- ഭിന്നശേഷിക്കാർക്ക് പുതിയ പദ്ധതികളുമായി പഞ്ചായത്ത്
കോഴിക്കോട് - അഞ്ചുമാസത്തെ പെൻഷൻ കിട്ടാതെ ഭിന്നശേഷിക്കാരൻ ആത്മഹത്യ ചെയ്ത പഞ്ചായത്തിൽ, പ്രായശ്ചിതമെന്നോണം ഭിന്നശേഷിക്കാർക്ക് വിവിധ പദ്ധതികളുമായി ഗ്രാമപഞ്ചായത്ത് രംഗത്ത്.
ഭിന്നശേഷിക്കാരെ ചേർത്തുപിടിക്കാൻ വിവിധ പദ്ധതികളാണ് ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് ആസൂത്രണം ചെയ്തത്. ഭിന്നശേഷിക്കാർക്കായി ശ്രുതി പദ്ധതി പ്രഖ്യാപനവും ഭിന്നശേഷി സർവേ പൂർത്തീകരിച്ച് സജീവം വെബ്സൈറ്റ് പ്രകാശനവും പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാർക്കായി വിവിധ തെറാപ്പികൾ, തൊഴിലിടങ്ങൾ, വിനോദ വിശ്രമ കേന്ദ്രങ്ങൾ എന്നിവയടങ്ങിയ വിപുലമായ സംവിധാനങ്ങൾ ഒരുക്കുകയാണ് ശ്രുതി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
വെബ് സൈറ്റ് പ്രകാശനം സംസ്ഥാന ഭിന്നശേഷി ഉപദേശക സമിതി അംഗം ഡോ. എം കെ ജയരാജ് നിർവഹിച്ചു. കേരളത്തിൽ ആദ്യമായി ഒരു ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷിക്കാരുടെ സർവ്വേ പൂർത്തീകരിച്ചു വെബ്സൈറ്റ് പുറത്തിറക്കുന്ന ഏക പഞ്ചായത്തായി ഇതോടെ ചക്കിട്ടപ്പാറ മാറിയെന്ന് അധികൃതർ പറഞ്ഞു.
ചടങ്ങിൽ വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷന്മാരായ ഇ എം ശ്രീജിത്ത്, സി കെ ശശി, വി കെ ബിന്ദു, ഹെൽത്ത് ഇൻസ്പെക്ടർ സീന ബായ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി സി സുരാജൻ, സി.ഡി.എസ് ചെയർപേഴ്സൺ ശോഭ പട്ടാണികുന്നേൽ, ഡോക്ടർമാരായ ഷാരോൺ, അബ്ദുൽ റാസിഖ്, വിനോദ്, പാലിയേറ്റിവ് നേഴ്സ് പുഷ്പ സുരാജൻ, ജനപ്രതിനിധികൾ, ബോബി ഓസ്റ്റിൻ, രവീന്ദ്രൻ പി സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് സ്നേഹ സംഗമവും നടത്തി.