- നഴ്‌സിംഗ് കോളേജ് ഈ വർഷം ആരംഭിക്കും
മാഹി - മയ്യഴിയുടെ വികസന പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടാൻ പുതുച്ചേരിയിൽ മുഖ്യമന്ത്രി എൻ രംഗസ്വാമിയുടെ ചേംബറിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായതായി മാഹി എം.എൽ.എ രമേശ് പറമ്പത്ത് അറിയിച്ചു. ഇതിന്റെ ഭാഗമായ് മാഹി ഗവ. ആശുപത്രിയുടെ ഭാഗമായി നിർമിക്കുന്ന ട്രോമ കെയറിന്റെ കെട്ടിട നിർമാണം ഉൾപ്പെടെ പൂർത്തിയാക്കാനുള്ള ടെണ്ടർ നടപടികൾ 15 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും.
പള്ളൂർ ആശുപത്രിക്ക് പുതിയ കെട്ടിടം നിർമിക്കാൻ ഏറ്റെടുത്ത സ്ഥലത്ത് കെട്ടിടനിർമാണം തുടങ്ങാനുള്ള പ്രാരംഭ നടപടികൾ ഉടനെ പൂർത്തിയാക്കണമെന്ന് പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകി. നബാർഡിൽ നിന്നും ആവശ്യമായ വായ്പ ലഭ്യമാക്കി അടുത്ത സാമ്പത്തിക വർഷം തന്നെ കെട്ടിട നിർമാണം പൂർത്തിയാക്കും.
മാഹി രാജീവ് ഗാന്ധി ആയുർവ്വേദ മെഡിക്കൽ കോളേജിലെ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള ഹോസ്റ്റലുകളും നിർമിക്കാൻ അടിയന്തര നടപടികൾ കൈക്കൊള്ളും. ആയ്യൂർവേദ ആശുപത്രിയുടെ മുകളിൽ പുതുതായി കെട്ടിടം പണിയുവാനും പുതിയ ഒ.പി ഡിപ്പാർട്ട്‌മെന്റ് പ്രവർത്തിപ്പിക്കാൻ നടപടിയുണ്ടാവുമെന്നും യോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചു.
മാഹി നഴ്‌സിങ്ങ് കോളേജ് ഈ അധ്യയന വർഷം തന്നെ തുടങ്ങും. ആദ്യവർഷം 30 മുതൽ 40 വരെ സീറ്റുകളാണുണ്ടാവുക. മാഹി ഗവ. എൽ.പി.സ്‌കൂൾ നഴ്‌സിങ്ങ് കോളേജിനായി ഉപയോഗിക്കും. പ്രാരംഭ നടപടികൾ തുടങ്ങിയതായും മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. മാഹി ഗവ. ആശുപത്രിയിൽ കൂടുതൽ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരെ ഒരു മാസത്തിനകം നിയമിക്കും. മതിയായ മെഡിക്കൽ ഓഫീസർമാരെയും നിയമിക്കാനുള്ള നടപടികൾ ആരംഭിച്ചു .
മാഹി മഞ്ചക്കൽ ബോട്ട് ഹൗസിൽ ടൂറിസം വകുപ്പിന് കീഴിൽ ഉണ്ടായിരുന്ന ലേ കഫെ റസ്റ്റോറന്റ് നവീകരിച്ച് ഉടനെ പ്രവർത്തനം തുടങ്ങാൻ നിർദ്ദേശം നൽകി. മാഹി പുഴയോര നടപ്പാതയുടെ നിർമാണം ബാക്കിയായ കുറച്ച് ഭാഗം ഉടനെ പൂർത്തിയാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.