ന്യൂദൽഹി-അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ അപലപിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചതിന് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരോടും മകൾ സൂര്യ അയ്യരോടും ദൽഹിയിലെ വീട് ഒഴിയാൻ നിർദ്ദേശം. ദൽഹിയിലെ ജംഗ്പുരയിലെ വീട് ഒഴിയണം എന്നാവശ്യപ്പെട്ട് റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷനാണ് നോട്ടീസ് അയച്ചത്. മറ്റുള്ളവരുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുകയും സമാധാനത്തിന് ഭംഗം വരുത്തുകയും ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും നോട്ടീസിൽ പറയുന്നു. കോളനിയിലെ സമാധാനം തകർക്കുന്നതോ താമസക്കാരുടെ മതവികാരം വ്രണപ്പെടുത്തുന്നതോ ആയ ഒരു താമസക്കാരനെ ഇവിടെ പാർപ്പിക്കാനാകില്ല. വെറുപ്പിനെതിരെ ആളുകൾക്ക് കണ്ണടയ്ക്കാൻ കഴിയുന്ന മറ്റൊരു കോളനിയിലേക്ക് ദയവായി മാറാൻ ഞങ്ങൾ നിങ്ങളോട് നിർദ്ദേശിക്കുന്നുവെന്നും നോട്ടീസിലുണ്ടെന്ന് സൂര്യ അയ്യർ പറഞ്ഞു.
രാമക്ഷേത്രത്തിലെ പ്രാൺ പ്രതിഷ്ഠാ ചടങ്ങിൽ പ്രതിഷേധിച്ചാണ് താൻ നിരാഹാരമിരിക്കുന്നതെന്ന് ജനുവരി 20ന് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ സൂര്യ അയ്യർ അവകാശപ്പെട്ടിരുന്നു. മുസ്‌ലിം പൗരന്മാരോടുള്ള സ്‌നേഹത്തിന്റെയും ദുഃഖത്തിന്റെയും പ്രകടനമാണ് ഈ നോമ്പെന്നും അവർ വ്യക്തമാക്കിയിരുന്നു. ഇതാണ് അസോസിയേഷനെ പ്രകോപിപ്പിച്ചത്.
സാമൂഹ്യ മാധ്യമങ്ങളിലൂടെ സൂര്യ അയ്യർ പറഞ്ഞത് വിദ്യാസമ്പന്നനായ ഒരു വ്യക്തിക്ക് യോജിച്ചതല്ലെന്നും 500 വർഷത്തിന് ശേഷമാണ് രാമക്ഷേത്രം നിർമ്മിക്കുന്നതെന്നും റസിഡൻസ് അസോസിയേഷൻ പറഞ്ഞു. അൻപത് വർഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് വിധി വന്നത്. നിങ്ങൾക്ക് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ സ്വാതന്ത്ര്യമെടുക്കാം. പക്ഷെ, ഇന്ത്യയുടെ സുപ്രീം കോടതിയുടെ അഭിപ്രായത്തിനേക്കാൾ വലുതായി ഒന്നുമില്ല. ജനങ്ങളെ പ്രകോപിപ്പിക്കരുതെന്നും പൗരന്മാർക്കിടയിൽ വിദ്വേഷവും അവിശ്വാസവും സൃഷ്ടിക്കരുതെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. ദയവു ചെയ്ത് വീട് ഒഴിഞ്ഞുപോകുകയും ഇത്തരം കാര്യങ്ങളോട് കണ്ണടക്കുകയും ചെയ്യുന്ന മറ്റൊരിടത്തേക്ക് താമസം മാറണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.