ധാക്ക- മ്യാന്‍മറില്‍ നിന്നും ഏഴു ലക്ഷത്തിലേറെ റോഹിംഗ്യ മുസ്ലിം വംശജരെ രാജ്യത്തിനു പുറത്തേക്ക് തുരത്തിയോടിച്ചതില്‍ ഉന്നത സൈനിക മേധാവികള്‍ക്ക് പങ്കുണ്ടെന്ന യു.എന്‍ വസ്തുതാന്വേഷണ സംഘത്തിന്റെ റിപോര്‍ട്ട് പുറത്തു വന്ന പശ്ചാത്തലത്തില്‍ കുറ്റക്കാരായ സൈനിക മേധാവികള്‍ക്കെതിരെ നിയമനപടി യു.എന്‍ ഉറപ്പുവരുത്തണമെന്ന് ബംഗ്ലദേശിലെ റോഹിംഗ്യ നേതാക്കള്‍ ആവശ്യപ്പെട്ടു. മ്യാന്‍മറിലെ ന്യൂനപക്ഷ മുസ്ലിം വിഭാഗമായ റോഹിംഗ്യകളെ അയല്‍രാജ്യമായ ബംഗ്ലദേശിലേക്ക് തുരത്തിയോടിച്ച കുറ്റത്തിന് മ്യാന്‍മര്‍ സൈനിക മേധാവിക്കും അഞ്ചു മറ്റു മുതിര്‍ന്ന സൈനിക തലവന്‍മാര്‍ക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് യുഎന്‍ അന്വേഷണ സംഘം കഴിഞ്ഞ ദിവസം ശുപാര്‍ശ ചെയ്തിരുന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയ സൈനിക തലവന്‍മാരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ വിചാരണ ചെയ്യണമെന്നും റോഹിംഗ്യ നേതാക്കള്‍ ആവശ്യപ്പെട്ടു.
യു.എന്‍ മനുഷ്യാവകാശ സമിതിയാണ് പ്രത്യേക സംഘത്തെ മ്യാന്‍മറിലെ മനുഷ്യാവകാശ ധ്വംസനങ്ങളും റോഹിംഗ്യകള്‍ക്കെതിരായ ഭരണകൂട ആക്രമണവും അന്വേഷിക്കാന്‍ നിയോഗിച്ചിരുന്നത്. സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. റോഹിംഗ്യകള്‍ക്കെതിരെ സൈനികരുടെ നേതൃത്വത്തില്‍ നടന്ന വ്യാപക അതിക്രമങ്ങളും ക്രൂരതയും റിപോര്‍ട്ട് വിശദീകരിക്കുന്നുണ്ട്. കൊലപാതകം, തട്ടിക്കൊണ്ടു പോകല്‍, പീഡനം, ലൈംഗികാതിക്രമം തുടങ്ങിയ ക്രൂരതകള്‍ വന്‍തോതിലാണ് നടന്നിട്ടുള്ളതെന്നും 2017ല്‍ പതിനായിരത്തോളം റോഹിംഗ്യന്‍ വംശജര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു. ഈ ആരോപണങ്ങളെ മ്യാന്‍മര്‍ നിഷേധിച്ചിട്ടുണ്ട്. റോഹിംഗ്യന്‍ വിമതരുടെ ആക്രമണങ്ങളോട് പ്രതികരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
യുഎന്‍ അന്വേഷണ സംഘം പുറത്തു കൊണ്ടു വന്നിരിക്കുന്നത് വസ്തുതയാണെന്നും സൈനിക തലവന്‍മാര്‍ക്കെതിരെ നിയമനടപടി വേണെന്ന യുഎന്നിന്റെ ആവശ്യത്തെ സ്വാഗതം ചെയ്യുന്നതായും ബംഗ്ലാദേശിലെ റോഹിംഗ്യ നേതാക്കള്‍ അറിയിച്ചു. ഇനി യുഎന്‍ ചെയ്യേണ്ടത് നീതി നടപ്പാക്കുമെന്ന് ഉറപ്പു വരുത്തുകയാണെന്ന് റോഹിംഗ്യ നേതാവാ അബ്ദുല്‍ ഗൗഫര്‍ പറഞ്ഞു.
മ്യാന്‍മറിലെ മുസ്ലിം വംശഹത്യ കേസ് ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്കു കൈമാറുകയോ അല്ലെങ്കില്‍ ഒരു രാജ്യാന്തര ക്രിമിനല്‍ ട്രൈബ്യൂണലിനു വിടുകയോ ചെയ്യണമെന്ന് യുഎന്‍ രക്ഷാസമിതിയോട് യു.എന്‍ അന്വേഷണ സംഘം ശുപാര്‍ശ ചെയ്തിട്ടുണ്ട്.
റോഹിംഗ്യകള്‍ക്കെതിരായ സൈനിക നടപടി അവസാനിപ്പിക്കണമെന്നും അവരെ സുരക്ഷിതരായി തിരിച്ചെത്താന്‍ അനുവദിക്കണമെന്നും യുഎന്‍ രക്ഷാ സമിതി പല തവണ മ്യാന്‍മറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രക്ഷാ സമിതിയുടെ ശ്രമങ്ങളെ മ്യാന്മറിനെ പിന്തുണക്കുന്ന ചൈന തടയുകയായിരുന്നു. മ്യാന്‍മറിനെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി കയറ്റുന്നത് തടയാനും രക്ഷാസമിതി അംഗമായ ചൈനയ്ക്കു കഴിയും.
അന്വേഷണം നടത്തിയ യുഎന്‍ സംഘത്തെ മ്യാന്‍മര്‍ അധികൃതര്‍ രാജ്യത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. ഭരണകൂട ആക്രമണത്തിനു വിധേയരായ 875 ഇരകളുടെ മൊഴിയെടുത്തും സാറ്റലൈറ്റ് ചിത്രങ്ങളും മറ്റു ആധികാരിക ഉറപ്പു വരുത്തിയ രേഖകള്‍ ഉപയോഗിച്ചുമാണ് യുഎന്‍ സംഘം അന്വേണം പൂര്‍ത്തിയാക്കിയത്.