Sorry, you need to enable JavaScript to visit this website.

സൗദിയില്‍ വാരാന്ത്യ അവധി ശനി-ഞായര്‍ ആകുമോ... സത്യാവസ്ഥ എന്താണ്?

റിയാദ് - സൗദി അറേബ്യയിലെ വാരാന്ത്യ അവധിദിനങ്ങള്‍ മാറുമോ? നിലവിലുള്ള വെള്ളി-ശനി എന്നത് മാറി ശനി-ഞായര്‍ ആകുമോ? സാമൂഹിക മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പ്രചരിക്കുന്നു. സൗദി അധികൃതര്‍ ഇതുവരെ ഇക്കാര്യത്തില്‍ ഔദ്യോഗികമായി ഒന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഈ ദിശയിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് വിവിധ മേഖലകളിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്.

നിരവധി അന്താരാഷ്ട്ര കമ്പനികള്‍ അവരുടെ മിഡിലീസ്റ്റ് ആസ്ഥാനം റിയാദിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇത് പ്രോത്സാഹിപ്പിക്കുന്നതിനായി സൗദി ഭരണകൂടം നിരവധി ആനുകൂല്യങ്ങള്‍ നല്‍കുന്നുമുണ്ട്. അന്താരാഷ്ട്ര കമ്പനികളെ സംബന്ധിച്ച് അവരുടെ ബിസിനസ് ഫ്‌ളോ നിലനിര്‍ത്താന്‍ ആഗോള അവധി ദിനമായ ഞായറാഴ്ച അവധി നല്‍കി വെള്ളിയാഴ്ച പ്രവൃത്തിദിനമാക്കുന്നതാണ് ഗുണകരം. പ്രമുഖ ആഗോള കമ്പനികള്‍ റിയാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനാല്‍ ഈയാവശ്യം ബിസിനസ് മേഖലയില്‍നിന്ന് ഉയരാന്‍ തുടങ്ങിയിട്ടുണ്ട്.

സാമ്പത്തിക ലോകത്തെ സംബന്ധിച്ച് വെള്ളിയാഴ്ച ഒരു പ്രധാന പ്രവൃത്തിദിനമായതിനാല്‍ അന്ന് അവധി നല്‍കുന്നത് രാജ്യത്തിന് സാമ്പത്തിക നഷ്ടം വരുത്തുന്നു എന്നതാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. അയല്‍രാജ്യമായ യു.എ.ഇയുടെ ചുവടുപിടിച്ച് സൗദി അറേബ്യ അതിന്റെ വാരാന്ത്യം ശനി-ഞായര്‍ ദിവസങ്ങളിലേക്ക് മാറ്റുന്നത് പരിഗണിക്കണമോ എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കുറച്ചുകാലമായി തുടരുകയാണ്.

ഈയിടെ എക്‌സ് പ്ലാറ്റ്‌ഫോമില്‍ ഇതുസംബന്ധിച്ച് സംഘടിപ്പിച്ച സംവാദത്തില്‍ നിരവധി അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. വെളളി അവധി മാറ്റാനാകില്ലെന്ന് പലരും വാദിച്ചപ്പോള്‍ മറ്റു ചിലര്‍ വെളളി പ്രവൃത്തിദിനമാക്കുന്നതിന്റെ ഗുണങ്ങള്‍ ചൂണ്ടിക്കാട്ടി. വെളളിയാഴ്ച വര്‍ക് ഫ്രം ഹോം രീതിയില്‍ മാറ്റണമെന്നും ശനിയും ഞായറും അവധി നല്‍കണമെന്നുമായിരുന്നു മറ്റു ചിലരുടെ ആവശ്യം. ജുമുഅ നമസ്‌കാരത്തിന് ശേഷം മഗ്രിബ് വരെ വര്‍ക് ഫ്രം ഹോം ജോലി സമയം നിജപ്പെടുത്തണമെന്നും ചിലര്‍ നിര്‍ദേശിച്ചു. എന്നാല്‍ ഇതൊന്നും ഔദ്യോഗികമല്ല.

ശനി-ഞായര്‍ വാരാന്ത്യം പിന്തുടരുന്ന രാജ്യങ്ങളുമായി സാമ്പത്തിക, വ്യാപാര, സാമ്പത്തിക ഇടപാടുകള്‍ സുഗമമാകും എന്നതാണ് വാരാന്ത്യ അവധി ദിനം മാറ്റിയപ്പോള്‍ യു.എ.ഇ പറഞ്ഞത്. യു.എ.ഇ ആസ്ഥാനമായുള്ള, ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ശക്തമായ അന്താരാഷ്ട്ര ബിസിനസ് ബന്ധങ്ങളുണ്ട്. മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന്, പ്രത്യേകിച്ച് സൗദി അറേബ്യയില്‍നിന്ന് അന്താരാഷ്ട്ര ബിസിനസില്‍ മത്സരങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലും കോവിഡിന് ശേഷമുള്ള ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗമായുമാണ് അവധിദിന മാറ്റത്തെ യു.എ.ഇ കണ്ടത്.

നിലവില്‍, സൗദി വാരാന്ത്യ അവധിദിനം, അന്തരിച്ച അബ്ദുല്ല രാജാവ് പുറപ്പെടുവിച്ച 2013 ലെ രാജകീയ ഉത്തരവിന് അനുസൃതമായാണ്. വ്യാഴം-വെള്ളി എന്നത് മാറ്റി വെള്ളി-ശനി ആക്കിയത് അബ്ദുല്ല രാജാവാണ്. സൗദിയുടെ ബിസിനസ്, സാമ്പത്തിക പ്രവര്‍ത്തനങ്ങളെ അന്താരാഷ്ട്ര വിപണികളുമായി ബന്ധിപ്പിക്കുന്നതിനാണ് ഈ നീക്കം. ജി.സി.സി രാജ്യമായ ഖത്തര്‍ രണ്ട് പതിറ്റാണ്ട് മുമ്പ് വാരാന്ത്യ അവധി ദിനം മാറ്റിയിരുന്നു. 2006 ല്‍ ബഹ്‌റൈനും അടുത്ത വര്‍ഷം കുവൈത്തും ഇതേ പാതയില്‍വന്നു. മേഖലയിലെ മറ്റ് രാജ്യങ്ങളുമായി തങ്ങളുടെ ബാങ്കിംഗ്, ബിസിനസ് ദിനങ്ങള്‍ വിന്യസിക്കാന്‍ 2013 ല്‍ സൗദി ചെയ്യുന്നതിന് ഒരു മാസം മുമ്പ് സുല്‍ത്താനേറ്റ് ഓഫ് ഒമാനും വ്യാഴം-വെള്ളി മാറ്റി വെള്ളി-ശനി ആക്കിയിരുന്നു.

അറബ് ലോകത്ത്, അള്‍ജീരിയ, ഈജിപ്ത്, ജോര്‍ദാന്‍, ലിബിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍ വെള്ളി-ശനി വാരാന്ത്യമാണ്. ലെബനന്‍, മൊറോക്കോ, ടുണീഷ്യ എന്നിവക്ക് ശനിയും ഞായറുമാണ് അവധി. വെള്ളിയാഴ്ച പ്രാര്‍ഥനക്കായി ഇവിടെ ഇടവേള നല്‍കുകയാണ് പതിവ്.

READ MORE:

ഇസ്രായിലില്‍ ഹിസ്ബുള്ളയുടെ റോക്കറ്റാക്രമണം

ഈജാറിന് രണ്ട് പോരായ്മകളുണ്ട്, ചൂണ്ടിക്കാണിച്ച് സൗദി മാധ്യമപ്രവര്‍ത്തകന്‍

 

Latest News