജോലി ചെയ്യാനോ പഠിക്കാനോ അനുവദിക്കുന്ന ദീര്‍ഘകാല യു എ ഇ റെസിഡന്‍സി പെര്‍മിറ്റാണ് ഗോള്‍ഡന്‍ വിസ.പങ്കാളികളും കുട്ടികളും ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ അവരുടെ പ്രായം പരിഗണിക്കാതെ സ്പോണ്‍സര്‍ ചെയ്യുക, പരിധിയില്ലാത്ത ഗാര്‍ഹിക സഹായങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുക, സാധാരണയായി നിശ്ചയിച്ചിട്ടുള്ള ആറ് മാസത്തില്‍ കൂടുതല്‍ യു എ ഇക്ക് പുറത്ത് താമസിക്കാനുള്ള സൗകര്യം എന്നിങ്ങനെ നിരവധി ആനുകൂല്യങ്ങള്‍ ഗോള്‍ഡന്‍ വിസ നല്‍കുന്നുണ്ട്. 

ദുബായില്‍ മാത്രം, 2023 ന്റെ ആദ്യ പകുതിയില്‍ ഗോള്‍ഡന്‍ വിസകള്‍ നല്‍കുന്നതില്‍ 52 ശതമാനം വര്‍ധനയുണ്ടായതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അധികൃതര്‍ പറയുന്നു. 2022 നവംബര്‍ വരെ, യോഗ്യരായ പ്രോപ്പര്‍ട്ടി വാങ്ങുന്നവര്‍ക്കും നിക്ഷേപകര്‍ക്കും പ്രൊഫഷണലുകള്‍ക്കും മറ്റുള്ളവര്‍ക്കും എമിറേറ്റ് 152,000-ലധികം ഗോള്‍ഡന്‍ വിസകള്‍ നല്‍കിയിട്ടുണ്ട്. 30,000 ദിര്‍ഹമോ അതില്‍ കൂടുതലോ പ്രതിമാസ ശമ്പളത്തില്‍ ആരോഗ്യ സംരക്ഷണം, മീഡിയ, ഐടി, മറ്റ് വ്യവസായങ്ങള്‍ എന്നിവയില്‍ ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്കാണ് സാധാരണ ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹതയുണ്ട്. എന്നാല്‍ യു എ ഇയില്‍ ജോലിയില്ലാത്ത എന്നാല്‍ ചില മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവക്കും 10 വര്‍ഷത്തെയും 5 വര്‍ഷത്തെയും ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. അത് ഏതെല്ലാം മേഖലയില്‍ ഉള്ളവര്‍ക്കാണെന്ന് പരിശോധിക്കാം. 

റിയല്‍ എസ്റ്റേറ്റ് നിക്ഷേപകര്‍
യു എ ഇയില്‍ രണ്ട്  ദശലക്ഷം ദിര്‍ഹമോ അതില്‍ കൂടുതലോ മൂല്യമുള്ള ഭൂമിയോ അല്ലെങ്കില്‍ വസ്തു അല്ലെങ്കില്‍ ഒരു കൂട്ടം വസ്തുക്കളോ സ്വന്തമായുള്ളവര്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹതയുണ്ട്, അത് സ്‌പോണ്‍സറുടെ ആവശ്യമില്ലാതെ തന്നെ പുതുക്കാവുന്നതാണ്. 
 രണ്ട് ദശലക്ഷം മില്യണ്‍ ദിര്‍ഹമോ അതിലധികമോ മൂല്യമുള്ള ഒന്നോ അതിലധികമോ വസ്തുവകകള്‍ ഉടമസ്ഥതയിലുണ്ടെന്ന് തെളിയിക്കുന്നതിന്  അതാത് എമിറേറ്റിലെ ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള ഒരു താല്‍ക്കാലിക കത്ത് ആവശ്യമാണ്, കൂടാതെ തദ്ദേശ സ്ഥാപനം അംഗീകരിച്ച ഒരു നിര്‍ദ്ദിഷ്ട പ്രാദേശിക ബാങ്കില്‍ നിന്നുള്ള വായ്പ വാങ്ങിയതിന്റെ തെളിവും ആവശ്യമാണ്. 

സംരംഭകര്‍

ഗവണ്‍മെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പറയുന്നതനുസരിച്ച്, ''സാങ്കേതികമോ അല്ലെങ്കില്‍ നവീകരണത്തെയും മറ്റും അടിസ്ഥാനമാക്കിയുള്ള ഒരു സാമ്പത്തിക പ്രോജക്റ്റ് സ്വന്തമാക്കിയാല്‍, സംരംഭകര്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹതയുണ്ട് . ഇതിനായി യു എ ഇയിലെ ഒരു ഓഡിറ്ററുടെ അംഗീകാര കത്ത് ആവശ്യമാണ്, പ്രോജക്റ്റിന്റെ മൂല്യം 500,000 ദിര്‍ഹമോ അതില്‍ കൂടുതലോ ആണെന്ന് തെളിയിക്കണം. 

പ്രത്യേക മേഖലയില്‍ കഴിവ് തെളിയിച്ചവര്‍

നിങ്ങള്‍ക്ക് ഏതെങ്കിലും മേഖലയില്‍ ഒരു പ്രത്യേക കഴിവുണ്ടെങ്കില്‍, 10 വര്‍ഷത്തേക്ക് ഗോള്‍ഡന്‍ വിസ ലഭിക്കും. ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍,  സാംസ്‌കാരിക-കലാമേഖലയിലെ സര്‍ഗ്ഗാത്മക വ്യക്തികള്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍, കായികതാരങ്ങള്‍, എന്‍ജിനീയറിങ്, സയന്‍സ് മേഖലകളിലെ വിദഗ്ധര്‍ എന്നിവരെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
ഈ വിഭാഗത്തില്‍ ഗോള്‍ഡന്‍ വിസയ്ക്ക് യോഗ്യത നേടുന്നതിന് വ്യക്തിയുടെ കഴിവ് വ്യക്തമാക്കുന്ന പ്രസക്തമായ രേഖകള്‍ ആവശ്യമാണ്.

മികച്ച മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍

കുറഞ്ഞത് 95 ശതമാനം ഗ്രേഡുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ദേശീയ തലത്തിലെ ടോപ്പര്‍മാര്‍ക്കും അഞ്ച് വര്‍ഷത്തേക്ക് ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹതയുണ്ട്, കൂടുതല്‍ പഠന കാലയളവ് ആവശ്യമുള്ളവര്‍ക്ക്  രാജ്യത്തെ അംഗീകൃത കോളേജുകളിലൊന്നില്‍ വിദ്യാര്‍ത്ഥിയായി എന്റോള്‍ ചെയ്താല്‍ അത് നീട്ടാവുന്നതാണ്.  ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കുന്നതിന് ഒരു വിദ്യാര്‍ത്ഥി വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്ന് ഒരു ശുപാര്‍ശ കത്ത് നേടിയിരിക്കണം. 
മികച്ച സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്ക് 10 വര്‍ഷത്തേക്ക് ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹതയുണ്ട്. വിസയ്ക്ക് യോഗ്യത നേടുന്നതിന്, വിദ്യാര്‍ത്ഥിയുടെ സര്‍വ്വകലാശാലയെ യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം ക്ലാസ് എ അല്ലെങ്കില്‍ ബി ആയി റേറ്റ് ചെയ്തിരിക്കണം, കൂടാതെ സര്‍വ്വകലാശാലയില്‍ നിന്നുള്ള ഒരു ശുപാര്‍ശ കത്തോ അല്ലെങ്കില്‍ 3.5 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ജിപിഎ ഉള്ള അംഗീകൃത ബിരുദ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.
വിദേശ സര്‍വകലാശാലകളില്‍ നിന്നുള്ള മികച്ച വിദ്യാര്‍ത്ഥികള്‍ക്കും 10 വര്‍ഷത്തേക്ക് ഗോള്‍ഡന്‍ വിസ അനുവദിച്ചേക്കാം, വിദ്യാര്‍ത്ഥി ബിരുദം നേടിയിട്ട് രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ആകാന്‍ പാടില്ല. മാത്രമല്ല യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മികച്ച 100 ആഗോള സര്‍വ്വകലാശാലകളില്‍ ഈ സ്ഥാപനത്തെ റേറ്റ് ചെയ്തിരിക്കണം. വിദ്യാര്‍ത്ഥിയുടെ ജി പി എ 3.5 അല്ലെങ്കില്‍ അതില്‍ കൂടുതലായിരിക്കണം. 

മാനുഷിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍

മാനുഷിക പ്രവര്‍ത്തനങ്ങളൃമായി ബന്ധപ്പെട്ട അന്തര്‍ദേശീയ, പ്രാദേശിക സംഘടനകളില്‍ കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും ജോലി ചെയ്തിട്ടുണ്ടെങ്കിലും അല്ലെങ്കില്‍ പൊതു താല്‍പ്പര്യമുള്ള സിവില്‍ അസോസിയേഷനുകളിലും പൊതു താല്‍പ്പര്യമുള്ള സ്ഥാപനങ്ങളിലും കുറഞ്ഞത് അഞ്ച് വര്‍ഷം ജോലി ചെയ്ത  മാനുഷിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്ക് 10 വര്‍ഷത്തേക്ക് ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹതയുണ്ട്.

പ്രതിസന്ധി ഘട്ടങ്ങളില്‍ അസാധാരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുന്നവര്‍  

COVID-19  പോലുള്ള പ്രതിസന്ധിയെ നേരിടാന്‍ അസാധാരണമായ പ്രയത്‌നം കാഴ്ചവെച്ച വ്യക്തികള്‍ക്ക് അംഗീകൃത അതോറിറ്റിയുടെ ശുപാര്‍ശയോടെ ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹതയുണ്ട്.  നഴ്സുമാര്‍, മെഡിക്കല്‍ അസിസ്റ്റന്റുമാര്‍, ലാബ് ടെക്നീഷ്യന്‍മാര്‍, ഫാര്‍മക്കോളജിസ്റ്റുകള്‍ എന്നിവരാണ് ഇതില്‍ ഉള്‍പ്പെടുന്നത്. 

Latest News