സി.ആര്‍.പി.എഫ് സുരക്ഷയില്‍ കൊച്ചിയിലെത്തിയ ഗവര്‍ണര്‍ക്ക് എസ്.എഫ്.ഐ കരിങ്കൊടി

കൊച്ചി- സി.ആര്‍.പി.എഫ് സുരക്ഷയില്‍ കൊച്ചിയിലെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. കളമശേരിയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ബാനറുകളും കരിങ്കൊടികളുമുയര്‍ത്തിയാണ് പ്രതിഷേധിച്ചത്. വൈകീട്ട് എട്ടരയോടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തി കൊച്ചിയിലെ കോസ്റ്റ് ഗാര്‍ഡ് ആസ്ഥാനത്തേക്ക് പോകുന്ന വഴിയാണ് സംഘി ചാന്‍സലര്‍ ഗോ ബാക്ക് മുദ്രാവാക്യമുയര്‍ത്തി എസ്.എഫ്.ഐ പ്രതിഷേധിച്ചത്. ഗവര്‍ണര്‍ വൈകീട്ട് 6.30ന് എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. അതിനാല്‍ വൈകുന്നേരത്തോടെ തന്നെ വഴിയരികില്‍ സംഘടിച്ചു നിന്ന എസ്.എഫ്.ഐ പ്രവര്‍ത്തകരെ പോലീസ് ഇടപെട്ട് പിന്തിരിപ്പിച്ചിരുന്നു. എന്നാല്‍ രണ്ടു മണിക്കൂര്‍ വൈകി ഗവര്‍ണറുടെ വാഹനം വരുന്ന സമയത്ത് റോഡരികില്‍ സംഘടിച്ച പ്രവര്‍ത്തകര്‍ ബാനറും കരിങ്കൊടികളുമായി അപ്രതീക്ഷിതമായി പ്രതിഷേധിക്കുകയായിരുന്നു. ഇന്നും പ്രതിഷേധം തുടരുമെന്നാണ് എസ്.എഫ്.ഐ പറയുന്നത്.

കോസ്റ്റ് ഗാര്‍ഡുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാനായാണ് ഗവര്‍ണര്‍ കൊച്ചിയിലെത്തിയത്. കോസ്റ്റ് ഗാര്‍ഡ് ഗസ്റ്റ് ഹൗസില്‍ താമസിക്കുന്ന ഗവര്‍ണര്‍ ഇന്ന് കോസ്റ്റ് ഗാര്‍ഡിന്റെ 48-ാമത് റേസിങ് ഡേ പരേഡില്‍ പങ്കെടുക്കും. രാവിലെ 7.30ന് കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലില്‍ വച്ചാണ് ചടങ്ങുകള്‍. അതിനു ശേഷം കൊച്ചിയില്‍ തങ്ങുന്ന ഗവര്‍ണര്‍ മറ്റൊരു പരിപാടിയില്‍ കൂടി പങ്കെടുത്ത ശേഷം നാളെ പുണെയ്ക്ക് മടങ്ങും. ഗവര്‍ണറുടെ സുരക്ഷ ഏറ്റെടുക്കാനുള്ള സി.ആര്‍.പി.എഫിന്റെ 65 അംഗ പ്രത്യേക സംഘം ബാംഗ്ലൂരില്‍നിന്ന് ഇന്ന് കൊച്ചിയില്‍ എത്തിയിരുന്നു.

 

 

Latest News