ലഖ്‌നൗ- പണം തട്ടാനായി സമൂഹ വിവാഹത്തില്‍ സ്ത്രീകള്‍ വരന്‍മാരില്ലാതെ സ്വയം വിവാഹിതരായി നടത്തിയ വന്‍ തട്ടിപ്പ് പുറത്തായി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സമൂഹ വിവാഹ പദ്ധതിയിലാണ് വ്യാപക തട്ടിപ്പു നടന്നതായി പരാതി ഉയര്‍ന്നത്. ഇതേതുടര്‍ന്ന് പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ മുഖ്യമന്ത്രിയുടെ കൂട്ടവിവാഹ പദ്ധതിയിലാണ് തട്ടിപ്പ് നടന്നതായുള്ള വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. ജനുവരി 25 ന് 568 ദമ്പതികളാണ് ഇവിടെ വിവാഹിതരായത്. എന്നാല്‍ ഇതില്‍ നിരവധി യുവതികള്‍ വരന്‍മാരില്ലാതെയാണ് വിവാഹിതരായതെന്നാണ് പരാതിയില്‍ പറയുന്നത്. ഇത്തരത്തില്‍ യുവതികള്‍ വരന്‍മാരില്ലാതെ വിവാഹിതരാകുന്നതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ സമൂഹ വിവാഹ പദ്ധതിയിലൂടെ ഓരോ ദമ്പതിമാര്‍ക്കും സര്‍ക്കാര്‍ 51,000 രൂപ വീതം നല്‍കുന്നുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സമൂഹവിവാഹ പദ്ധതി സംഘടിപ്പിക്കുന്നുണ്ട്. ബല്ലിയ ജില്ലയില്‍ 568 ദമ്പതികളുടെ വിവാഹങ്ങളാണ് നടന്നത്. യുവതികള്‍ സ്വന്തം കൈകൊണ്ട് കഴുത്തില്‍ വരണമാല്യം ചാര്‍ത്തുന്നത് പുറത്തു വന്ന വീഡിയോകളില്‍ കാണാന്‍ കഴിയും. അന്വേഷണത്തില്‍, ഇവരില്‍ പലരും വിവാഹങ്ങള്‍ കാണാനെത്തിയവരാണെന്നും പണം നല്‍കി അവരെ സ്വധീനിച്ച് സമൂഹവിവാഹ പദ്ധതിയില്‍ പങ്കാളികളാക്കിയെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. വിവാഹ ധനസഹായമായി സര്‍ക്കാര്‍ നല്‍കുന്ന പണം ഇത്തരത്തില്‍ കൊള്ളയടിക്കപ്പെട്ടതായുള്ള വിവരങ്ങളാണ് ഇപ്പോള്‍ തെളിവുകള്‍ സഹിതം പുറത്തു വന്നിരിക്കുന്നത്.