മലപ്പുറം-പരിയാപുരത്തു ഡീസൽ ടാങ്കർ ദുരന്തമുണ്ടായി ആറുമാസമായിട്ടും ദുരിതബാധിതർക്ക് അധികൃതർ നൽകിയ ഉറപ്പു പാലിച്ചില്ല. 2023 ഓഗസ്റ്റ് 20നാണ് പരിയാപുരത്തുകാരെ ദുരിതത്തിലാഴ്ത്തിയ ഡീസൽ ടാങ്കർ ദുരന്തമു ണ്ടായത്. അപകടത്തിൽപ്പെട്ട ടാങ്കറിൽ നിന്നു ഡീസൽ കിനിഞ്ഞിറങ്ങി പ്രദേശത്തെ ജലാശയങ്ങളെല്ലാം ഉപയോഗ ശൂന്യമായപ്പോൾ ആവശ്യത്തിനുള്ള വെള്ളം എത്തിക്കാമെന്ന് അധികൃതർ ഉറപ്പു നൽകിയിരുന്നു. പ്രദേശത്തെ എസ്.എച്ച് കോൺവെന്റിന്റെ അടക്കം ആറോളം കിണറുകളിൽ ഇപ്പോഴും ഡീസൽ സാന്നിധ്യം നിലനിൽക്കുന്നു. സംഭവത്തിനു
ശേഷം വാട്ടർ അഥോറിറ്റി നിത്യവും വെള്ളമെത്തിക്കുമെന്നു ഉറപ്പു നൽകിയിരുന്നുവെങ്കിലും ഒരാഴ്ചയോളം വെള്ളം
പമ്പ് ചെയ്യാത്ത അവസ്ഥയുണ്ടായി. വേനൽ കടുക്കുമ്പോൾ ജലക്ഷാമം അനുഭവപ്പെടുമെന്നു പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. സംഭവമുണ്ടായിട്ടു ആറുമാസം പിന്നിട്ടിട്ടും വാട്ടർ അഥോറിറ്റിയുടെ കണക്ഷൻ നൽകി എന്നല്ലാതെ ഇവിടുത്തുകാരുടെ ദുരിതത്തിനു പരിഹാരമായില്ല. പ്രശ്‌നത്തിനു പരിഹാരം കാണാൻ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും യോഗം ചേർന്നിരുന്നുവെങ്കിലും അതിൽ നടപ്പാക്കുമെന്നു അറിയിച്ച തീരുമാനങ്ങൾ ഇതുവരെയും നടപ്പായിട്ടില്ല. ദുരിതമനുഭവിക്കുന്ന പ്രദേശത്തേക്ക് എല്ലാ ദിവസവും വെള്ളം പമ്പ് ചെയ്യാനായിരുന്നു വാട്ടർ അഥോറിറ്റിക്ക് നിർദേശം നൽകിയിരുന്നത്. എന്നാൽ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസമാണ് വെള്ളം ലഭിക്കുന്നത്. പരിയാപുരം എസ്.എച്ച് കോൺവെന്റിലെ അന്തേവാസികളും സിസ്റ്റർമാരും ഉൾപ്പെടെയുള്ളവർ ദൈനംദിന ആവശ്യങ്ങൾക്കു വെള്ളം തികയാതെ കഷ്ടപ്പെടുകയാണ്. സമീപത്തെ ചോലയെയും ചെറുകിണറുകളെയുമാണ് ഇപ്പോൾ ആശ്രയിക്കുന്നത്. എന്നാൽ വേനൽ കടുക്കുന്നതോടെ ഇവിടങ്ങളിൽ ജലക്ഷാമം രൂക്ഷമാകും. നീരുറവ വറ്റാത്ത കോൺവെന്റിലെ വലിയ കിണറാണ് വീണ്ടെടുപ്പ് അസാധ്യമായ വിധം നാശം നേരിട്ടു കൊണ്ടിരിക്കുന്നത്. ഇതിലെ വെള്ളം കൃഷിക്ക് പോലും ഉപയോഗിക്കാൻ കഴിയില്ല. ഓയിൽ കമ്പനിക്കാർ പലപ്പോഴായി എത്തി കിണറുകൾ ശുദ്ധീകരിക്കുന്നുണ്ടെങ്കിലും അതിനിരട്ടി ഡീസൽ വീണ്ടും കിണറുകളിൽ കിനിയുകയാണ്. കുഴൽക്കിണറുകളുടെ വെള്ളം ശുദ്ധീകരിക്കാനും നടപടിയായിട്ടില്ല. ആയിരം രൂപയോളം ചെലവഴിച്ചു വാഹനത്തിൽ വെള്ളം എത്തിച്ചാണ് പലരും കുടിവെള്ളത്തിന് വഴി തേടുന്നത്. പ്രശ്‌നത്തിനു ഉടൻ പരിഹാരം കാണണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.