Sorry, you need to enable JavaScript to visit this website.

ഗാസയില്‍ അല്‍ അമല്‍ ആശുപത്രിയില്‍ ഇരച്ചുകയറി ഇസ്രായില്‍ സൈന്യം, ഡോക്ടര്‍മാരെ പുറത്താക്കി

ഗാസ- ഖാന്‍ യൂനിസിലെ അല്‍അമല്‍ ഹോസ്പിറ്റലില്‍ ഇരച്ചുകയറിയ ഇസ്രായില്‍ സൈന്യം ഡോക്ടര്‍മാരോട് സ്ഥലം വിടാന്‍ ആവശ്യപ്പെടുകയും ഫലസ്തീനികളെ ഒഴിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഫലസ്തീന്‍ റെഡ് ക്രസന്റ് ആരോപിച്ചു. എന്നാല്‍ അല്‍ അമല്‍ ആശുപത്രിയില്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് പറഞ്ഞ ഇസ്രായില്‍ ഭീകരര്‍ ആശുപത്രിയില്‍ ഒളിച്ചാലും ആക്രമിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.
ഇസ്രായില്‍ സൈനിക ടാങ്കുകള്‍ അല്‍അമല്‍ ആശുപത്രിയുടെ മുറ്റത്ത് റെയ്ഡ് നടത്തിയതായും ആളുകളോട് ഉടന്‍ സ്ഥലം ഒഴിയാന്‍ ഉത്തരവിട്ടതായും പി.ആര്‍.സി.എസ് ദുരിതാശ്വാസ കോര്‍ഡിനേറ്റര്‍ സലീം അബു റാസ് പറയുന്നു.
'സാഹചര്യം വളരെ ബുദ്ധിമുട്ടാണ്. ആളുകള്‍ ശരിക്കും ഭയപ്പെടുന്നു. പോകാന്‍ ഒരിടവുമില്ല, 'അദ്ദേഹം തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പറഞ്ഞു.
'രാവിലെ മുതല്‍ ഷെല്ലാക്രമണം നിലച്ചിട്ടില്ല. ആശുപത്രിയുടെ മുറ്റത്ത് കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കായി സ്ഥാപിച്ചിരുന്ന തമ്പിന് ഇസ്രായില്‍ സൈന്യം തീയിട്ടു.
ഇസ്രായില്‍ ആശുപത്രികളില്‍ സൈന്യം കയറുന്നത് യുദ്ധം ചെയ്യാനല്ലെന്നും മറിച്ച് 'ഭീകരര്‍ എവിടെ ഒളിച്ചാലും' പിന്നാലെ പോകുമെന്നും ഇസ്രായിലി സൈനിക മേധാവി ഹെര്‍സി ഹലേവി പറഞ്ഞു. 'ആശുപത്രികളെ യുദ്ധക്കളങ്ങളാക്കി മാറ്റാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ആശുപത്രികള്‍ക്ക് കീഴിലുള്ള ഷാഫ്റ്റുകളിലും തുരങ്കങ്ങളിലും  ഭീകരര്‍ അഭയം പ്രാപിക്കാന്‍ അനുവദിക്കില്ല. ഭീകരത ഇല്ലാതാക്കാന്‍ ഇസ്രായില്‍ സൈന്യം ഏറ്റവും സങ്കീര്‍ണ്ണമായ സ്ഥലങ്ങളില്‍ പ്രവേശിക്കുമെന്നും ഹലേവി കൂട്ടിച്ചേര്‍ത്തു.
അതിനിടെ, സെന്‍ട്രല്‍ ഗാസയിലെ ദിയര്‍ എല്‍ബാലയിലെ ഒരു വീടിന് നേരെ ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 16 പേര്‍ കൊല്ലപ്പെട്ടതായി റെഡ് ക്രസന്റ് പറയുന്നു.
'ഗാസക്കെതിരായ ക്രൂരമായ ആക്രമണം അവസാനിപ്പിക്കുന്നതിനും അധിനിവേശ സേനയെ പൂര്‍ണമായും പിന്‍വലിക്കുന്നതിനുമാണ് മുന്‍ഗണനയന്ന് ഹമാസിന്റെ രാഷ്ട്രീയ മേധാവി പുതിയ വെടിനിര്‍ത്തര്‍ നിര്‍ദ്ദേശം അവലോകനം ചെയ്തുകൊണ്ട് പറഞ്ഞു.

 

 

 

Latest News